ഇവരാണ് ഇ ലേണിംഗിലെ ചുണക്കുട്ടികള്‍!
ലോക്ക്ഡൗണ്‍ കാലത്ത് ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ സ്മാര്‍ട്ടായി ഉപയോഗിച്ച വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമുണ്ട്. എന്നാല്‍ അക്കാലത്ത് കോളെജ് വിദ്യാര്‍ത്ഥികളായ മൂന്ന് ചുണക്കുട്ടികള്‍ സഞ്ചരിച്ചത് വേറിട്ട വഴിയിലൂടെയാണ്. അവര്‍ മികച്ചൊരു ഇ ലേണിംഗ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ പത്തുമടങ്ങിലേറെ കുട്ടികള്‍ക്ക് നൈപുണ്യ വികസന, സംരംഭകത്വ പരിശീലനം നല്‍കി. സ്വന്തം സംരംഭത്തെ യുണൈറ്റഡ് നേഷന്‍സിന്റെ യു എന്‍ സസ്‌റ്റെയ്‌നബ്ള്‍ ഡെവലപ്‌മെന്റ് ഗോള്‍ പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു!
അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) ഒന്നാം വര്‍ഷ എം ബി എ വിദ്യാര്‍ത്ഥിയായ അക്ഷയ് സുനില്‍, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫൈറൂസ് ജഹാന്‍ മുഹമ്മദ് ഇക്ബാല്‍, ഇവര്‍ ഇരുവരുടെയും ഹോസ്റ്റര്‍ മേറ്റും എം സി എ വിദ്യാര്‍ത്ഥിയുമായ ദിപിന്‍ ജോസുമാണ് ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഇ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ നൈപുണ്യ വികസന, സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മൂവരും സംരംഭത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല. നൈപുണ്യ വികസന, സംരംഭകത്വ പരിശീലന രംഗത്തെ സാധ്യതകളാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. ''നമ്മുടെ കോളെജുകളിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ പോലും ലിങ്ക്ഡ് ഇന്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ എക്കൗണ്ടുണ്ടാവില്ല. പ്രൊഫഷണലായ ഒരു നെറ്റ് വര്‍ക്കിംഗ് അവര്‍ നടത്തുന്നുണ്ടാവില്ല. പഠിച്ചതുകൊണ്ട് മാത്രം ജോലി ലഭിക്കില്ല. അതിനുള്ള സ്‌കില്‍ കൂടി വേണം. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചേക്കും. പക്ഷേ ഗ്രാമീണ മേഖലയിലെ മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ പോലും പിന്തള്ളി പോകാറുണ്ട്. നൈപുണ്യ വികസനത്തിലെ ഈ വിടവ് ടെക്‌നോളജി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എങ്ങനെ നികത്താം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത,'' അക്ഷയ് സുനില്‍ പറയുന്നു.
ബിരുദപഠനകാലത്ത് 'പിക്ക് എ ബൈറ്റ്' എന്ന ഫുഡ് ഡെലവറി ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ശ്രദ്ധേയനായ സംരംഭകനാണ് അക്ഷയ് സുനില്‍. പിന്നീട് ഈ സ്റ്റാര്‍ട്ടപ്പ മറ്റൊരു കമ്പനി ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി സംരംഭകത്വ പരിശീലന ക്ലാസുകളും അക്ഷയ് സുനില്‍ നല്‍കിയിട്ടുണ്ട്.
ഇ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ പിറവി
ബിസിനസ് കുടുംബ പശ്ചാത്തലമുള്ള ഫൈറൂസും ടെക്‌നോളജിയില്‍ അറിവുള്ള ദിപിനും സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങി പരിചയമുള്ള അക്ഷയും ചേര്‍ന്ന് അങ്ങനെ മാര്‍ച്ചില്‍ 'കനെക്‌സ്365' (Conex365) എന്ന സംരംഭത്തിന് തുടക്കമിട്ടു. നൈപുണ്യ വികസനം, സംരംഭകത്വ പരിശീലനം എന്നിവയില്‍ താരതമ്യേന കുറഞ്ഞ ഫീസില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പരിശീലനം നല്‍കാനുള്ള ഇ ലേണിംഗ് പ്ലാറ്റ്‌ഫോമിനെ ഇവര്‍ സ്റ്റുഡന്റ്‌സ് കമ്യുണിറ്റികളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിചിതമാക്കി.
''തൊഴില്‍ തേടി നടക്കാതെ ഓരോരുത്തരെയും തൊഴില്‍ ദാതാക്കളാക്കാനും, തൊഴില്‍ തേടുന്നവരെ ഇന്‍ഡസ്ട്രിക്ക് വേണ്ടുന്ന വിധത്തില്‍ വൈദഗ്ധ്യമുള്ളവരാക്കാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്. കേരളത്തിലെയും ദേശീയ തലത്തിലെയും പ്രമുഖ കോര്‍പ്പറേറ്റുകളിലെ ഉന്നത പദവികള്‍ വഹിക്കുന്നവരും രാജ്യാന്തരതലത്തിലെ പ്രമുഖ സര്‍വകലാശാലയില്‍ നിന്നുള്ളവരും കനെക്‌സ് 365ല്‍ ഫാക്കല്‍റ്റികളായി വന്നു. തുടക്കത്തില്‍ നാല് പരിശീലകരായിരുന്നുവെങ്കില്‍ ഇപ്പോള്‍ 17ഓളം പേരുണ്ട്. പുതിയ കാലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനിവാര്യമായ സ്‌കില്ലുകളിലാണ് പരിശീലനം നല്‍കിയത്,'' കനെക്‌സ് 365 ന്റെ സാരഥികള്‍ പറയുന്നു.
ഇപ്പോള്‍ 1600 ലേറെ പേര്‍ കനെക്‌സ്365 പ്ലാറ്റ്‌ഫോം വഴി പരിശീലനം നേടിക്കഴിഞ്ഞു. കേരളത്തിലെ പല പ്രമുഖ കോളെജുകളിലെയും വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഉള്‍പ്പെടും. ''തുടക്കനാളുകളില്‍ ഞങ്ങള്‍ ഒക്ടോബറോടെ ആയിരം പേര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ജൂലൈ പത്തോടെ തന്നെ 1600 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സാധിച്ചു,'' അക്ഷയ് സുനില്‍ പറയുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാന്യമായ തൊഴിലിലൂടെ സാമ്പത്തിക വളര്‍ച്ച, പങ്കാളിത്ത പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യങ്ങള്‍ സ്വായത്തമാക്കല്‍ തുടങ്ങി സുസ്ഥിര വികസനത്തിന് യുഎന്‍ നിര്‍ദേശിക്കുന്ന ലക്ഷ്യങ്ങളാണ് കനെക്‌സ് കണ്‍സള്‍ട്ടിംഗിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് അക്ഷയ് സുനില്‍ പറയുന്നു.
ഒരു മാസം കൊണ്ട് ബ്രേക്ക് ഈവന്‍!
വിദ്യാര്‍ത്ഥികളാണെങ്കിലും സ്വന്തം സംരംഭത്തെ പ്രൊഫഷണലായി തന്നെയാണ് ഇവര്‍ നയിക്കുന്നത്. സംരംഭത്തിന്റെ ഓപ്പറേഷന്‍സ് വിഭാഗത്തിന് സംരംഭത്തിന്റെ സഹ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അക്ഷയ് സുനില്‍ നേതൃത്വം നല്‍കുമ്പോള്‍ കോര്‍പ്പറേറ്റ് റിലേഷന്‍സ്, കമ്യൂണിക്കേഷന്‍ വിഭാഗത്തിന് സാരഥ്യം നല്‍കുന്നത് ഫൈറൂസാണ്. ദിപിനാണ് ടെക്, വെബ് സര്‍വീസ് വിഭാഗത്തിന്റെ മേധാവി.
മാര്‍ച്ച് മാസം മുതല്‍ മെയ് വരെ കനെക്‌സില്‍ പരിശീലനം സൗജന്യമായിരുന്നു. പിന്നീടാണ് ഫീസ് ഏര്‍പ്പെടുത്തിയത്. ഒരു മാസം കൊണ്ട് സംരംഭത്തിനായി നടത്തിയ നിക്ഷേപം തിരിച്ചുപിടിക്കാനും സാധിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline