നഷ്ടപ്പെടും മുമ്പേ ജോലി മാറണോ? പുതിയ ജോലി ലഭ്യമാണോ? ഇതാ കോവിഡ് കാലത്ത് ജീവനക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

കോവിഡിനു ശേഷം തൊഴിലാളികള്‍ നേരിടുന്നത് വലിയ വെല്ലുവിളികള്‍ തന്നെയാവും. ഇതു വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെയാകും കടന്നു പോകേണ്ടി വരിക. നിങ്ങളില്‍ ഉയര്‍ന്നു വന്നേക്കാവുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഇതാ….

ശമ്പളം വെട്ടിക്കുറച്ചാല്‍ വേറെ ജോലി നോക്കണോ?

എടുത്തു ചാടി ഒന്നും ചെയ്യരുത്. കാത്തിരിക്കുക. അടുത്ത അപ്രൈയ്‌സല്‍ വരെ കാത്തിരിക്കാം. കമ്പനി നിങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് തോന്നിയാല്‍ മറ്റു ജോലികളെ കുറിച്ച് ആലോചിക്കാം. ആ സമയത്ത് നിങ്ങളുടെ സ്‌കില്‍ വര്‍ധിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യാം. ചിലപ്പോള്‍ കൂടുതല്‍ ശമ്പളമുള്ള ജോലി നേടാന്‍ അത് നിങ്ങളെ സഹായിക്കും.

നഷ്ടപ്പെടും മുമ്പേ ജോലി വിടണോ?

കമ്പനി തൊഴിലാളികളെ പിരിച്ചു വിടലിലേക്കാണ് നീങ്ങുന്നതെങ്കില്‍ മറ്റു സാധ്യതകള്‍ നോക്കിയേ മതിയാകൂ. നിങ്ങള്‍ ജോലി ചെയ്യുന്ന അതേ മേഖലയില്‍ മറ്റു കമ്പനികളെ സമീപിക്കാം. പിരിച്ചു വിടപ്പെടുന്നതിനു മുമ്പു തന്നെ മറ്റൊരു ജോലി നേടിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശമ്പളം ആവശ്യപ്പെടാനാകും. എന്തായാലും അത്യാവശ്യകാര്യങ്ങള്‍ക്കായി ഒരു ഫണ്ട് കണ്ടെത്തി വെക്കാന്‍ മറക്കേണ്ട. പെട്ടെന്നൊരു ജോലി ലഭിച്ചില്ലെങ്കിലും പിടിച്ചു നില്‍ക്കാന്‍ അത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തില്‍ പുതിയ ജോലി ലഭ്യമോ?

നിങ്ങള്‍ ജോലി ചെയ്യുന്ന സാഹചര്യത്തിനനുസരിച്ചിരിക്കും അത്. ചില കമ്പനികള്‍ ഇപ്പോഴും പുതിയ ആളുകളെ എടുക്കുന്നുണ്ട്. ആരോഗ്യ മേഖല, ഐറ്റി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മേഖലകള്‍ ഉദാഹരണം. മറ്റു മേഖലകളിലെ ചില കമ്പനികളും ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്തുക. വിവിധ മേഖലകളിലെ റിക്രൂട്ടേഴ്‌സുമായും എച്ച് ആര്‍ ആളുകളുമായും ബന്ധപ്പെടുക.

അനിശ്ചിത കാല അവധിയാണ്, ശമ്പളവുമില്ല
നിങ്ങള്‍ നിലവിലുള്ള കമ്പനിയില്‍ ഏറെ നാളായി ജോലി ചെയ്യുന്ന ആളാണെങ്കില്‍ മൂന്നു നാലു മാസം കൂടി കാത്തിരിക്കുക. സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ നിങ്ങളെ തിരിച്ചെടുക്കാം. സാഹചര്യങ്ങള്‍ മാറുന്നില്ലെങ്കില്‍ പുതിയ ജോലിയെ കുറിച്ച് അന്വേഷിക്കാം.

ജോലി കിട്ടി, പക്ഷേ ജോലിയില്‍ പ്രവേശിപ്പിച്ചില്ല

സാഹചര്യങ്ങള്‍ മനസ്സിലാക്കി കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കാം. ചിലപ്പോള്‍ പ്രത്യേക സാഹചര്യത്തില്‍ കമ്പനിക്ക് കൂടുതല്‍ പേരെ പെട്ടെന്ന് ജോലിക്കെടുക്കാന്‍ സാധ്യമാകാത്ത സ്ഥിതിയാവാം. പുതിയ തൊഴിലാളികളെ കണ്ടെത്താനായി കമ്പനി ഇന്റര്‍വ്യൂവിനും മറ്റുമായി വലിയ തുക മുടക്കിയിട്ടുണ്ടാകുമെന്നതിനാല്‍ വീണ്ടും പുതിയവരെ കണ്ടെത്താം എന്ന് കരുതാനിടയില്ല. നിലവിലെ പട്ടികയില്‍ നിന്നു തന്നെയാവും നിയമനം നടത്തുക. എന്നാല്‍ കമ്പനിക്ക് പുതിയ ആളുകളെ എടുക്കാനാവാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് മറ്റൊരു ജോലി അന്വേഷിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it