ലോക്ഡൗണ്‍ ദിനങ്ങള്‍ വെറുതെ കളയരുതേ; വിവിധ കോഴ്‌സുകള്‍ പഠിക്കാനുള്ള 5 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിതാ

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പലരും വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെയും വര്‍ക്ക് ഫ്രം ഹോം കഴിയാത്തവരുടെയുമെല്ലാം കാര്യം വളരെ കഷ്ടമാണ്. പെട്ടെന്നൊരു ദിവസം കൂട്ടിലടയ്ക്കപ്പെട്ടത് പോലെയാണ് പലരുടെയും മാനസികാവസ്ഥ. ഒന്നും ചെയ്യാനാകാതെ ഭക്ഷണം കഴിച്ചും ടിവി കണ്ടും ഉറങ്ങിയും കളയാനാണോ ഈ വിലപ്പെട്ട നാളുകളിലെ പ്ലാന്‍. മറ്റെന്ത് ചെയ്യാന്‍ എന്നല്ലേ. ഇഷ്ടമുള്ള സ്‌കില്‍ വളര്‍ത്താനും വിവിധ കോഴ്‌സുകള്‍ പഠിക്കാനും നമുക്ക് നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് സജ്ജമാണ്. ഇതാ നിങ്ങള്‍ക്ക് സ്‌കില്‍ വളര്‍ത്താന്‍ സഹായകമാകുന്ന അഞ്ച് ഓണ്‍ലൈന്‍ ഇടങ്ങളെ പരിചയപ്പെടുത്താം.

അപ്ഗ്രാഡ് ( UgGrad)

വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമാണിത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പ്രോഡക്റ്റ് മാനേജ്‌മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ്, ഡേറ്റ അനലിറ്റിക്‌സ്, ഡേറ്റ ഡ്രിവന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ ടെക്‌നോളജി മാനേജ്‌മെന്റ് എ്‌നനിവയിലെ എല്ലാം ഒരു പ്രോഗ്രാം നിര തന്നെ ഇതില്‍ ലഭ്യമാണ്. നിങ്ങള്‍ വിദ്യാര്‍ത്ഥി ആണെങ്കിലും പ്രൊഫഷണലാണെങ്കിലും പ്രാക്റ്റിക്കലും തിയററ്റിക്കലുമായ ഡേറ്റ സയന്‍സ് അറിവുകള്‍ക്ക് ഇത് നിങ്ങളെ സഹായിക്കും. പ്രൊഫഷണലുകള്‍ക്കാണെങ്കില്‍ ഓപ്പണ്‍ സോഴ്‌സ് ടൂളുകളും ലൈബ്രറികളും, ഡേറ്റ ബേസുകള്‍, SQL, ഡേറ്റ വിഷ്വലൈസേഷന്‍, ഡേറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ് എന്നിവ പഠിക്കാനുള്ള അവസരവും ഈ പ്ലാറ്റ്‌ഫോം നല്‍കുന്നു.

ഉഡാസിറ്റി (Udactiy)

ഒരു ഗ്ലോബല്‍ ലൈഫ്‌ലോംഗ് ലേണിംഗ് പ്ലാറ്റ് ഫോമായ ഉഡാസിറ്റി, വിദ്യാര്‍ത്ഥികളെ അവരുടെ കരിയറില്‍ അവശ്യമായി വരുന്ന സ്‌കില്ലുകളെ മിനുക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ്. സെല്‍ഫ് ഡ്രൈവിംഗ് കാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ഡേറ്റ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി ഒരു ഓണ്‍ലൈന്‍ കോഴ്‌സ് സിരീസ് തന്നെ ഇതിലുണ്ട്. എടി&ടി , ഗൂഗ്ള്‍, ബെന്‍സ്, NVIDIA തുടങ്ങിയ വിവിധ എപ്ലോയര്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉഡാസിറ്റി നാനോ ഡിഗ്രി പ്രോഗ്രാമുകളുടെ ഏറ്റവും മികച്ച ഓപ്ഷനാണ്. കാലിഫോര്‍ണിയയിലെ മൗണ്ടെന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്രൈവറ്റ് ഫണ്ടഡ് കമ്പനിക്ക് ഇന്ത്യയെക്കൂടാതെ ചൈന, ഈജിപ്റ്റ്, ജെര്‍മനി, യുഎഇ എന്നിവിടങ്ങളിലും പ്രവര്‍ത്തനമുണ്ട്. ബ്രെറ്റ്ല്‍സ്മാന്‍, ആന്‍ഡ്രേസണ്‍ ഹോറോവിറ്റ്‌സ്, ചാള്‍സ് റിവര്‍ വെഞ്ചേഴ്‌സ്, ഡ്രൈവ് ക്യാപിറ്റല്‍ എന്നിവരൊക്കെയാണ് ഉഡാസിറ്റിയുടെ ഇന്‍വെസ്റ്റേഴ്‌സ്.

ഷൈന്‍ ലേണിംഗ് (Shine Learning)

ഇന്ത്യയുടെ ഏറ്റവും വലിയ കരിയര്‍ സ്‌കില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ഷൈന്‍ ലേണിംഗ്. മാറി വരുന്ന വിപണിക്കൊപ്പം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ പ്രൊഫഷണലായി ഒരുക്കാന്‍ ഷൈന്‍ ഡോട്ട് കോം ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം അവര്‍ തന്നെ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം വഴിയാണ് ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ ബയോഡേറ്റ നോക്കി ഏത് തരം സ്‌കില്‍ ആണ് ഉപയോഗപ്പെടുക എന്ന് കണ്ടെത്തി നിര്‍ദേശം നല്‍കുന്നത്. സെയ്ല്‍സ് & മാര്‍ക്കറ്റിംഗ്, ഐടി സോഫ്‌റ്റ്വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിഗ് ഡേറ്റ, ഡേറ്റ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വിവിധങ്ങളായ പ്രോഗ്രാമുകളാണ് ഇത് നല്‍കുന്നത്. ജോലി ചെയ്യുന്നവര്‍ക്കും സ്‌കില്‍ വളര്‍ത്താനുള്ള വിവിധ കോഴ്‌സുകള്‍ ചെയ്യാനായി സമയക്രമീകരണവും ഇതില്‍ ചെയ്തിരിക്കുന്നുവെന്നതിനാല്‍ ആര്‍ക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം.

കോഴ്‌സെറ (Coursera )

മൂക് എന്നറിയപ്പെടുന്ന 'മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍' (MOOC), സ്‌പെഷലൈസേഷനുകള്‍, വിവിധ ഡിഗ്രികള്‍ എന്നിവ പ്രദാനം ചെയ്യുന്ന ഓണ്‍ലൈന്‍ സ്റ്റഡി പ്ലാറ്റ്‌ഫോമാണിത്. വിവിധ സര്‍വ്വകലാശാലകള്‍, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഴ്‌സെറ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌പെഷലൈസേഷനുകള്‍, എന്‍ജിനീയറിംഗ്, മെഷിന്‍ ലേണിംഗ്, ഗണിതം, ബിസിനസ്, കംപ്യൂട്ടര്‍ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഹ്യുമാനിറ്റീസ്, മെഡിസിന്‍, ബയോളജി, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വ്യത്യസ്തങ്ങളായ വിഷയങ്ങളിലെ ഡിഗ്രികള്‍ എന്നിവ സാധ്യമാക്കുന്നു.

സിംപ്ലി ലേണ്‍ (Simplilearn)

സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ഓണ്‍ലൈനിലൂടെ സാധ്യമാക്കുന്ന ലോകത്തിലെ തന്നെ വലിയ പ്ലാറ്റ്‌ഫോമാണിത്. സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡേറ്റ സയന്‍സ് എന്നിവയിലെല്ലാം സിംപ്ലിലേണ്‍ കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്നു. ജോലി ലഭിക്കാന്‍ ഉതകുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളാണിവരുടെ പ്രത്യേകത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it