ജോബ് ഇന്റര്‍വ്യൂകള്‍ പോലും ഡിജിറ്റലായി! ഓണ്‍ലൈന്‍ വീഡിയോ മീറ്റിംഗുകളില്‍ ഈ 5 കാര്യങ്ങള്‍ മറക്കല്ലേ
ഓഫീസ് മീറ്റിംഗുകള്‍, ജോബ് ഇന്റര്‍വ്യൂകള്‍, സെമിനാര്‍ പ്രസന്റേഷനുകള്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈന്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡിന് ശേഷം ഇതൊരു ന്യൂ നോര്‍മല്‍ തന്നെയാണ് ലോകം മുഴുവനുമുള്ളവര്‍ക്ക്. പ്രത്യേകിച്ച് കേരളീയര്‍ക്ക്. എന്നാല്‍ ഈ ഡിജിറ്റല്‍ സ്‌പേസിലേക്ക് വീട്ടിലെ ശബ്ദകോലാഹലങ്ങള്‍ കയറിവരുന്നത് മുതല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വരെ നിങ്ങളെ പല തരത്തില്‍ കുരുക്കിലാക്കും. സമൂഹത്തില്‍ സാമൂഹ്യ മര്യാദകള്‍ എന്നപോലെ ഡിജിറ്റല്‍ മീറ്റിംഗുകളില്‍ മറക്കാതെ പാലിക്കേണ്ട ഡിജിറ്റല്‍ മര്യാദകള്‍ നോക്കാം.
കേള്‍ക്കുന്നില്ലേ…..??????
"കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്….കേള്‍ക്കുന്നില്ലാ…കേള്‍ക്കുന്നില്ലേ…."ഈ അവസ്ഥയാണ് ഇന്ന് വര്‍ക് ഫ്രം ഹോം ചെയ്യുന്ന പല പ്രൊഫഷണലുകളുടെയും അവസ്ഥ. സിനിമയിലെ ഈ തമാശ രംഗം നമ്മള്‍ ഇന്നും ആസ്വദിക്കുന്നു. എന്നാല്‍ അത് ജീവിതത്തില്‍ അത്ര ആസ്വാദ്യകരമാകില്ല. പ്രത്യേകിച്ച് ഔദ്യോഗിക ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍. മീറ്റിംഗ് തുടങ്ങും മുമ്പ് റേഞ്ച്, കണക്ടിവിറ്റി എന്നിവ പരിശോധിക്കുന്നത് നിങ്ങളുടെ മര്യാദയുടെ ഭാഗമാണ്. റേഞ്ച് പ്രശ്‌നം ഉണ്ടെങ്കില്‍ മീറ്റിംഗിനു മുമ്പ് അറിയിക്കുക. മീറ്റിംഗ് തുടങ്ങി അയാളുടെ സമയം കളയരുത് എന്നതാണ് നിങ്ങള്‍ നല്‍കേണ്ട ബഹുമാനം. അതുപോലെ തന്നെ മുറിയടച്ചിട്ട് മറ്റു ശബ്ദങ്ങള്‍ അകത്തേക്ക് പ്രവേശിക്കാതെ പരമാവധി നിങ്ങളുടെ ഇരിപ്പിടം ക്രമീകരിക്കുക. വീട്ടിലുള്ളവരെ മീറ്റിംഗിനെ കുറിച്ച് നേരത്തെ അറിയിക്കുകയും വേണം.
വിഷ്വല്‍ അപ്പീല്‍
ഓഹ് ! വീടല്ലേ, എന്ത് ഒരുക്കം എന്നു കരുതരുത്. നിങ്ങള്‍ പുറത്ത് പോയി മീറ്റിംഗിന് പ്രവേശിക്കുമ്പോള്‍ ആദ്യം നിങ്ങളെ വിലയിരുത്തുക നിങ്ങളുടെ വേഷത്തിലും വൃത്തിയിലൂടെയുമാണ്. അത് പോലെ ഡിജിറ്റല്‍ മീറ്റിംഗില്‍ നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടിനെയും ശ്രദ്ധിക്കണം. ഒരു അടുക്കും ചിട്ടയും ഉള്ള ഒതുങ്ങിയ വൃത്തിയുള്ള സ്ഥലത്ത് കംപ്യൂട്ടറും മറ്റും സെറ്റ് ചെയ്യുക. അവിടെ പേഴ്‌സണല്‍ സാമഗ്രികള്‍ കാണപ്പെടരുത്. പേന, ഓര്‍ഗനൈസര്‍, കൂടിവന്നാല്‍ ഒരു ഫ്രഷ് ഫ്രളവര്‍ പോട്ട് അതുമല്ലെങ്കില്‍ ഒരൊറ്റ ടേബ്ള്‍ ഡേക്കറേഷന്‍. മറ്റെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ളവ മാത്രം. ഇവ വൃത്തിയായി അടുക്കി വയ്ക്കുക. നിങ്ങളുടെ മുഖം കാണുന്ന രീതിയില്‍ ലൈറ്റ് ക്രമീകരിക്കണം. ഒഫിഷ്യല്‍ മീറ്റിംഗ് അല്ലേ. ഷൂ, സോക്‌സ് എന്നിവ ഒഴിച്ച് ഔദ്യോഗിക വേഷമാകാം. (പാന്റ് നിര്‍ബന്ധം). മുടി ചീകി വൃത്തിയാക്കി ഓഫീസില്‍ പോകും പോലെ തന്നെ മീറ്റിംഗില്‍ പ്രത്യക്ഷപ്പെടുക.
കൈ ഉയര്‍ത്താം
ഓഫീസിലെ എല്ലാ ജീവനക്കാരും ചേര്‍ന്നുള്ള മീറ്റിംഗ്, അതും പല സ്ഥലങ്ങളില്‍ ഇരുന്നാകുമ്പോള്‍ ഒരേ സമയം സംസാരിക്കാനും ആരും പറയുന്നത് വ്യക്തമല്ലാതെ ആകാനും ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍ കൈ ഉയര്‍ത്തുകയോ എന്തെങ്കിലും പ്രത്യേക റിക്വസ്റ്റ് നടത്തുകയോ ചെയ്തിട്ടു മാത്രം അഭിപ്രായം പറയണം എന്നു ജീവനക്കാരെ മീറ്റിംഗിന്റെ തുടക്കത്തിലേ അറിയിക്കുക. അഥവാ നിങ്ങളാണ് മീറ്റിംഗില്‍ ഒരു പങ്കാളിയെങ്കില്‍ നിങ്ങള്‍ അത്തരം മാന്യമായ ഇടപെടല്‍ നടത്തുക. സംസാരിക്കാനുള്ളപ്പോള്‍ കൈ ഉയര്‍ത്താം, പുഞ്ചിരിക്കാം. ഇല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതിനോടുള്ള നിങ്ങളുടെ വിയോജിപ്പായി ചിലര്‍ക്ക് അനുഭവപ്പെട്ടേക്കാം.
ചുരുക്കി പറയുക
കേരളത്തില്‍ ഇപ്പോളാണ് സൂം മീറ്റിംഗും വാട്‌സാപ്പ് വിഡിയോ കോണ്‍ഫറന്‍സിംഗും ഗൂഗ്ള്‍ ഡ്യുയോയുമൊക്കെ ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ സാധാരണ വര്‍ത്തമാനം പറയും പോലെ മീറ്റിംഗുകളില്‍ പലരും വാചാലരാകും. എന്നാല്‍ ഇത് പാടില്ല. മറ്റുള്ളവരുടെ സമയ , ഡേറ്റ ഇവയെല്ലാം പ്രധാനമാണ്. നിങ്ങള്‍ക്കു പറയാനുള്ള കാര്യം ഒരു ചെറു നോട്ട് തയ്യാറാക്കി നേരത്തെ വയ്ക്കാം. പോയ്ന്റുകള്‍ കുറിച്ചു വയ്ക്കാം. പിന്നീട് സംസാരിക്കേണ്ടവയാണെങ്കില്‍ അവ കുറിച്ച് വച്ചാല്‍ മെയ്ല്‍, ഫോണ്‍ കോള്‍ എന്നിവ വഴിയും ആശയവിനിമയം നടത്താമല്ലോ. ഔദ്യോഗിക മീറ്റിംഗ് ഔദ്യോഗികമായി തന്നെ നിലനിര്‍ത്തുക. സ്വകാര്യ സംഭാഷണങ്ങള്‍ ഒഴിവാക്കണം.
ചെറിയ ബ്രേക്ക്, വളരെ ചെറുത്
നീണ്ട സംഭാഷണങ്ങള്‍ക്കിടയില്‍ ഡോര്‍ ബെല്‍ ആരെങ്കിലും അടിക്കുകയോ നിങ്ങളുടെ കുട്ടികളോ, വളര്‍ത്തു മൃഗങ്ങളോ കടന്നു വരികയോ ചെയ്താല്‍, വളരെ സത്യസന്ധമായി 'എക്‌സ്‌ക്യൂസ്മി' പറഞ്ഞ്, വളരെ കുറച്ച് സമയത്തില്‍ അവ പരിഹരിച്ച് തിരികെയെത്തുക. കുടിക്കാനുള്ള വെള്ളം എപ്പോളും അടുത്ത് കരുതുക. ഫ്രഷ് ആയി തന്നെ മീറ്റിംഗില്‍ ഇരിക്കുക. അത്തരം കാര്യങ്ങളില്‍ ഒഴിവു പറയാനിടവരുത്തരുത്. ഫാന്‍, എസി എന്നിവ നേരത്തെ ക്രമീകരിക്കുക.
ജോബ് ഇന്റര്‍വ്യൂ ആണെങ്കില്‍
- ഇന്റര്‍നെറ്റ് കണക്ടിവിറ്റി പരിശോധിക്കുക
- ബാക്ക്ഗ്രൗണ്ട് പ്ലെയ്ന്‍ അഥവാ അലങ്കോലങ്ങളില്ലാത്ത സ്ഥലത്ത് ഫ്രെയിം ക്രമീകരിക്കുക.
- ജോലി സ്ഥലത്ത് പോകുന്നത് പോലെ റെഡിയായി ഇരിക്കുക.
- മറ്റു ശല്യങ്ങള്‍ ഇല്ല എന്നുറപ്പ് വരുത്തുക.
- നോട്ട്‌സ്, പേന, സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ അടുത്തു വയ്ക്കുക.
- വാട്‌സാപ്പും മറ്റും ഓഫ് ചെയ്തു വയ്ക്കുക.
- ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുക.
- മിതമായി സംസാരിക്കുക.
- ശരീര ഭാഷ ശരിയാക്കാന്‍ കണ്ണാടിക്ക് മുന്നില്‍ മോക്ക് ചെയ്തു നോക്കുക.
- ശുഭാപ്തി വിശ്വാസത്തോടെ, മിതമായി മന്ദഹസിച്ച് സംസാരിക്കുക.
- അവിടെയും ഇവിടെയും നോക്കാതെ അഭിമുഖങ്ങളിലെ ഐ കോണ്‍ടാക്റ്റ് പോലെ സ്‌ക്രീന്‍ കോണ്‍ടാക്റ്റ് നിലനിര്‍ത്തുക.
- കാഷ്വല്‍ ആയി സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പകരം 'സിംപിള്‍' ആക്കുക.
- എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ കൈകള്‍ ഉയര്‍ത്തുക. "Excuse me sir/madam …May I ??" എന്നു പറയുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline