

ബാങ്ക് വായ്പയെടുത്താണെങ്കിലും വിദേശത്ത് പഠിക്കാന്‍ പോകുന്നത് എളുപ്പമായിരുന്ന കാലം അസ്തമിച്ചു തുടങ്ങിയോ? അമേരിക്കയിലോ കാനഡയിലോ എതെങ്കിലുമൊരു കോഴ്സിന് ചേര്‍ന്ന് അവിടെ ജോലി ശരിയാക്കാമെന്ന പഴയ വിദ്യയൊന്നും ഇനി ഫലിക്കില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും കാനഡയുമെല്ലാം വിസ നിയമം കടുപ്പിക്കാന്‍ തുടങ്ങി. പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദിക്കാമെന്നും ഭാവിയില്‍ അവിടെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാമെന്നുമുള്ള മലയാളി യുവ തലമുറയുടെ മോഹങ്ങള്‍ക്ക് മേല്‍ ഇരുള്‍ വീഴുകയാണ്. പുറമെ, ഇരുട്ടടിയായി രൂപയുടെ മൂല്യത്തകര്‍ച്ചയും.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ നൂറുകണക്കിന് പേരെ അമേരിക്കന്‍ യുദ്ധവിമാനത്തില്‍ പഞ്ചാബില്‍ കൊണ്ടു വന്നിറക്കിയത് മാറുന്ന നിയമങ്ങളുടെ സൂചനയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ, അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്രവേഗത്തില്‍ നീങ്ങുമെന്ന് ആരും കരുതിയില്ല. കാനഡ വഴി യുഎസിലേക്ക് കടന്ന അനധികൃത വിദേശികളെയെല്ലാം പുറത്താക്കാന്‍ കര്‍ശന നടപടിയാണ് അമേരിക്ക എടുത്തു വരുന്നത്. അതോടൊപ്പം, അമേരിക്കക്ക് ആവശ്യമുള്ള പ്രൊഫഷണലുകള്‍ മാത്രം വന്നാല്‍ മതിയെന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. സ്റ്റുഡന്റ് വിസക്കുള്ള അപേക്ഷകളില്‍ കര്‍ശന പരിശോധനയും തൊഴില്‍ വിസകളില്‍ നിയന്ത്രണവുമാണ് ഇപ്പോള്‍ യുഎസില്‍ നടക്കുന്നത്. ഇത് രണ്ടും, ജോലി എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് വിമാനം കയറുന്ന മലയാളികള്‍ക്ക് തിരിച്ചടിയാണ്.
കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. എമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിച്ചതോടെ കാനഡയില്‍ പഠിക്കുന്നവരും ഇനിയും പോകാനാരിക്കുന്നവരും ആശങ്കയിലാണ്. വര്‍ക്ക് പെര്‍മിറ്റുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കല്‍, പുതിയ വിസകളില്‍ കര്‍ശന പരിശോധന, അനധികൃത താമസക്കാരെ തിരിച്ചയക്കല്‍ തുടങ്ങിയ നടപടികളിലേക്കാണ് കാനഡ കടക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. '' ജര്‍മനിയിലേക്ക് മകന് സ്റ്റുഡന്റ് വിസക്കായി അപേക്ഷ നല്‍കിയിട്ട് മൂന്നു മാസമായി. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എത്ര കാലം കാത്തിരിക്കേണ്ട വരുമെന്ന് അറിയില്ല.' തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലുള്ള രക്ഷിതാവ് പ്രസാദ് പറയുന്നു.
യുകെയില്‍ നിശബ്ദമായി നടക്കുന്ന ചട്ടമാറ്റങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്‍മാര്‍ എടുക്കാന്‍ തയ്യാറാകാത്ത ജോലികള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ഇതോടെ മികച്ച വരുമാനമുള്ള ജോലികളെല്ലാം അപ്രാപ്യമായി. കെയര്‍ ഹോം ജോലികളാണ് പ്രധാനമായും തുറന്നിരിക്കുന്നത്. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലിയെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നടപടികളും നേരിടേണ്ടി വരുന്നുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാക്കി, ഗ്രാജ്വേറ്റ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കണമെങ്കില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വേണമെന്ന നിയമമാണ് യുകെയില്‍ വരുന്നത്. '' തൊഴില്‍ അവസരങ്ങളെ കുറിച്ച് മനസിലാക്കാതെ എത്തിയവര്‍ ഏറെ പേര്‍ ഉണ്ട്. പലരും ജോലി കിട്ടാതെ വിഷമിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ശനമാകുകയാണ്.' ലണ്ടനില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സിയാദ് പറഞ്ഞു. 36,000-40,000 പൗണ്ടില്‍ കുറഞ്ഞ ശമ്പളമുള്ള ജോലി ചെയ്യുന്നവരെ പഠനത്തിന് ശേഷം തുടരാന്‍ അനുവദിക്കേണ്ടെന്ന നിയമം ബ്രിട്ടനില്‍ പരിഗണനയിലാണ്. ഇതും മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ നിലനില്‍പ്പിനെ ബാധിക്കും.
രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നതാണ് മറ്റൊരു പ്രതിസന്ധി. അമേരിക്കയില്‍ ഒരു വിദ്യാര്‍ഥിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ഒന്നര കോടി രൂപ ചെലവാക്കണം. ഇപ്പോള്‍ പഠനം തുടരുന്നവരില്‍ ഏറെയും ബാങ്ക് വായ്പയെടുത്ത് പോയവരാണ്. പലരുടെയും തിരിച്ചടവ് ഡോളറിലാണ്. രൂപ, ഒരു ഡോളറിന് 87.50 ല്‍ എത്തി നില്‍ക്കുമ്പോള്‍, വായ്പാ തിരിച്ചടവിന് കൂടുതല്‍ പണം കണ്ടെത്താന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള പാര്‍ട്ട് ടൈം ജോലി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. വിദ്യാര്‍ഥികളുടെ പഠന, താമസ ചെലവുകള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ടി വരുന്നുണ്ട്. മകളുടെ അമേരിക്കയിലെ പഠനത്തിന് ആറ് മാസം മുമ്പ് അയച്ചിരുന്നതിനേക്കാള്‍ 15,000 രൂപ വരെ ഇപ്പോള്‍ അയക്കേണ്ടി വരുന്നതായി വയനാട് സ്വദേശി ജോസഫ് പറയുന്നു. വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് പുറമെയാണിത്.
വിദേശ സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പ് ഉപയോഗപ്പെടുത്തി പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഏറെ കുറവാണെന്നാണ് ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള പ്രതികരണം. പഠനത്തിന് പൂര്‍ണമായും വായ്പയെ ആശ്രയിക്കുന്നത് ഭാവിയില്‍ രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കും. തിരിച്ചടവ് മുടങ്ങുന്നത് കുടൂതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശ കറന്‍സിയിലുള്ള വായ്പകള്‍ പരമാവധി ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. രൂപ ഇനിയും ഇടിയാനുള്ള സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ കോളേജ് ഫീസുകള്‍ അടച്ച് 'ഹെഡ്ജ്' ചെയ്യാവുന്നതുമാണ്.' ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടസി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
2023 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 2.7 ലക്ഷവും കാനഡയില്‍ 2.4 ലക്ഷവും യു.കെയില്‍ 1.6 ലക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. യുഎസിലും യുകെയിലും തൊഴില്‍ അവസരങ്ങളുടെ സ്വഭാവം മാറുകയാണെന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടസി സ്ഥാപനത്തില്‍ മാനേറായ കോഴിക്കോട് സ്വദേശി ജോര്‍ജ് പറയുന്നു.' മുമ്പ് പല കോഴ്സുകളിലേക്കും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തിരുന്നു. എന്നാല്‍ ഇതില്‍ ഏറെയും അവിടെ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞവയാണ്. പഠന സമയത്ത് എന്തെങ്കിലും ജോലി ചെയ്ത് വരുമാനമുണ്ടാക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ ജോലിയുടെ സ്വഭാവത്തില്‍ പല രാജ്യങ്ങളും നിയമം മാറ്റിയിട്ടുണ്ട്. യുകെയില്‍ ചുരുക്കം മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ അവസരമുള്ളത്. നഴ്‌സിംഗ് ജോലിക്ക് മാത്രമാണ് ഡിമാന്റ് കുറയാത്തത്.' ജോര്‍ജ് പറയുന്നു. പരമ്പരാഗത കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുക്കുന്നത് സാധ്യതകള്‍ കുറയ്ക്കുമെന്ന് യുകെയില്‍ ജോലി ചെയ്യുന്ന സിയാദ് പറയുന്നു. ഐടി മേഖലയില്‍ തന്നെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നിയമനമാണ് നടക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine