പാലായിലെ ഒരു പെരുന്നാള്‍ കാലത്ത് പള്ളിമുറ്റത്ത് ഗാനമേള നാടിനെ ഇളക്കിമറിക്കുമ്പോള്‍ ബഹളങ്ങളില്‍ നിന്ന് അല്‍പ്പം മാറിനിന്ന് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ സുഹൃത്തുക്കളായ ആ മൂന്ന് ചെറുപ്പക്കാര്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാനുള്ള ഒരു ജോലി എങ്ങനെ കണ്ടെത്താമെന്ന ചര്‍ച്ചയിലായിരുന്നു. അതില്‍ ഒരാള്‍ പാരലല്‍ കോളെജില്‍ അധ്യാപകനാണ്. മറ്റ് രണ്ടുപേര്‍ക്കുംഅവിടെ ജോലി ലഭിക്കാനുള്ള ഒഴിവുമില്ല. ''എങ്കില്‍ പിന്നെ നമുക്ക് സ്വന്തമായൊന്ന് തുടങ്ങിയാലോ?'' 22-23 വയസുള്ള ആ ചെറുപ്പക്കാരുടെ മനസില്‍ മുളപൊട്ടിയ ആശയത്തെ ഇന്ന് രാജ്യം മുഴുവന്‍ അറിയും. ബ്രില്യന്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്രില്യന്റ് സ്റ്റഡി സെന്റര്‍!
സെബാസ്റ്റ്യന്‍ ജി മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്. ഈ മൂവര്‍ സംഘം 400 രൂപ മാസ വാടകയുള്ള കെട്ടിടത്തില്‍ വിരലിലെണ്ണാവുന്ന കുട്ടികളുമായി ട്യൂഷന്‍ സെന്ററായി തുടക്കമിട്ട ബ്രില്യന്റ് സ്റ്റഡി സെന്റര്‍ രാജ്യത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ മുന്‍നിര സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. 2024ലെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് - യുജിയില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ ജില്ലകളില്‍ മൂന്നാംസ്ഥാനം കോട്ടയത്തിനായിരുന്നു. ഈ വിദ്യാര്‍ത്ഥികളെല്ലാം കോട്ടയത്തെമാത്രം കുട്ടികളല്ല. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും കോട്ടയത്തേക്ക് എത്തി പരിശീലനം നേടി പരീക്ഷ എഴുതിയവരാണ്. കോട്ടയത്തേക്ക് അവരെ ആകര്‍ഷിച്ചത് ഒന്നേയുള്ളൂ- ബ്രില്യന്റ് സ്റ്റഡി സെന്റര്‍. 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വാടകക്കെട്ടിടത്തില്‍ 1,500 രൂപ മൂലധനത്തില്‍ ഏതാനും വിദ്യാര്‍ത്ഥികളുമായി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഇന്ന് സൃഷ്ടിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയുമാണ്. തല്‍ക്കാലം പിടിച്ചുനില്‍ക്കാനുള്ള വഴിയായ ട്യൂഷന്‍ സെന്ററിന് തുടക്കമിട്ട ആ 'ചെറുപ്പക്കാര്‍' ഇന്നും ബ്രില്യന്റിന്റെസാരഥ്യത്തിലുണ്ട്; അതേ പാഷനോടെ, അതേ ചുറുചുറുക്കോടെ. നാല്‍പ്പത് വര്‍ഷമായി കരുത്തോടെ നില്‍ക്കുന്ന പാര്‍ട്ണര്‍ഷിപ്പ്!
പാലായ്ക്കടുത്ത് അരുണാപുരത്ത് സെന്റ് തോമസ് കോളെജിന്റെയും അല്‍ഫോണ്‍സ കോളെജിന്റെയും സമീപത്ത് ഒരു ചെറിയ മുറിയില്‍ നിന്നാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ തുടക്കം. ''ഞങ്ങള്‍ അവിടേക്ക് എത്തും മുമ്പ് ഒരു കംപ്യൂട്ടര്‍ സെന്ററായിരുന്നു അവിടെ. മേശകളും ബെഞ്ചുകളും കൂട്ടിയിട്ട്പൊ ടിയും മാറാലയും പിടിച്ചുകിടക്കുന്ന ചെറിയ മുറി. ഞങ്ങള്‍ മൂവരും വീടുകളില്‍ നിന്ന് 1,000 രൂപ വീതം വാങ്ങി. കടമുറി വിട്ടുകിട്ടാന്‍ ഉടമയ്ക്ക് 1,500 രൂപ അഡ്വാന്‍സ് നല്‍കി. ഞങ്ങള്‍ തന്നെ മുറിയില്‍ വെള്ളപൂശി വൃത്തിയാക്കി. കര്‍ട്ടനുകള്‍ വാങ്ങി മറച്ചുകെട്ടി ക്ലാസ് മുറികള്‍ സജ്ജമാക്കി. അവിടെ പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ സെന്ററിന്റെ പേര് ബ്രില്യന്റ് കംപ്യൂട്ടര്‍ സെന്റര്‍ എന്നായിരുന്നു. ആ ബോര്‍ഡിലെ കംപ്യൂട്ടര്‍ എന്നത് മാത്രം മായ്ച്ച് അവിടെ സ്റ്റഡി എന്നെഴുതി ബ്രില്യന്റ് സ്റ്റഡി സെന്റര്‍ എന്ന പേരിട്ട് ബോര്‍ഡും തൂക്കി,'' സ്റ്റീഫന്‍ ജോസഫ് ബ്രില്യന്റിന്റെ യാത്രയുടെ തുടക്കം പറയുന്നത് ഇങ്ങനെ. രണ്ടാം വര്‍ഷം ഫിസിക്‌സ് പഠിപ്പിക്കാന്‍ ഒരാളെ കൂടി വേണ്ടിവന്നു. മരങ്ങാട്ടുപള്ളിക്കാരനായ എംഎസ്‌സി ഫിസിക്‌സും ബി എഡ്ഡും നേടിയ സന്തോഷ് കുമാര്‍ അങ്ങനെയാണ് ബ്രില്യന്റിലേക്ക് എത്തുന്നത്.
''അധ്യാപകനായാണ് സന്തോഷ് സാര്‍ വന്നതെങ്കിലും ഞങ്ങള്‍ക്കൊപ്പം ചേരുന്നോ എന്ന് ചോദിച്ചപ്പോള്‍ കൂടെ നിന്നു. ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടികള്‍
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പഠിപ്പിക്കാമോയെന്ന് ചോദിച്ചപ്പോള്‍ അതും തുടങ്ങാമെന്ന് പറഞ്ഞത് സന്തോഷ് സാറാണ്. അങ്ങനെ ഞങ്ങള്‍ നാലുപേരായി. 1986ല്‍ എന്‍ട്രന്‍സ് പരിശീലനവും തുടങ്ങി. ആദ്യമായി ഞങ്ങളുടെ പരിശീലനത്തില്‍ എന്‍ട്രന്‍സ് എഴുതിയ പത്ത് പേരില്‍ നാല് പേര്‍ക്ക് എന്‍ജിനീയറിംഗും ഒരാള്‍ക്ക് മെഡിസിനും സീറ്റ് ലഭിച്ചു,'' ബ്രില്യന്റ് സാരഥികള്‍ നടന്ന വഴികള്‍ വിശദീകരിക്കുന്നു.
എന്‍ട്രന്‍സ് പരീക്ഷ പാസായ കുട്ടികളുടെ ഫോട്ടോകള്‍ സംഘടിപ്പിച്ച് നോട്ടീസുകള്‍ അടിച്ച് ഈ നാല്‍വര്‍ സംഘം തന്നെ സമീപത്തെ കോളെജുകളിലും മറ്റും വിതരണം ചെയ്തു. ഈ റിസള്‍ട്ട് തന്നെ കുട്ടികളെ ബ്രില്യന്റിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരുന്നു. പടിപടിയായി വളര്‍ച്ചയും തുടങ്ങി.
സിടി കൊട്ടാരം കോളെജ് വാടകയ്ക്കെടുത്ത് അങ്ങോട്ടേക്ക് പ്രവര്‍ത്തനം മാറ്റി. 2000ത്തോടെ മുത്തോലിയില്‍ സ്വന്തം ക്യാമ്പസിലേക്ക് മാറി.റിസള്‍ട്ടിനായി ഏതറ്റം വരെ പോകാനും നാലുപേര്‍ക്കും ഒരു മടിയുമില്ലായിരുന്നു. ''ഞങ്ങള്‍ എന്‍ട്രന്‍സ് പരിശീലനം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആ രംഗത്ത് പ്രഗത്ഭയായിരുന്ന ഗ്രേസി മത്തായി എന്ന റിട്ടയേര്‍ഡ് പ്രൊഫസറുമായി സംസാരിച്ചു. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതുകൊണ്ട് യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് അവര്‍ പറഞ്ഞു. ഞങ്ങളിലൊരാള്‍ അവരുടെ വീട്ടിലെത്തി ബസില്‍ കയറ്റി സെന്ററില്‍ കൊണ്ടുവന്ന് തിരിച്ചു വീട്ടില്‍ കൊണ്ടുവിടാമെന്ന ഉറപ്പില്‍ ആ പ്രശ്‌നം പരിഹരിച്ചു. അക്കാലത്ത് എന്‍ട്രന്‍സ് പരിശീലനത്തിനായി പ്രസിദ്ധീകരിക്കുന്ന എല്ലാ ഗൈഡുകളും വാങ്ങി ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങള്‍ എഴുതി തയാറാക്കി. അതാണ് പ്രൊഫ. ഗ്രേസി മത്തായി കുട്ടികളെ പഠിപ്പിച്ച് പരിശീലനം കൊടുത്തത്.'' മികച്ച ഫാക്കല്‍റ്റിയെ കണ്ടെത്താനും അവരെ ബ്രില്യന്റിലേക്കെത്തിക്കാനും അന്നേ മുതലുള്ള ശ്രദ്ധ ഇന്നുമുണ്ട്.
ഫാ. ആന്റണി നിരപ്പേല്‍ കാഞ്ഞിരപ്പള്ളിയിലേക്ക് ബ്രില്യന്റിനെ ക്ഷണിച്ചത് വലിയൊരു വഴിത്തിരിവായി. സ്‌കൂളിലെ പഠനത്തിനൊപ്പം എന്‍ട്രന്‍സ് പരിശീലനവും ലഭിച്ച കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയപ്പോള്‍ ബ്രില്യന്റ് ക്യാമ്പസിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങി. ഇതിനിടെ ബ്രില്യന്റിന്റെ സാരഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു. എസ്ഐ സെലക്ഷന്‍ കിട്ടിയ സെബാസ്റ്റ്യന്‍ ഒഴികെ മൂവരും ജോലിയില്‍ പ്രവേശിച്ചു. ജോര്‍ജും സ്റ്റീഫനും ഹൈസ്‌കൂള്‍ അധ്യാപകരായി. സന്തോഷ് കെഎസ്എഫ്ഇയിലും. പത്ത് വര്‍ഷത്തോളം സെബാസ്റ്റ്യന്‍ ബ്രില്യന്റിനെ നയിച്ചു. ജോലിയില്‍ നിന്ന് രാജിവെച്ച് പിന്നീട് മൂവരും തിരിച്ചെത്തുകയായിരുന്നു.
വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് കയറിയ ബ്രില്യന്റ് പിന്നീട് പ്രവര്‍ത്തനം വിപുലമാക്കി. മുത്തോലിയിലെ ക്യാമ്പസും വിശാലമായി. 2005ലെ കേരള എന്‍ജിനീയറിംഗ് പരീക്ഷയില്‍ ബ്രില്യന്റിലെ വിദ്യാര്‍ത്ഥി നിനോയ് ജോബ് കണ്ണമ്പള്ളി ഒന്നാം റാങ്ക് നേടി. 2009ല്‍ എയിംസ് പ്രവേശന പരീക്ഷയില്‍ ദേശീയ ഒന്നാം റാങ്ക് ബ്രില്യന്റിന്റെ വിദ്യാര്‍ത്ഥി ജെയ്ബന്‍ ജോര്‍ജിനും ലഭിച്ചു. ആ വര്‍ഷത്തെ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷിയിലെ ഒന്നാം റാങ്കും ജെയ്ബന്‍ ജോര്‍ജിനായിരുന്നു. ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ബ്രില്യന്റിലേക്ക് കുട്ടികളെ കൂട്ടത്തോടെ ആകര്‍ഷിച്ചു.
സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ശാഖകള്‍ തുറന്നു. ഇപ്പോള്‍ പാലായ്ക്ക് പുറമേ എറണാകുളം, കൊല്ലം, തിരുവനന്തപുരം, കോട്ടയ്ക്കല്‍, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബ്രില്യന്റ് സ്റ്റഡി സെന്ററുകളുണ്ട്. ഖത്തറിലും ഇന്റഗ്രേറ്റഡ് കോച്ചിംഗുമുണ്ട്. ദുബായില്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു.
പൂര്‍ണമായും ക്ലാസ് റൂമുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനമായിരുന്നു ബ്രില്യന്റിന്റേത്. കോവിഡ് വ്യാപന നാളുകളില്‍ പെട്ടെന്ന് അത് നിലച്ചു. ആ പ്രതിസന്ധി മറികടക്കാന്‍ ബ്രില്യന്റിലെ ടീമംഗങ്ങള്‍ തന്നെ മുന്‍കൈയെടുത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കി. മുത്തോലി ക്യാമ്പസില്‍ സ്റ്റുഡിയോകളും തുറന്നു. ഇന്ന് മുപ്പതോളം സ്റ്റുഡിയോകള്‍ ഇവിടെയുണ്ട്. കോവിഡ് കാലത്തോടെ ലോകത്തെവിടെയിരുന്നും ബ്രില്യന്റിന്റെ ക്ലാസില്‍ പഠിക്കാമെന്നായി.
വളര്‍ച്ചയുടെ അടുത്ത ഘട്ടം അവിടെ നിന്നാണ്. ഇപ്പോള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും 90,000ത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 3,500ത്തോളം ടീമംഗങ്ങളും. ലോകത്തെവിടെയിരുന്നും പഠിക്കാന്‍ സാധിക്കുന്ന, എഐ അധിഷ്ഠിത ഇ ലേണിംഗ് ആപ്പാണ് സജ്ജമാക്കിയിരിക്കുന്നത്. കുട്ടികളുടെ സംശയനിവൃത്തിക്കായി കുറ്റമറ്റ സംവിധാനമാണ് ഇതിന്റെ സവിശേഷതകളില്‍ ഒന്ന്. രാജ്യത്തെ എല്ലാ സമുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള പരിശ്രമമാണ് ബ്രില്യന്റ് തുടരുന്നത്. ഈവര്‍ഷം എഎഫ്എംസിയില്‍ (Armed Forces Medical College) ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് കേരളത്തില്‍ നിന്നാണ്. 145 സീറ്റില്‍ 30ഉം മലയാളികള്‍. അതില്‍ 27ഉം ബ്രില്യന്റില്‍ പരിശീലനം നേടിയവരാണ്. ആകെ 30 പെണ്‍കുട്ടികളുള്ളതില്‍ പത്തുപേര്‍ ബ്രില്യന്റില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍. പോണ്ടിച്ചേരി ജിപ്‌മെറിലെ എംബിബിഎസ് ബാച്ചിലെ 30 ശതമാനത്തിലേറെ സീറ്റ് ബ്രില്യന്റിലെ കുട്ടികള്‍ നേടി.
2024ല്‍ ബ്രില്യന്റില്‍ പഠിച്ച 4,900 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മുന്‍നിര കോളെജുകളില്‍ എംബിബിഎസ് പ്രവേശനം നേടി. ഐഐടി, എന്‍ഐടി, ഐഐഎസ്‌സി തുടങ്ങി രാജ്യത്തെ പ്രമുഖ എന്‍ജിനീയറിംഗ്, ശാസ്ത്ര പഠന കോളെജുകളില്‍ പ്രവേശനം നേടിയത് 9,730 വിദ്യാര്‍ത്ഥികളും. 40 വര്‍ഷങ്ങള്‍ കൊണ്ട് ബ്രില്യന്റ് സൃഷ്ടിച്ചിരിക്കുന്നത് ഒരു ലക്ഷത്തോളം ഡോക്ടര്‍മാരെയും ഒന്നര ലക്ഷത്തോളം എന്‍ജിനീയര്‍മാരെയുമാണ്.
എന്‍ട്രന്‍സ് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറവൊന്നുമില്ല കേരളത്തില്‍. ഇതിനിടയില്‍ ബ്രില്യന്റ് എങ്ങനെ വ്യത്യസ്തമാകുന്നു?
ഡയറക്റ്റര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടം: പ്രസ്ഥാനം ഇത്രയേറെ വളര്‍ന്നിട്ടും എന്ത് കാര്യത്തിലും നാലുപേരുടെയും കണ്ണെത്തും. ഉത്തരവാദിത്തങ്ങള്‍ വീതിച്ചെടുത്ത് സെബാസ്റ്റ്യനും ജോര്‍ജും സ്റ്റീഫനും സന്തോഷും ഇന്നും എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. എല്ലാ ചൊവ്വയും വെള്ളിയും ഇവര്‍ ഒരുമിച്ചിരുന്ന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
ടീം വര്‍ക്ക്: നാലുപേര്‍ ഒരുമിച്ച് നിന്നാണ് ബ്രില്യന്റിനെ വളര്‍ത്തിയത്. ഇന്ന് കരുത്തരായ രണ്ടാം നിരയെയും അവര്‍ വാര്‍ത്തെടുത്തിരിക്കുന്നു. ദീര്‍ഘകാലമായി ബ്രില്യന്റിനൊപ്പം അധ്യാപകരായിരുന്നവരെ ജനറല്‍ മാനേജര്‍മാരും അസിസ്റ്റന്റ് ഡയറക്റ്ററുമായി നിയമിച്ച് അവരിലൂടെ പ്രവര്‍ത്തനം കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്തു.
മികവാര്‍ജ്ജിക്കാനുള്ള നിഷ്‌കര്‍ഷ: ക്ലാസുകളുടെ സ്റ്റഡി മെറ്റീരിയലുകളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബ്രില്യന്റ് സാരഥികള്‍ തയാറാല്ല. ഏറ്റവും മികച്ച ഫാക്കല്‍റ്റികളെയാണ് വിന്യസിച്ചിരിക്കുന്നത്. അധ്യാപകരുടെ ക്ലാസുകള്‍ വിലയിരുത്തുന്നത് ഇവിടെ വിദ്യാര്‍ത്ഥികളാണ്. ഓരോവിദ്യാര്‍ത്ഥിയില്‍ നിന്നും അധ്യാപകരെ കുറിച്ചുള്ള അഭിപ്രായം കൃത്യമായി ചോദിച്ചറിയും. അവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കും റാങ്കിംഗുണ്ട്. കൃത്യമായ പരിശീലനം നല്‍കിയ മെന്റര്‍മാരും കൂടി ചേരുമ്പോള്‍ കിടയറ്റ പരിശീലനം ഉറപ്പാക്കാന്‍ സാധിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും പിരിമുറുക്കങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ഡയറക്റ്റര്‍മാര്‍ തന്നെ നേരിട്ടിറങ്ങുന്നു.
മാറ്റങ്ങള്‍ക്കൊപ്പം അതിവേഗം: കാലോചിതമായി വരുന്ന മാറ്റങ്ങളെന്തും അതിവേഗത്തില്‍ ഇവര്‍ സ്വീകരിക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനം ബ്രില്യന്റിന്റെ മുഖമുദ്രയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് മിടുക്കരായ വിദ്യാര്‍ത്ഥികളെ സൗജന്യമായും ഫീസ് ഇളവ് നല്‍കിയും പഠിപ്പിക്കുന്നുണ്ട്. ബ്രില്യന്റിലെ 60 ശതമാനം വിദ്യാര്‍ത്ഥികളും വിവിധങ്ങളായ സ്‌കോളര്‍ഷിപ്പുകള്‍ നേടി പഠിക്കുന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കാന്‍ സ്റ്റുഡന്റ് മൈത്രി പദ്ധതിയും ബ്രില്യന്റ് നടപ്പാക്കിയിരിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ബ്രില്യന്റില്‍ പരിശീലനം നല്‍കുന്നുണ്ട്. പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ഗോപികയ്ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയത് ബ്രില്യന്റാണ്. ഇപ്പോള്‍ പാലക്കാട് മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ഗോപിക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് കാലത്ത് 45 ലക്ഷം രൂപയും വയനാട് ദുരന്തനാളുകളില്‍ 40 ലക്ഷം രൂപയും ബ്രില്യന്റ് സംഭാവനയായി നല്‍കി. കോവിഡ് കാലത്ത് സ്ഥാപനം അടഞ്ഞുകിടന്നപ്പോഴും എല്ലാ ജീവനക്കാര്‍ക്കും മുടക്കമില്ലാതെ വേതനവും നല്‍കി.
1,500 രൂപ മൂലധനവുമായി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയ ബ്രില്യന്റിന്റെ സാരഥികള്‍ക്ക് ഇന്നും ഒന്നിനോട് മാത്രമേ അടങ്ങാത്ത ആഗ്രഹമുള്ളൂ. ഏറ്റവും മികച്ച റിസള്‍ട്ടുണ്ടാക്കണം. എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് ഒന്നാമതായി നില്‍ക്കണം. അതിനായി അവര്‍ അക്ഷീണം നടത്തുന്ന പ്രയത്‌നങ്ങളാണ് ബ്രില്യന്റിനെ വ്യത്യസ്തമാക്കുന്നതും.
ഒരേ സ്വപ്‌നം പങ്കിട്ട് ഒരൊറ്റ മനസോടെ നാല് പതിറ്റാണ്ടായി ഒരുമിച്ച്! ബ്രില്യന്റ് സ്റ്റഡി സെന്റര്‍ പാലായുടെ സാരഥികളായ നാലുപേര്‍ അപൂര്‍വമായ മറ്റൊരു റെക്കോഡിന് കൂടി ഉടമകളാണ്; 40 വര്‍ഷമായി കരുത്തോടെ നില്‍ക്കുന്ന പാര്‍ട്ണര്‍ഷിപ്പ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും ഇവര്‍ തന്നെയാണ് ഡയറക്റ്റര്‍മാര്‍.കാലമിത്ര കടന്നിട്ടും പ്രസ്ഥാനമിത്ര വളര്‍ന്നിട്ടും ഇവര്‍ നാലുപേരെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമൊന്നേയുള്ളൂ- റിസള്‍ട്ട്. ഇപ്പോഴും അടിമുടി അധ്യാപകരാണ് നാല്‍വരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
''ഒരു ക്ലബ് മെമ്പര്‍ഷിപ്പോ വിദേശരാജ്യങ്ങളിലേക്കുള്ള വിനോദയാത്രയോ ഒന്നുമല്ല ഞങ്ങളുടെ എന്റര്‍ട്ടെയ്ന്‍മെന്റ്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇവിടെയാണ്. കുട്ടികള്‍ക്കൊപ്പമായിരിക്കുന്നതിലാണ്. അവരുടെ സ്വപ്‌നങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നതിലാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി, മികച്ച റിസള്‍ട്ടിനായി ഒരേ മനസോടെ നില്‍ക്കുന്നു. വിട്ടുവീഴ്ചയാണ് പാര്‍ട്ണര്‍ഷിപ്പ് പ്രസ്ഥാനത്തിന്റെ അടിത്തറ,'' ജോര്‍ജ് തോമസ് പറയുന്നു.
രാവിലെ ഒമ്പത് മണിയോടെ മുത്തോലി ക്യാമ്പസിലെത്തുന്ന നാല് പേരും രാത്രി ഒമ്പത് മണിവരെയൊക്കെ അവിടെ തന്നെ കാണും. അക്കാദമിക് മുതല്‍ ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഇവര്‍ നാലുപേരുടെയും കണ്ണെത്തും. ''ഓരോ വിഭാഗത്തിന്റെയും ചുമതല ഓരോ ഡയറക്റ്റര്‍മാര്‍ക്കാണ്. ഫിനാന്‍സും അഡ്മിനിസ്‌ട്രേഷനുംസെബാസ്റ്റ്യന്‍ സാറും സന്തോഷ് സാറും നോക്കുമ്പോള്‍ അക്കാദമിക് കാര്യങ്ങള്‍ സ്റ്റീഫന്‍ സാറും ഞാനും നോക്കും. മാര്‍ക്കറ്റിംഗും ഞാന്‍ നോക്കുന്നുണ്ട്. ആരെങ്കിലും പറഞ്ഞ് ജോലി വിഭജനം നടത്തുന്നതല്ല. ഞങ്ങള്‍ തന്നെ സ്വയം കണ്ടറിഞ്ഞ് ഏറ്റെടുത്ത് ചെയ്യും. അത്രമാത്രം,'' ജോര്‍ജ് തോമസ് പറയുന്നു.
ബ്രില്യന്റില്‍ രണ്ടാം നിര സാരഥികളെ വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്ക് ഉത്തരവാദിത്തങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതിലും നാലുപേരും ശ്രദ്ധ കൊടുക്കുന്നു. മറ്റൊരു ബിസിനസിലും ഇവര്‍ക്ക് പങ്കാളിത്തവുമില്ല. ജീവിത പങ്കാളികളെയോ മക്കളെയോ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് ഇവര്‍ കൊണ്ടുവന്നിട്ടുമില്ല. നാല് പേരുടെയും മക്കള്‍ ഇപ്പോള്‍ ബ്രില്യന്റിന്റെ പല റോളുകളിലും എത്തിയിട്ടുണ്ട്. ''താഴേത്തട്ടില്‍ നിന്ന് പണി പഠിച്ച് കയറിവരട്ടെ,'' ഇതാണ് നയം. നാല് പേരുടെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് യാത്രകള്‍ നടത്തുന്ന പതിവുമില്ല. സെബാസ്റ്റ്യന്‍ ജി മാത്യുവിന്റെ മകന്‍ അജിന്‍ സെബാസ്റ്റ്യന്‍, സന്തോഷ് കുമാറിന്റെ മകന്‍ ശ്രീഹരി സന്തോഷ്. സ്റ്റീഫന്‍ ജോസഫിന്റെ മക്കളായ ഡോ. സേതു സ്റ്റീഫന്‍, ഗീതു സ്റ്റീഫന്‍. ജോര്‍ജ് തോമസിന്റെ മകന്‍ ടോമിന്‍ തോമസ് എന്നിവരാണ് ഇപ്പോള്‍ ബ്രില്യന്റിലേക്ക് കടന്നെത്തിയിരിക്കുന്ന പുതുതലമുറ.
ഇതുവരെ ഒരു ബാങ്ക് വായ്പ പോലും ബ്രില്യന്റ് എടുത്തിട്ടില്ല. ''ആദ്യകാലം മുതല്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിച്ചാണ് സ്ഥാപനത്തെ വളര്‍ത്തിയത്. ഇന്നും അതുതന്നെ ശൈലി. കെട്ടിടം കെട്ടുന്നതു മുതല്‍ ഏത് ആസ്തിയും കെട്ടിപ്പടുക്കുന്നത് ഞങ്ങള്‍ തന്നെ സമാഹരിച്ച് വെച്ചിരിക്കുന്ന ഫണ്ട് കൊണ്ടാണ്,'' സ്റ്റീഫന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും പ്രവേശന പരീക്ഷാ പരിശീലനത്തിന് പാലാ ബ്രില്യന്റിനെ വിശ്വാസത്തോടെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ''ഞങ്ങളുടെ ആദ്യ എന്‍ട്രന്‍സ് പരീക്ഷാ ബാച്ചില്‍ രണ്ട് ഡിവിഷനുകളിലായി 70 കുട്ടികള്‍ക്കായിരുന്നു പ്രവേശനം. അതില്‍ കൂടുതല്‍ ഒരു കുട്ടിയെ പോലും ഇരുത്താന്‍ സൗകര്യമില്ലായിരുന്നു. ഒരു രക്ഷിതാവിന് തന്റെ കുട്ടിയെ ആ ബാച്ചില്‍ ചേര്‍ത്തേ മതിയാവൂ. ഞങ്ങള്‍ സ്ഥലപരി മിതി നേരില്‍ കാണിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. രണ്ട് ഡെസ്‌കുകള്‍ക്കിടയിലെ ചെറിയ സ്ഥലത്ത് ഒരു കസേരയിടാനുള്ള സൗകര്യമുണ്ടെന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്. തന്റെ കുട്ടിക്കായി റൈറ്റിംഗ് ബോര്‍ഡ് അടക്കം സൗകര്യമുള്ള കസേര പണിയിപ്പിച്ച് ആ ബാച്ചില്‍ പ്രവേശനം ഉറപ്പിച്ചു ആ രക്ഷിതാവ്. ഈയടുത്ത കാലം വരെ ആ കസേര ഇവിടെയുണ്ടായിരുന്നു,'' സ്റ്റീഫന്‍ ജോസഫ് പറയുന്നു. ഇന്നും ബ്രില്യന്റില്‍ പ്രവേശന പരീക്ഷാ പരിശീലനത്തിന് സീറ്റുറപ്പിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിക്കിത്തിരക്കുന്നുണ്ട്. മുത്തോലിയിലെ ബ്രില്യന്റ് ക്യാമ്പസില്‍ റിപ്പീറ്റേഴ്‌സ് ബാച്ചില്‍ 15,000ത്തിലേറെ കുട്ടികളാണ് പഠിക്കുന്നത്. ഒരുവര്‍ഷം നീളുന്നഈ കോഴ്‌സും അതിനായെത്തുന്ന കുട്ടികളും മാറ്റിയത് മുത്തോലിയുടെ മുഖച്ഛായയാണ്. ബ്രില്യന്റിന്റെ മുത്തോലി ക്യാമ്പസിന്റെ പരിസരപ്രദേശങ്ങളിലായി 30 മുതല്‍ 500 വരെ കുട്ടികള്‍ താമസിക്കുന്ന 155 ഓളം ഹോസ്റ്റലുകളുണ്ട്. സ്വന്തം വീട് തന്നെ ഹോസ്റ്റലാക്കിയവര്‍ മുതല്‍ കെട്ടിടങ്ങള്‍ കെട്ടി ഹോസ്റ്റല്‍ സൗകര്യമൊരുക്കിയവര്‍ വരെയുണ്ട്.
''നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റല്‍ ഫീസ് മുതല്‍ മെനുവരെ ഏകീകരിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ മാത്രം പ്രതിമാസം കോടിക്കണക്കിന് രൂപയാണ് ഇവിടേക്ക് എത്തുന്നത്. ഇത് കൂടാതെ ഇത്രയും കുട്ടികളും അവരെ സന്ദര്‍ശിക്കാനെത്തുന്ന മാതാപിതാക്കളും ചെലവിടുന്ന തുക വേറെ,'' മുത്തോലിയുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് പറയുന്നു ബ്രില്യന്റ് സാരഥികള്‍.
സ്റ്റേഷനറികള്‍ വില്‍ക്കുന്ന ചെറു കടമുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ബേക്കറികളും റെസ്റ്റൊറന്റു കളുമെല്ലാമായി ക്യാമ്പസിനകത്തും പുറത്തുമായി നിരവധി കച്ചവട സ്ഥാപനങ്ങള്‍ മുത്തോലിയില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ പിന്നിലെ കാരണം ബ്രില്യന്റ് സ്റ്റഡി സെന്ററാണ്.
2024 നീറ്റ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ഷര്‍മിളിന് ഒരു കോടി രൂപയാണ് സമ്മാനിച്ചത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ 90 ശതമാനം റാങ്കുകളും ബ്രില്യന്റിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്.
മെഡിക്കല്‍, എന്‍ജിനീയറിംഗ് പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരുലക്ഷം തുടങ്ങി 5,000 രൂപ വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. ഒപ്പം സ്വര്‍ണ മെഡലും സമ്മാനിക്കും. നീറ്റ്, ജെഇഇ അഡ്വാന്‍സ്ഡ്, ജെഇഇ മെയിന്‍ എന്നിവയില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മുന്‍നിര റാങ്ക് കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ക്യാഷ് അവാര്‍ഡും സ്വര്‍ണ മെഡലും വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുകയാണ് ബ്രില്യന്റിന്റെ രീതി. അതുപോലെ തന്നെ യൂസീഡ്, ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, കുസാറ്റ് പൊതുപ്രവേശന പരീക്ഷ എന്നിവയിലെല്ലാം ഉന്നത റാങ്ക് നേടിയവരെയും അവാര്‍ഡ് നല്‍കി ആദരിക്കും.
(ധനം മാഗസിന്‍ ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine