സ്വപ്നജോലി സ്വന്തമാക്കാന്‍ ഇന്റര്‍വ്യൂവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാമ്പത്തിക മാന്ദ്യം കരിയര്‍ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന സാഹചര്യത്തിലും അവസരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടോ. എണ്ണത്തില്‍ കുറവാണെങ്കിലും വന്‍ ഓഫറുകളില്‍ പ്ലേസ്‌മെന്റ് നടത്തുന്ന കമ്പനികള്‍ ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം ഒരു പ്രൊഫഷണലിനുവേണ്ട കഴിവുകളും മികച്ച മനോഭാവവും നിങ്ങള്‍ക്കുണ്ടെങ്കില്‍ മോശമായ സാഹചര്യങ്ങളിലും മെച്ചപ്പെട്ട ജോലി നേടാം.
എഴുത്ത് പരീക്ഷ, ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ, എച്ച്ആര്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് കടമ്പകളാണ് ഉള്ളത്. എഴുത്ത് പരീക്ഷയില്‍ സാങ്കേതിക മികവ് മാറ്റുരയ്ക്കപ്പെടുമ്പോള്‍ അഭിമുഖങ്ങളില്‍ മറ്റു പല ഘടകങ്ങളും പ്രധാനമാണ്. അഭിമുഖം നടത്തുന്നവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?
1. പറയുന്ന ഓരോ കാര്യവും സത്യസന്ധമായിരിക്കണം. കളവുകള്‍ പറഞ്ഞ് ഇല്ലാത്ത ഇമേജുണ്ടാക്കാന്‍ ശ്രമിക്കരുത്.
2. ആശയവിനിമയം വ്യക്തമായിരിക്കണം. ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയില്ലെങ്കില്‍, വ്യാകരണത്തെ കുറിച്ച് തല പുകച്ച് സമയം കളയാതെ ആത്മവിശ്വാസത്തോടെ അറിയാവുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണം.
3. ഫോര്‍മല്‍ രീതിയിലുള്ള വസ്ത്രധാരണമാണ് വേണ്ടത്. വൃത്തിയായും വെടിപ്പായും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തുന്നത് ഇന്റര്‍വ്യൂ നടത്തുന്നവരില്‍ ആദ്യകാഴ്ചയില്‍തന്നെ മതിപ്പുണ്ടാക്കും.
4. സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അച്ചടക്കത്തോടെ ഉപയോഗിക്കണം. അധികം സംസാരിക്കുന്നതോ തീരെ സംസാരിക്കാതിരിക്കുന്നതോ നല്ലതല്ല.
5 ജോലിയോടുള്ള തീവ്രമായ പാഷന്‍ കഴിയുന്ന രീതിയിലെല്ലാംവ്യക്തമാക്കണം.
6. ഇന്റര്‍വ്യൂ നടത്തുന്നവരുടെ കമന്റുകള്‍ വൈകാരികമായി എടുത്ത് പ്രതികരിക്കരുത്. തര്‍ക്കിക്കുന്ന രീതിയിലുള്ള സംസാരം ഒഴിവാക്കണം. ഇടയില്‍ കയറി സംസാരിക്കാതിരിക്കാനും ശ്രദ്ധിക്കണം.
7. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാന്‍ മടി വേണ്ട. ഇല്ലാത്ത ഹോബികള്‍ പറഞ്ഞും കുഴപ്പത്തിലാകണ്ട. ഹോബിയില്ല എന്നത് ഒരു അയോഗ്യതയല്ല.
8. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണ്. പഠനകാലത്ത് നേതൃത്വം നല്‍കിയ പരിപാടികളെക്കുറിച്ച് സൂചിപ്പിക്കാം. ഇത് നിങ്ങളിലെ നേതൃത്വപാടവത്തെ അളക്കാന്‍ സഹായിക്കും. പ്രോജക്ട് വര്‍ക്കിനെക്കുറിച്ച് വ്യക്തമായ വിവരണം നല്‍കാം.
9. ഇന്റര്‍വ്യൂ നടത്തുന്നവരെ നന്നായി കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിച്ചു തീരുന്നതുവരെ കാത്തിരിക്കുകയും ചെയ്യുക.
10. മികച്ച സാങ്കേതിക അടിത്തറയും സുതാര്യമായ പശ്ചാത്തലവും ഉണ്ടെങ്കില്‍ ധൈര്യമായി ഇന്റര്‍വ്യൂ നേരിടാം. മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ത്താന്‍ മറക്കണ്ട.