നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫ് മലയാളികള്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍
ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തെത്തുടര്‍ന്ന് ജോലിയും ബിസിനസും ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിച്ചെത്തിയവരില്‍ ഇവിടെ ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗരേഖയാണ് ഇത്. ബിസിനസ് തുടങ്ങാനും മികച്ച ജോലി കണ്ടെത്താനും നിക്ഷേപ രംഗത്ത് നേട്ടമുണ്ടാക്കാനുമൊക്കെ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍.
സധൈര്യം തുടങ്ങൂ, വിജയം നിങ്ങള്‍ക്കുള്ളത് - കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മാനേജിംഗ് ഡയറക്റ്റര്‍, വി - ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
മാന്ദ്യകാലമായതുകൊണ്ട് ഇപ്പോള്‍ ബിസിനസ് തുടങ്ങാമോ എന്ന് പലരും സംശയിച്ചേക്കാം. മാന്ദ്യകാലമാണ് ബിസിനസ് തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ വി-ഗാര്‍ഡ് തുടങ്ങുന്ന സമയം അടിയന്തരാവസ്ഥയായിരുന്നു ഇന്ത്യയില്‍. ഇപ്പോള്‍ ബിസിനസ് തുടങ്ങാന്‍ ഇറങ്ങി പുറപ്പെടരുത് എന്ന് പലരും എന്നെ ഉപദേശിച്ചു. സ്റ്റെബിലൈസര്‍ ഉണ്ടാക്കി വില്‍ക്കുന്ന എന്നെ അടിയന്തരാവസ്ഥ എങ്ങനെ ബാധിക്കാനാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്. അതു തന്നെയായിരുന്നു ശരിയും. ഇപ്പോള്‍ എല്ലാവരും മാന്ദ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയമാണ്. ആഗോള മാന്ദ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിങ്ങള്‍ തലപുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക എന്നാണ് എന്റെ അഭിപ്രായം. നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളികളില്‍ ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവരോട് എനിക്ക് പറയാനുള്ളത് ഇവിടെ അനന്തമായ അവസരങ്ങളാണ് ഉള്ളത് എന്നാണ്. നിങ്ങള്‍ നിങ്ങളുടെ കണ്ണും കാതും തുറന്നുവെക്കുക. ചുറ്റുപാടും വീക്ഷിക്കുക. അവസരങ്ങള്‍ കണ്ടെത്താം. നിങ്ങള്‍ ഇപ്പോള്‍ ഏതു മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്? നിങ്ങള്‍ക്ക് ഏതു കാര്യത്തിലാണ് കൂടുതല്‍ വൈദഗ്ധ്യം ഉള്ളത്? അതുപയോഗിച്ച് ചെയ്യാവുന്ന ബിസിനസിനെക്കുറിച്ച് ചിന്തിക്കുക.
തുടക്കത്തില്‍ വിലിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കണമെന്നില്ല. വി - ഗാര്‍ഡ് തുടങ്ങും മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു. എനിക്ക് ജോലി. അതുപേക്ഷിക്കുമ്പോള്‍ 750 രൂപയായിരുന്നു മാസ ശമ്പളം. ഞാന്‍ ബിസിനസ് തുടങ്ങുമ്പോള്‍ എന്റെ മനസില്‍ ആദ്യം ഉണ്ടായിരുന്നത് ഈ ശമ്പളം വരുമാനമായി ഉണ്ടാക്കുക എന്നതായിരുന്നു. മാസം 50 സ്റ്റെബിലൈസര്‍ ഉണ്ടാക്കി വില്‍ക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അത് വിറ്റാല്‍ എത്ര രൂപ ലാഭം കിട്ടും എന്ന് നോക്കി. 2000 രൂപ കിട്ടുമായിരുന്നു. 750 രൂപ മാസ ശമ്പളം കിട്ടിയിരുന്ന എനിക്ക് അത് വലിയ തുകയായിരുന്നു. അങ്ങനെ വളരെ ചെറിയ നിലയിലാണ് ഞാന്‍ തുടങ്ങിയത്.
ടൂറിസത്തിലേക്ക് വരൂ, അവസരങ്ങള്‍ മുതലാക്കൂ - സന്തോഷ് ജോര്‍ജ് കുളങ്ങര, മാനേജിംഗ് ഡയറക്റ്റര്‍, ലേബര്‍ ഇന്ത്യ ഗ്രൂപ്പ്
നിങ്ങളുടെ കൈയിലുള്ള പണം എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കുള്ള തൊഴില്‍ പരിചയം എത്ര ഉയര്‍ന്നതോ താഴ്ന്നതോ ആയിക്കൊള്ളട്ടെ ടൂറിസം രംഗത്തേക്ക് സധൈര്യം ചുവടുവെക്കൂ. അവസരങ്ങളുടെ അക്ഷയഖനിയാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്. 70ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ജനങ്ങളുമായി ഇടപഴകുകയും ചെയ്ത അനുഭവ സമ്പത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. നമ്മുടെ റബര്‍ ടാപ്പിംഗ്, കള്ളുചെത്ത്, തെങ്ങുകയറ്റം, ഞാറ് നടല്‍ തുടങ്ങിയ തൊഴിലുകളും കൃഷി രീതികളും വിദേശിക്ക് എത്ര കണ്ടാലും മതിവരില്ല. അത് അവര്‍ക്ക് മടുപ്പുണ്ടാകാത്ത രീതിയില്‍ കാണാനുള്ള സൗകര്യം ഉണ്ടാക്കി നല്‍കിയാല്‍ അതിന് എത്ര തുക ചെലവഴിക്കാനും അവര്‍ തയ്യാറാകും.
നിങ്ങളുടെ വീട് ഹോംസ്റ്റേയ്ക്ക് പറ്റുന്നതാണോ? ഒരു മുറിയെങ്കിലും അതിനായി സജ്ജീകരിക്കാന്‍ കഴിയില്ലേ? അത് നന്നായി ഫര്‍ണിഷ് ചെയ്ത് വൃത്തിയുള്ള ടോയ്ലെറ്റ് അറ്റാച്ച് ചെയ്യുക. ഒരു നല്ല വെബ്സൈറ്റുണ്ടാക്കാം. മികച്ച ഒരു ബ്രോഷര്‍ ഉണ്ടാക്കി വിവിധ ഏജന്‍സികള്‍ക്ക് അയച്ചുകൊടുക്കാം. ഒരു വിദേശിയെ കിട്ടിയാല്‍ നല്ല താമസവും നല്ല നാടന്‍ ഭക്ഷണവും നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? മൂന്നു ദിവസമെങ്കിലും കാട്ടിക്കൊടുക്കാന്‍ പറ്റുന്ന കാഴ്ചകള്‍ നിങ്ങളുടെ വീടിനുചുറ്റും ഉണ്ടാകില്ലേ? വീടിനു തൊട്ടടുത്ത അമ്പലത്തിലെ ദീപാരാധന, പള്ളിയിലെ പെരുനാള്‍ എന്നിവ കാട്ടിക്കൊടുക്കാം. കള്ള് ചെത്തുന്ന രീതി കാണിച്ചുകൊടുക്കാം നെല്‍പ്പാടത്തോ റബര്‍തോട്ടത്തിലോ കൊണ്ടുപോയി ഞാറുനടുന്നതോ നെല്ല് കൊയ്യുന്നതോ കാണിച്ചുകൊടുക്കാം. ഇവരെ ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ചെലവേറിയ പുത്തന്‍ വാഹനമൊന്നും വേണമെന്നില്ല. ഒരു മാരുതി 800 കാറായാലും മതി. പക്ഷേ അത് വൃത്തിയുള്ളതായിരിക്കണം.
നിങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ട്രാവല്‍ ഏജന്‍സി തുടങ്ങാം
കേരളത്തിലേക്ക് മാത്രമല്ല സഞ്ചാരികള്‍ എത്തുന്നത്. കേരളത്തില്‍ നിന്ന് വര്‍ഷം തോറും എത്രയോ പേരാണ് വിനോദ സഞ്ചാരികളായി പുറത്തേക്ക് പോകുന്നത്. നിങ്ങള്‍ക്ക് നല്ല വാക്ചാതുര്യം ഉണ്ടോ? ടൂറിസത്തില്‍ അതുപയോഗിച്ചും നേട്ടമുണ്ടാക്കാം. ഹോട്ടലുകളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി കണ്ടക്റ്റഡ് ടൂര്‍ സംഘടിപ്പിക്കാം. ആകെ വേണ്ടത് ഒരു വാഹനമാണ്. പിന്നെ എന്തു കാഴ്ചയാണോ സഞ്ചാരികളെ കാട്ടിക്കൊടുക്കാന്‍ പോകുന്നത് അതിനെക്കുറിച്ച് ആകര്‍ഷകമായി അവരുടെ ഭാഷയില്‍ സംസാരിക്കാനുള്ള കഴിവാണ്. ടൂറിസം രംഗത്ത് ആദ്യം തന്നെ വന്‍കിട സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കാതെ ആദ്യം ഇത്തരം ചെറിയ സംരംഭങ്ങള്‍ തുടങ്ങുക.
സേവനമേഖല കൂടുതല്‍ ആകര്‍ഷകം - ഡോ. ജോസ് സെബാസ്റ്റ്യന്‍
(ഓണററി ഡയറക്റ്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൈസ് കള്‍ച്ചര്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ (2009) )
ഉല്‍പ്പാദന മേഖലയിലേക്ക് കടക്കുന്ന വിദേശ മലയാളികള്‍ ആദ്യമേ തന്നെ ഉല്‍പ്പന്നത്തിന്റെ തെരഞ്ഞെടുത്ത വിപണി പഠനം ശരിയായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. കറി പൗഡറുകള്‍, പി.വി.സി പൈപ്പുകളുടെ നിര്‍മാണം തുടങ്ങി എവിടെയെങ്കിലും വിജയിച്ചു കണ്ട സംരംഭങ്ങളെ അനുകരിക്കുന്ന പ്രവണത ഒരിക്കലും നന്നല്ല. ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രത്യേക വൈഭവം ഇല്ലാത്തവര്‍ അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം സംരംഭങ്ങളുടെ ആരംഭഘട്ടത്തില്‍ നേരിടേണ്ടിവരുന്ന മാനസിക സമ്മര്‍ദം ചിലപ്പോള്‍ ഇവര്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ വ്യവസായരംഗത്ത് പ്രവൃത്തിപരിചയം നേടിയവരോ അല്ലെങ്കില്‍ സാങ്കേതികമായ അറിവുള്ളവരോ മാത്രം വ്യവസായത്തിലേക്ക് ചുവടുവെക്കുന്നതാണ് നല്ലത്.
ഉല്‍പ്പാദന രംഗത്തെക്കാള്‍ വ്യാപാര മേഖലയിലും സേവന മേഖലയിലും സംരംഭങ്ങള്‍ തുടങ്ങുന്നതായിരിക്കും ഏറ്റവും അനുയോജ്യം. ഇത്തരം സംരംഭങ്ങള്‍ക്ക് റിസ്‌ക് കുറവാണെന്ന് മാത്രമല്ല നിക്ഷേപവും കുറച്ച് മതി. എന്നാല്‍ വ്യവസായത്തെ അപേക്ഷിച്ച് വരുമാനം കുറവായിരിക്കും. ഗൃഹോപകരണങ്ങള്‍, കംപ്യൂട്ടര്‍, ആധുനിക അടുക്കള ഉപകരണങ്ങള്‍ എന്നിവയൊക്കെ വീടുകളില്‍ നേരിട്ടു ചെന്ന് സര്‍വീസ് നടത്തുന്ന മൊബീല്‍ സര്‍വീസിംഗ് യൂണിറ്റുകള്‍ക്ക് നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമൊക്കെ വന്‍ സാധ്യതയാണുള്ളത്. മികവുറ്റ സേവനം, വിശ്വസ്തത, ഉപഭോക്തൃ ന്ധം തുടങ്ങിയവയിലൊക്കെ പ്രത്യേക വൈഭവം ആര്‍ജിക്കുന്നത് ഇത്തരം ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
വ്യാപാരമേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ കട തുടങ്ങാനുള്ള ലൊക്കേഷന്‍, ഉല്‍ന്നങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവയൊക്കെ ശാസ്ത്രീയമായി നിര്‍ണയിക്കേണ്ടതുണ്ട്. കേരളത്തില്‍ എന്ത് ചെയ്യുന്നതിനും ഒരു തയാറെടുപ്പ് ആവശ്യമില്ലെന്ന മനോഭാവമാണ് പെതുവെയുള്ളത്. അത് ശരിയല്ല. വ്യാപാരരംഗത്തെ അവസരങ്ങള്‍ വളരെ സൂക്ഷ്മതയോടെ കണ്ടെത്തേണ്ട ഒന്നാണ്. ഉപഭോക്താക്കള്‍ക്ക് കടകളിലേക്ക് വന്നെത്താനുള്ള സൗകര്യം, കടയുടെ കാഴ്ച, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയൊക്കെ വളരെ പ്രധാനമാണ്. ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നവരും ശ്രദ്ധിക്കണം.
സാധ്യത മൈക്രോ യൂണിറ്റുകള്‍ക്ക് - പി.ഗണേഷ്
(വൈസ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ്, കൗണ്‍സില്‍, സി.ഐ.ഐ (2009) )
ഗള്‍ഫില്‍ നിന്നും മടങ്ങുന്നവരില്‍ ഭൂരിഭാഗവും ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പെയ്ന്റര്‍, ക്ലര്‍ക്ക് തുടങ്ങിയ വിഭാഗത്തില്‍ ഉപ്പെള്‍ടുന്നവരായതിനാല്‍ മൈക്രോ സംരംഭങ്ങളായിരിക്കും (മൈക്രോ എന്റര്‍പ്രൈസസ്) ഇവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഇലക്ട്രാണിക്സ് രംഗത്ത് പരിചയമുള്ളര്‍ക്ക് അത്തരം ഉല്‍പ്പന്നങ്ങളുടെ റിയര്‍ ആന്‍ഡ് സര്‍വീസിംഗ് സെന്റര്‍ തുടങ്ങാം. ക്ലര്‍ക്കുമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് നികുതി സംബന്ധമായ പരിശീലനം കൊടുക്കുന്നതിലൂടെ വാറ്റ് ഓഡിറ്റര്‍മാരായോ കണ്‍സള്‍ട്ടന്റുമാരായോ പ്രവര്‍ത്തിക്കാനാകും.
ബിസിനസില്‍ ഇക്കാര്യങ്ങള്‍ മറക്കരുത്
- ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് ദീര്‍ഘനാള്‍ മാറിനിന്നിട്ടുള്ളവരാണ് ഗള്‍ഫ് മലയാളികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇവിടെ കാര്യമായ സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടാകില്ല.നഷ്ടപ്പെട്ട ഈ സുഹൃദ്വലയം തിരിച്ചുപിടിക്കാനുള്ള എളുവഴിയായിട്ടാണ് നാട്ടില്‍ തിരിച്ചെത്തു പല ഗള്‍ഫ് മലയാളികളും ബിസിനസ് തുടങ്ങുന്നത്. ഇത് ഒട്ടും ശരിയല്ല. അങ്ങനെ തുടങ്ങുന്ന ബിസിനസുകളൊന്നും വിജയിക്കില്ല. കൈയില്‍ ആവശ്യത്തിനു പണമുണ്ട്. പക്ഷേ നാട്ടില്‍ വിലയില്ല. നാട്ടില്‍ വിലയുണ്ടാക്കാന്‍ ബിസിനസ് തുടങ്ങിയാല്‍ മതി എന്നാണ് പലരുടെയും വിചാരം.
- കൈയില്‍ പണമുണ്ട് എത് മാത്രമാകരുത് ബിസിനസ് തുടങ്ങാനുള്ള കാരണം. നിങ്ങള്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങണമെങ്കില്‍ അതിന് തക്കതായ ഒരു കാരണം ഉണ്ടാകണം. ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യുവരായിരിക്കും. അവരുടെ മനോഭാവം എപ്പോഴും ഒരു തൊഴിലാളിയുടേത് ആയിരിക്കും. തൊഴിലുടമയുടേത് ആയിരിക്കില്ല. ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചാല്‍ പഴയ നിലപാട് മാറ്റണം. സ്വന്തമായ ഒരു ആശയം കണ്ടുപിടിക്കണം. അത് സൃഹൃത്തുകളുമായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടുപിടിക്കണം.
- തുടങ്ങാന്‍ എളുപ്പമുള്ള ബിസിനസ് തെരഞ്ഞുപിടിച്ച് അതിലേക്ക് പ്രവേശിക്കരുത്. തുടങ്ങാന്‍ തടസങ്ങള്‍ ഏറ്റവും കുറഞ്ഞ ബിസിനസിലേക്ക് എല്ലാവരും കടന്നു വരും എന്നോര്‍ക്കുക. അവിടെ മല്‍സരവും രൂക്ഷമായിരിക്കും. സംരംഭകനാകാന്‍ തീരുമാനിച്ചാല്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് ഇവിടത്തെ യഥാര്‍ത്ഥ ബിസിനസ് അന്തരീക്ഷം മനസിലാക്കുന്നത് നന്നായിരിക്കും. സംരംഭകത്വ വികസന സെമിനാറുകളിലും ശില്‍പ്പ ശാലകളിലും പങ്കെടുക്കുന്നതും നന്നായിരിക്കും.
- സാമ്പത്തിക മാന്ദ്യം മാറിയിട്ട് ബിസിനസ് തുടങ്ങാമെന്ന് കരുതി കാത്തിരിക്കരുത്. ബിസിനസ് തുടങ്ങാന്‍ മാന്ദ്യകാലമാണ് ഏറ്റവും ഉചിതം. ഇക്കാലയളവില്‍ ബിസിനസ് തുടങ്ങിയാല്‍ ബാലാരിഷ്ടതകളുണ്ടാകുമ്പോള്‍ അവ ശരിയായി ചികില്‍സിച്ച് മാറ്റാന്‍ പറ്റും. മാന്ദ്യം മാറുമ്പാള്‍ ഉണ്ടാകുന്ന വന്‍ അവസരം മുതലാക്കാന്‍ കെല്‍പ്പുള്ള സ്ഥാപനമായി അപ്പോഴേക്കും ഇത് വളര്‍ന്നുകഴിഞ്ഞിരിക്കും. യന്ത്രസാമഗ്രികള്‍ വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാന്‍ പറ്റിയ സമയമാണ് മാന്ദ്യകാലം. കുറഞ്ഞ ശമ്പളത്തിന് മിടുക്കരായ ജോലിക്കാരെയും ഈ സമയത്ത് കിട്ടും.
- ബിസിനസ് തുടങ്ങുമ്പോള്‍ ചൂരുങ്ങിയത് മൂന്നുവര്‍ഷത്തേക്കെങ്കിലും ആവശമായ പ്രവര്‍ത്തന മൂലധനം കരുതലുണ്ടാകണം. പലരും കൈയിലുള്ള പണമെല്ലാം മുടക്കി ബിസിനസ് തുടങ്ങും. പിന്നീട് നടത്തിക്കൊണ്ടുപോകാനുള്ള പ്രവര്‍ത്തന മൂലധനം ഉണ്ടാകില്ല. പിടിച്ചുനില്‍ക്കാന്‍ സപ്ലൈയേഴ്സിനോട് സാധനങ്ങള്‍ കടം ചോദിക്കും. അപ്പോള്‍ അവര്‍ പറയുന്ന വില നല്‍കേണ്ടിവരും. ഇത് ആദായത്തെ കാര്‍ന്നുതിന്നും.
(2009 ഏപ്രില്‍ 15 ധനം പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ - ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് നിലവിലെ അതേ സാഹചര്യം അന്നും നിലനിന്നിരുന്നപ്പോള്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നത്.)