ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ബ്രിട്ടണ്‍ ബിരുദാനന്തര തൊഴില്‍ വിസ പുനരാരംഭിക്കും
ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം കൂടി രാജ്യത്ത് തങ്ങുന്നതിനുള്ള പഠനാനന്തര തൊഴില്‍ വിസ പുനഃസ്ഥാപിച്ചു. ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് പ്രയോജനകരമാകുന്ന നടപടിയാണിത്. കഴിവുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയുടെ ലക്ഷ്യമെന്ന് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
രണ്ടു വര്‍ഷത്തെ പോസ്റ്റ്സ്റ്റഡി വര്‍ക്ക് വിസ നേരത്തെ ഉണ്ടായിരുന്നു. 2012ലാണ് റദ്ദാക്കിയത്. വിസ വീണ്ടും അവതരിപ്പിക്കുന്നത് ബ്രിട്ടനിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അടുത്ത വര്‍ഷം വിസ പുനരാരാംഭിക്കുന്നതിനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തീരുമാനമെടുത്തിട്ടുള്ളത് .കഴിഞ്ഞയാഴ്ച യൂണിവേഴ്‌സിറ്റി മന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹത്തിന്റെ സഹോദരന്‍ ജോ ജോണ്‍സണ്‍, പുതിയ വിസ റൂട്ടിനായുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാനന്തര വിസ ലഭിക്കും. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ യുകെ ഇമിഗ്രേഷന്‍ ഉള്ളവര്‍ക്കാണ് വിസ അനുവദിക്കുക. ബിരുദതലത്തിലോ അതിനു മുകളിലോ ഏതെങ്കിലും വിഷയത്തില്‍ പഠന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് ഇതിന്റെ പരിധിയില്‍ വരിക.
യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ജോലിചെയ്യാനോ ജോലി അന്വേഷിക്കാനോ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ സഹായകരമാകും. 2019 ജൂണ്‍ അവസാനിക്കുന്ന വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യുകെയില്‍ പഠിക്കാന്‍ വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 22,000 ആണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനവും മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് നൂറു ശതമാനവും വര്‍ധനവാണ് കാണിക്കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ സമയം യുകെയില്‍ ചെലവഴിക്കാനും ഇതുവരി കൂടുതല്‍ കഴിവുകളും പരിചയവും നേടാനും വിസ പുനഃ സ്ഥാപിക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റ് പ്രധാന പഠന സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി സംതൃപ്തിയുടെ കാര്യത്തില്‍ യു.കെ ഒന്നാം സ്ഥാനത്താണ്. കൂടുതല്‍ ആകര്‍ഷകമായ വിസ ഓഫര്‍ ലഭിക്കുന്നത് യു.കെയിലേക്ക് കൂടുതല്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ എത്താന്‍ ഇടയാക്കും - വര്‍ഷങ്ങളായി പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയ്ക്കായി ലോബി ചെയ്യുന്ന യൂണിവേഴ്സിറ്റീസ് യു.കെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിവിയന്‍ സ്റ്റേണ്‍ പറഞ്ഞു.