കാനഡയ്ക്കും യു.കെയ്ക്കും പ്രിയം കുറയുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴിഷ്ടം പുതിയ ചില രാഷ്ട്രങ്ങള്‍

ലിസ്റ്റില്‍ ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
Study Abroad
Image : Canva
Published on

വിദേശത്ത് പഠനവും മികച്ച ജോലിയും കുടിയേറ്റവും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട രാജ്യങ്ങളെന്ന പെരുമ കൈവിടുകയാണ് അമേരിക്കയും ബ്രിട്ടനും കാനഡയും. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തിരഞ്ഞെടുക്കാനുള്ള പ്രീതിയും കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ശന വീസ വ്യവസ്ഥകളും ഉയര്‍ന്ന പണച്ചെലവുകളുമാണ് പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടിപ്പറക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്.. നിലവില്‍ 2012 മുതലുള്ള കണക്കെടുത്താല്‍ ഏതാണ്ട് 15 ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്. ഇതിലേറെയും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ്.

2024ല്‍ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍

ഈ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് ശ്രദ്ധേയ രാജ്യങ്ങളിലേക്കും പഠനാവശ്യത്തിനായി പറക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ കൂടുതല്‍ പ്രിയം ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവയോടാണ്.

അയര്‍ലന്‍ഡ്, ലിത്വാനിയ, എസ്‌റ്റോണിയ, ടര്‍ക്കി, മാള്‍ട്ട, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പുതിയ പഠന ലൊക്കേഷനുകളാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലേക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധാരാളമായി പറക്കുന്നുണ്ട്. അതേസമയം നിരവധി ഏഷ്യന്‍ രാജ്യങ്ങളും പ്രിയം നേടുന്നുണ്ടെന്നതാണ് പ്രത്യേകത. ഇതില്‍ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നിവ ഉള്‍പ്പെടുന്നു.

എന്തുകൊണ്ട് പുതിയ രാജ്യങ്ങള്‍?

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തികഞെരുക്കം ഇനിയും അയഞ്ഞിട്ടില്ല. പുതിയ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകാത്തവിധം ഞെരുക്കത്തിലാണ് കാനഡയും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതും കാനഡയുടെ പെരുമ കെടുത്തുന്നു.

ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

അമേരിക്കയിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചടിയാകുന്നത് ഉയര്‍ന്ന ചെലവും കുറഞ്ഞ ജോലി സാധ്യതകളും വീസയ്ക്കുള്ള കാലതാമസവുമൊക്കെയാണ്. പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന പഠനച്ചെലവ് കുറവാണ്. ആകര്‍ഷകമായ വീസ നയങ്ങളും ജോലി ലഭിക്കാനുള്ള സാധ്യതകളും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. മാത്രമല്ല, ഒന്നരവര്‍ഷത്തിനകം തന്നെ സ്ഥിരതാമസാനുമതി ലഭിക്കുമെന്നതും ആകര്‍ഷണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com