

കോവിഡ് കാലഘട്ടമായിരുന്നു മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തിന് വിത്തുപാകിയത്. കോവിഡിനുശേഷം വരുമാനം വര്‍ധിപ്പിക്കാന്‍ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരുകളും തീരുമാനിച്ചത് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന് കാരണമായി. പേരിന് മാത്രം ഏതെങ്കിലും കോഴ്‌സ് തിരഞ്ഞെടുത്ത് വിദേശസ്വപ്‌നം തേടി വിമാനം കയറിയതില്‍ പലരും രക്ഷപ്പെട്ടു. ചിലര്‍ തിരിച്ചുവരുകയോ പ്രതിസന്ധികളിലൂടെ തന്നെ വിദേശത്ത് പിടിച്ചുനില്‍ക്കുകയോ ആണ്.
2022-24 കാലഘട്ടത്തെ അപേക്ഷിച്ച് വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായയി. കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥി ഒഴുക്ക് നാലിലൊന്നായി കുറഞ്ഞുവെന്ന് ഓവര്‍സീസ് എഡ്യുക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശ് ബാബു പറയുന്നു. മുമ്പ് എങ്ങനെയെങ്കിലും വിദേശത്തേക്ക് പോകുകയെന്നതായിരുന്നു പലരുടെയും പ്ലാന്‍. ഇപ്പോള്‍ വിദേശപഠനത്തിനായി വരുന്നവര്‍ കൃത്യമായ പഠനത്തിനുശേഷമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തോടുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. എന്നാല്‍, രാജ്യം, കോഴ്സ്, സര്‍വകലാശാല എന്നിവ തിരഞ്ഞെടുക്കുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനും കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണത ശക്തമായിട്ടുണ്ട്. വിദേശ വിദ്യാഭ്യാസത്തിനായി വരുന്ന അന്വേഷണങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
യുകെ, കാനഡ പോലുള്ള പരമ്പരാഗത വിദേശപഠന കേന്ദ്രങ്ങളിലെ വീസ, കുടിയേറ്റ നയങ്ങളിലുണ്ടായ മാറ്റങ്ങളെ വിദ്യാര്‍ത്ഥികള്‍ ആശങ്കയോടെയാണ് കാണുന്നത്. കാനഡ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കുകയും വീസ നിരസിക്കല്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുകെ ആശ്രിത വീസ നിയമങ്ങള്‍ കര്‍ശനമാക്കി. ഓസ്ട്രേലിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയപ്പോള്‍ യുഎസിലെ വീസ നടപടികളിലെ കാലതാമസവും അനിശ്ചിതത്വവും വിദ്യാര്‍ത്ഥികളുടെ തീരുമാനങ്ങളെ ബാധിക്കുന്നു.
കേരളത്തില്‍ വിദേശപഠനം ഒരു ബിരുദം നേടുന്നതില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. പഠനാനന്തര തൊഴില്‍, സ്ഥിരതാമസം, മികച്ച ജീവിതനിലവാരം തുടങ്ങിയ പ്രതീക്ഷകളും അതിനൊപ്പം ഉണ്ടായിരുന്നു. ഈ സാധ്യതകളില്‍ വ്യക്തത കുറഞ്ഞതോടെയാണ് പരമ്പരാഗത രാജ്യങ്ങളോടുള്ള വിശ്വാസത്തില്‍ ഇടിവ് സംഭവിച്ചത്.
ട്യൂഷന്‍ ഫീസ്, താമസം, ഇന്‍ഷുറന്‍സ്, ഭക്ഷണം, യാത്ര തുടങ്ങിയവയുടെ ചെലവ് ഗണ്യമായി ഉയര്‍ന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ടൊറന്റോ, ലണ്ടന്‍, സിഡ്‌നി, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലെ ജീവിതച്ചെലവ് റെക്കോര്‍ഡ് നിലവാരത്തിലാണ്. വിദ്യാഭ്യാസ വായ്പയെ ആശ്രയിച്ച് വിദേശത്തേക്ക് പോകുന്ന കുടുംബങ്ങളാണ് കൂടുതലായും വീണ്ടുവിചാരം നടത്തുന്നത്. പലരും ഇപ്പോള്‍ വായ്പയെടുത്ത് വിദേശത്തേക്ക് പോകാന്‍ മടിക്കുകയാണ്.
പഠനശേഷം തൊഴില്‍ വീസ ലഭിക്കുമോ, വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ, സ്ഥിരതാമസ സാധ്യത എത്രത്തോളമുണ്ട്, പഠിച്ചിറങ്ങിയാല്‍ ജോലി ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ പ്രധാനമായി ഉന്നയിക്കുന്നത്.
സ്ഥിരം രാജ്യങ്ങള്‍ വിട്ട് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പോകാനാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം. ജര്‍മനി, ജോര്‍ജിയ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പഠനശേഷം കൂടുതല്‍ തൊഴിലവസരങ്ങളുണ്ടെന്നതാണ് ഈ രാജ്യങ്ങളുടെ ആകര്‍ഷണീയത. എന്നാല്‍ ജര്‍മനിയില്‍ പോലും അവസരങ്ങള്‍ കുറഞ്ഞുവെന്ന് ബെര്‍ലിനില്‍ നേഴ്‌സിംഗ് പഠനം നടത്തുന്ന സ്റ്റാന്‍ലി ടോമി പറയുന്നു.
മുന്‍കാലങ്ങളില്‍ സര്‍വകലാശാലയുടെ റാങ്കിംഗിനും സാമൂഹിക സ്വാധീനത്തിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നത്. ഇപ്പോള്‍ നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടമാണ് വിദ്യാര്‍ഥികളുടെ പ്രധാന പരിഗണന.
കോഴ്സിന്റെ ആകെ ചെലവ്, പഠനശേഷമുള്ള ശരാശരി ശമ്പളം, പാര്‍ട്ട് ടൈം ജോലി, സ്ഥിരതാമസ സാധ്യത, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെ താരതമ്യം ചെയ്ത ശേഷമാണ് തീരുമാനമെടുക്കുന്നത്. വിദേശപഠനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതോടെ വിദ്യാര്‍ത്ഥികള്‍ പ്രായോഗികവും യുക്തിസഹവുമായ സമീപനമാണ് സ്വീകരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine