വിദേശ ഭാഷകള്‍ പഠിച്ചാല്‍ മികച്ച ശമ്പളത്തോടെ ജോലി കിട്ടും : രവിപിള്ള

വിദേശ ഭാഷകള്‍ പഠിച്ചാല്‍   മികച്ച ശമ്പളത്തോടെ ജോലി കിട്ടും : രവിപിള്ള
Published on

ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസവും മാറണമെന്ന് ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവിപിള്ള . വിദേശഭാഷകള്‍ പഠിച്ചാല്‍ യുവാക്കള്‍ക്ക് മികച്ച ശമ്പളമുള്ള ജോലി നേടാം. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും തിരുവനന്തപുരത്തു നടന്നുവരുന്ന ലോക കേരള സഭയിലെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. 2030 ഓടെ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ അടക്കം ഏഴ് രാജ്യങ്ങള്‍ തൊഴിലാളികള്‍ക്കായി ഇന്ത്യയെയാവും ആശ്രയിക്കുകയെന്ന് രവിപിള്ള നിരീക്ഷിച്ചു.

കേരളത്തില്‍ വന്‍ നിക്ഷേപത്തിന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു .മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമൊരുക്കാന്‍ കൂടുതല്‍ വ്യവസായങ്ങള്‍ വേണം. എന്നാല്‍, അതിന് ചില ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാവുന്നുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വമായ നടപടിയെടുക്കുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഉടക്കിടും. പ്രവാസികളുടെ കാര്യത്തില്‍ എല്ലാവരും യോജിക്കണമെന്ന് യൂസഫലി അഭ്യര്‍ത്ഥിച്ചു.

പഞ്ചായത്തുകളില്‍ വികസന പദ്ധതികള്‍ക്കായി എന്‍.ആര്‍.ഐ സഹകരണസംഘങ്ങള്‍ തുടങ്ങണമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രവാസി സര്‍വകലാശാല തുടങ്ങണം. രോഗികളായി മടങ്ങിയെത്തുന്നവരുടെ പരിരക്ഷയ്ക്ക് ഇന്‍ഷ്വറന്‍സ് സ്‌കീം വേണം. വിദേശത്തായിരിക്കുമ്പോള്‍ ഇന്‍ഷ്വറന്‍സില്‍ പണമടയ്ക്കാന്‍ സൗകര്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി നിക്ഷേപകരുടെയും വ്യവസായികളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം നല്‍കണമെന്ന് ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയി നിര്‍ദേശിച്ചു. കാന്‍സറിന് കടിഞ്ഞാണിടാന്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാന ഒരുക്കണമെന്ന് ഡോ.എം.വി. പിള്ള പറഞ്ഞു. തിരുവനന്തപുരത്തെ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ട് വളരണം. കാന്‍സര്‍ പ്രതിരോധത്തിന് ലോകാരോഗ്യസംഘടനയും അമേരിക്കന്‍ കാന്‍സര്‍ സെന്ററും സഹായം നല്‍കും. കേരളത്തില്‍ നിന്ന് മികച്ച ഗവേഷകരെ വാര്‍ത്തെടുക്കാന്‍ ജപ്പാന്‍ സര്‍വകലാശാല എല്ലാവര്‍ഷവും രണ്ട് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ സന്നദ്ധതയറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജന്മ നാടായ കൊല്ലം അഞ്ചലില്‍ ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കാന്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സര്‍ക്കാരിന്റെ അനുമതി തേടി. ദേഹത്ത് ധരിക്കുന്ന ഉപകരണത്തിലൂടെ പ്രവാസികള്‍ക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യം നിരീക്ഷിക്കാനാവുന്ന പദ്ധതിയുടെ രേഖ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനുള്ള മുഴുവന്‍ ചെലവും സാങ്കേതികസഹായവും വഹിക്കാമെന്നും പൂക്കുട്ടി പറഞ്ഞു.

പ്രവാസികള്‍ക്കായി നാട്ടില്‍ പ്രത്യേക ആരോഗ്യസംരക്ഷണ പദ്ധതിയൊരുക്കണമെന്ന് ഗള്‍ഫിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി ആവശ്യപ്പെട്ടു. യുവാക്കളടക്കം 350 പേരാണ് കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ മരിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com