യുക്രെയിന്‍ പോണാല്‍ പോകട്ടും! എം.ബി.ബി.എസ് പഠിക്കാന്‍ പുതിയ രാജ്യം കണ്ടെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയത് പരിഗണിച്ച്, 40 ഇന്ത്യന്‍ അദ്ധ്യാപകരെയും സര്‍വകലാശാല പുതുതായി നിയമിച്ചിട്ടുണ്ട്
Doctor and Usbek University
Image : Canva and sammu.uz
Published on

ഡോക്ടറാവുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി, വിദേശത്ത് എം.ബി.ബി.എസ് പഠിക്കാനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട ലൊക്കേഷനായിരുന്നു യൂറോപ്യന്‍ രാജ്യമായ യുക്രെയ്ന്‍. ഓരോ വര്‍ഷവും ശരാശരി 25,000 വിദ്യാര്‍ത്ഥികള്‍ എം.ബി.ബി.എസ് പഠിക്കാന്‍ വിദേശത്തേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ മുന്തിയപങ്കും പോയിരുന്നത് യുക്രെയ്‌നിലേക്കായിരുന്നു.

റഷ്യയുമായുള്ള യുദ്ധത്തിലകപ്പെട്ട യുക്രെയ്‌നില്‍ ഇപ്പോള്‍ പഠിക്കാനായി പോകാനാവാത്ത സ്ഥിതിയാണ്. ഇത് ഇന്ത്യന്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ ചില്ലറയൊന്നുമല്ല വലച്ചതും. എന്നാല്‍, ഇപ്പോഴിതാ, എം.ബി.ബി.എസ് ബിരുദം നേടാന്‍ പുതിയ രാജ്യവും സര്‍വകലാശാലയും കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.

സമര്‍കണ്ഡ് സര്‍വകലാശാല, ഉസ്‌ബെകിസ്ഥാന്‍

മധ്യേഷ്യയിലുള്ള പഴയ സോവിയറ്റ് റിപ്പബ്ലിക് രാജ്യമായ ഉസ്‌ബെകിസ്ഥാനിലെ സമര്‍കണ്ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ് (Samarkand University) ഡോക്ടറാവുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആദ്യപടിയായ എം.ബി.ബി.എസ് ബിരുദം നേടാനായി ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറക്കുന്നത്. 93 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സര്‍വകലാശാലയാണിത്.

2021 വരെ ഇവിടെ എത്തിയിരുന്നത് 100-150 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഈ വര്‍ഷമാകട്ടെ എണ്ണം 3,000 കടന്നു. യുക്രെയ്‌നില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ എം.ബി.ബി.എസ് പഠിച്ചുകൊണ്ടിരിക്കേ, യുദ്ധം മൂലം പഠനം മുടങ്ങിയ ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമര്‍കണ്ഡ് ര്‍വകലാശാല പ്രവേശനം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയത് പരിഗണിച്ച്, 40 ഇന്ത്യന്‍ അദ്ധ്യാപകരെയും സര്‍വകലാശാല പുതുതായി നിയമിച്ചിട്ടുണ്ട്. അദ്ധ്യാപനവും പഠനവും എളുപ്പമാക്കാനാണിത്.

ഉസ്‌ബെക്കിലെ പഠനം

പെണ്‍കുട്ടികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് എം.ബി.ബി.എസ് പഠിക്കാന്‍ ഉസ്‌ബെക് സര്‍വകലാശാലയിലേക്ക് ചേക്കേറുന്നത്. ഇന്ത്യയില്‍ എം.ബി.ബി.എസ് ബിരുദം അഞ്ചര വര്‍ഷമാണെങ്കില്‍ ഉസ്‌ബെക്കില്‍ 6 വര്‍ഷമാണ്. ഇംഗ്ലീഷിലാണ് പഠനം. യുക്രെയ്‌നിനെ അപേക്ഷിച്ച് പഠനച്ചെലവും കുറവാണെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്ന് എം.ബി.ബി.എസ് നേടിയാലും പ്രാക്ടീസിനായുള്ള ലൈസന്‍സിനായി പ്രത്യേക പരീക്ഷ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എക്‌സാമിനേഷന്‍/FMGE) എഴുതേണ്ടതുണ്ട്. ഉസ്‌ബെക്കിലെ എം.ബി.ബി.എസ് നേടിയാല്‍ അതുതന്നെ ലൈസന്‍സാണെന്നും പ്രത്യേക ടെസ്റ്റ് എഴുതേണ്ടതില്ലെന്നും ഒരു വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com