പണമില്ല; ബജറ്റിലെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്ന് 3000 കോടി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ക്‌ളേശം രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു മേല്‍ കരനിഴല്‍ പരത്തുന്നു.2019-20 ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി അനുവദിച്ച തുകയായ 56,563 കോടി രൂപയില്‍ നിന്ന് 3000 കോടി വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ട്.

ഫണ്ട് കുറച്ചത് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ നിരവധി പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ തന്നെ പ്രവര്‍ത്തന ഫണ്ട് കുറവാണ്. അതിനിടയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം അറിയിപ്പ് നല്‍കിയെന്ന് എച്ച് ആര്‍ ഡി വകുപ്പിനെ ഉദ്ധരിച്ച് 'ദ പ്രിന്റ് 'റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ബജറ്റില്‍ നീക്കിവെച്ച മുഴുവന്‍ തുകയായ 56,563 കോടി രൂപയും ലഭിക്കണമെന്ന് എച്ച് ആര്‍ ഡി ഉദ്യോഗസ്ഥര്‍ വാദിച്ചതു വിഫലമായി. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പണം ലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ധനമന്ത്രാലയം വഴങ്ങിയില്ല.എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സമ്പൂര്‍ണ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമം തുടര്‍ന്നു വരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന ഫണ്ട് ആനുപാതികമായി വര്‍ധിക്കുന്നുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്. മൂന്ന് വര്‍ഷത്തിനിടെ 9,000 കോടിയുടെ വളര്‍ച്ചയുണ്ടായെന്ന് കണക്കുകള്‍ പറയുന്നു. 2017-18ല്‍ 46,000 കോടിയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കിയിരുന്നത്. 2018-19ല്‍ 50,113 കോടിയും അനുവദിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it