സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഉന്നത പദവികളില്‍
സ്വദേശിവല്‍ക്കരണ തോത് 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിര്‍ദ്ദേശത്തിന്
സൗദി ഷൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വദേശികള്‍ക്കിടയിലെ
തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി
നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ എഴുപത്തഞ്ച് ശതമാനം തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നതാണ് തൊഴില്‍ നിയമത്തിലെ ഇരുപത്തിയാറാം അനുഛേദത്തില്‍ പുതിയ നിര്‍ദ്ദേശം കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭേദഗതി. സ്ഥാപനത്തിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ അനുപാതം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നു നിബന്ധനയുണ്ട്.
സ്ഥാപനം നിര്‍ദ്ദേശിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദം നല്‍കും. ഇത് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോട് കൂടി മാത്രമായിരിക്കുമെന്നും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നു.
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഭേദഗതി .ഷൂറാ കൗണ്‍സിലിനു കീഴിലുള്ള സാമൂഹ്യ കാര്യ, കുടുംബ യുവജന കമ്മിറ്റിയാണ് കരട് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുക, അനുഗുണമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്.
നിലവില്‍ പന്ത്രണ്ട് ശതമാനമാണ് സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്.രണ്ടായിരത്തി മുപ്പതോടെ ഇത് ഏഴ് ശതമാനമായി കുറയ്ക്കുന്നതിനാണ് പദ്ധതികളാവിഷ്‌കരിച്ചു വരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline