

മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പിന് കീഴിലുള്ള സ്വാശ്രയ സ്ഥാപനമായ കൊച്ചിയിലെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സിന് (MITS) യു.ജി.സിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി ലഭിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഈ സവിശേഷമായ പദവി നല്‍കിയത്. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജി യൂണിവേഴ്്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി സിലബസ് തയ്യാറാക്കുന്നതിനും വ്യത്യസ്തമായ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ഇതോടെ അനുമതിയായി.
പുതിയ കോഴ്‌സുകള്‍ കൊണ്ടു വരുന്നതിനും ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും കേന്ദ്ര അംഗീകാരത്തിനായി ഇനി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കാത്തു നില്‍ക്കേണ്ടതില്ല. കോഴ്‌സുകളില്‍ പുതിയ അപ്‌ഡേഷനുകള്‍, വ്യവസായങ്ങളുമായി ബന്ധിപ്പിച്ചുള്ള പ്രോഗ്രാമുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ സ്വന്തം നിലയില്‍ നടപ്പാക്കാം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സിലബസ് പരിഷ്‌കരണം, പഠന രീതി, വിദ്യാര്‍ഥികള്‍ക്കുള്ള പ്ലേസ്‌മെന്റുകള്‍ എന്നിവയില്‍ സ്വതന്ത്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയും.
വിദ്യാഭ്യാസ രംഗത്ത് നവീകരണം ലക്ഷ്യമിട്ടാണ് കോളേജുകള്‍ക്ക് യു.ജി.സി സ്വയംഭരണ പദവി നല്‍കുന്നത്. ഇത് വഴി ആഗോളതലത്തിലെ തൊഴില്‍ സാധ്യതകളില്‍ ഗവേഷണം നടത്തി പുതിയ കോഴ്സുകള്‍ അവതരിപ്പിക്കാന്‍ കോളേജുകള്‍ക്ക് കഴിയും.
മുത്തൂറ്റ് എം ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന കമ്പനിയുടെ കീഴിലാണ് മുത്തുറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് എന്ന സ്ഥാപനം കൊച്ചി പുത്തന്‍ കുരിശില്‍ സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായി സ്ഥിതി ചെയ്യുന്നത്. ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ആണ് മാനേജിംഗ് ഡയറക്ടര്‍. എഞ്ചിനിയറിംഗ് പഠനത്തില്‍ വിവിധ യു.ജി, പി.ജി കോഴ്‌സുകള്‍ക്കാണ് അംഗീകാരമുള്ളത്. സിവില്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ പരമ്പരാഗതവും ആധുനികവുമായ വിഷയങ്ങളില്‍ കോഴ്സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine