ജെംസ് ഗ്രൂപ്പിന്റെ ലക്ഷ്വറി സ്‌കൂള്‍ ദുബൈയില്‍; 850 കോടി രൂപയുടെ പദ്ധതി; നിക്ഷേപമിറക്കാന്‍ ഒമാന്‍ ഫണ്ടും

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാമ്പസില്‍ വാര്‍ഷിക ഫീസ് 27 ലക്ഷം രൂപ മുതല്‍
gems education logo
gems education logo Image/gemseducation/fb
Published on

ദുബൈയിലെ ആഡംബര വിദ്യാലയത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രമുഖ മലയാളി ഗ്രൂപ്പായ ജെംസ്. 850 കോടി രൂപ ചെലവില്‍ ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ കാമ്പസ് വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചരിത്രമാകും. ഉയര്‍ന്ന ഫീസില്‍ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്ന പുതിയ കാമ്പസ് ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങും.

നിക്ഷേപവുമായി ഒമാന്‍ ഫണ്ട്

ജെംസിന്റെ പുതിയ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ മസ്‌കറ്റ് ബാങ്കിന് കീഴിലുള്ള ഇസ്ദിഹാര്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ടാണ് മുന്നോട്ടു വന്നിട്ടുള്ളത്. നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല. ഒമാന്‍ ഫണ്ടിന്റെ നിക്ഷേപ താല്‍പര്യം ജെംസിന്റെ കാമ്പസിനെ ശക്തിപ്പെടുത്തുമെന്ന് ജെംസ് എജുക്കേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ഡിനോ വര്‍ക്കി ദുബൈയില്‍ പറഞ്ഞു.

ഗ്ലോബല്‍ എജുക്കേഷന്‍ ഹബായി മാറുന്ന ദുബൈയില്‍ ഉന്നത നിലവാരമുള്ള കാമ്പസ് എന്ന ലക്ഷ്യത്തിലേക്കാണ് ജെംസ് ഗ്രൂപ്പ് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ ഫണ്ട് മാനേജറായ ബ്രൂക്ക്ഫീല്‍ഡും ദുബൈ ആസ്ഥാനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്‌സും ജെംസിന്റെ പദ്ധതികളില്‍ നിക്ഷേപം നടത്തിയിരുന്നു.

അത്യാധുനിക സൗകര്യങ്ങള്‍

ഒളിംപിക് സൈസ് സ്വിമ്മിംഗ് പൂള്‍, ഹെലിപ്പാഡ്, എന്‍.ബി.എ നിലവാരത്തിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, പ്രീമിയര്‍ ലീഗ് നിലവാരമുള്ള ഫുട്ബാള്‍ മൈതാനം തുടങ്ങി ലോക നിരവാരത്തിലുള്ള സൗകര്യങ്ങളാണ് കാമ്പസിലുള്ളത്. എന്‍ഹാന്‍സ്ഡ് ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന കാമ്പസില്‍ നിര്‍മിത ബുദ്ധിയും ബ്ലോക് ചെയിന്‍ ടെക്‌നോളജിയും പൂര്‍ണമായി ഉപയോഗപ്പെടുത്തിയാണ് പഠനം. 1,16,000 ദിര്‍ഹം (27 ലക്ഷം രൂപ) മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം (46.5 ലക്ഷം രൂപ) വരെയാണ് വാര്‍ഷിക ഫീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com