ഓണ്‍ലൈന്‍ പ്രൈവറ്റ് ട്യൂഷന്‍ മികച്ച വരുമാനം; നിയന്ത്രണവുമായി യുഎഇ; ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

വിദ്യാഭ്യാസ വകുപ്പിന്റെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാകും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി
Online tuition
Online tuition
Published on

മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാസമ്പന്നരായ പ്രവാസികളുടെ ഓണ്‍ലൈന്‍ പ്രൈവറ്റ് ട്യൂഷന്‍ വരുമാനം നിയമവിധേയമാക്കാന്‍ യുഎഇ സര്‍ക്കാര്‍. നിലവില്‍ നിയമവിധേയമല്ലാത്ത രീതിയില്‍ ജോലി ചെയ്യുന്ന സ്വകാര്യ ട്യൂട്ടര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആര്‍ക്കെല്ലാം സ്വകാര്യ ട്യൂഷന്‍ നടത്താന്‍ അര്‍ഹതയുണ്ട് എന്നത് ഉള്‍പ്പടെയുള്ള നിബന്ധനകളുമായാണ് പുതിയ ചട്ടം. യുഎഇ വിദ്യാഭ്യാസ, മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന ലൈസന്‍സിംഗ് സംവിധാനത്തില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്.

ലൈസന്‍സിന് ഫീസില്ല

സ്വകാര്യ ട്യൂഷന്‍ മേഖലയെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ആദ്യപടിയായാണ് ഫീസ് ഈടാക്കാതെ ലൈസന്‍സ് നല്‍കുന്നത്. യു.എ.ഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍, 15 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കും.

നാലു വിഭാഗങ്ങളില്‍ അപേക്ഷിക്കാം

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റു ജോലിക്കാര്‍, തൊഴില്‍രഹിതര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എമിറേറ്റ്‌സ് ഐഡി അല്ലെങ്കില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, വിദ്യാര്‍ഥികളാണെങ്കില്‍ രക്ഷിതാക്കളില്‍ നിന്നുള്ള നിരാക്ഷേപ പത്രം (എന്‍ഒസി), ശാരീരിര ക്ഷമതാ സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ https://publicservices.mohre.gov.ae/UserNotifications/MohrePrivateTeacherWorkPermti എന്ന വെബ് സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

പ്രവാസി വനിതകള്‍ക്ക് ഗുണകരം

നിലവില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസി വനിതകള്‍ യുഎഇയില്‍ സ്വകാര്യ ട്യൂഷന്‍ നല്‍കുന്നുണ്ട്. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് ഇത് മികച്ച വരുമാനമാര്‍ഗമാണ്. വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന മലയാളി വീട്ടമ്മമാര്‍ യുഎഇയിലെയും നാട്ടിലെയും കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ട്യൂഷന്‍ നല്‍കി വരുന്നു. അതേസമയം, ട്യൂഷനെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നത്. കൂടുതല്‍ പേരെ ലൈസന്‍സിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈകാതെ സ്വകാര്യ ട്യൂഷന് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സൂചനയുണ്ട്. അതോടെ, വിദ്യാഭ്യാസ വകുപ്പിന്റെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാകും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com