ഇന്റര്‍വ്യൂവില്‍ ജയിക്കാനുള്ള 7 മന്ത്രങ്ങള്‍
വളരെ ബുദ്ധിമുട്ടി പഠിച്ച് ടെസ്റ്റ് എഴുതി ഒരു ഇന്റര്‍വ്യൂവിന്റെ കടമ്പ വരെ എത്തി അവിടെ കലമിട്ട് ഉടക്കുന്നവരാണ് ഉദ്യോഗാര്‍ത്ഥികളില്‍ മുന്തിയഭാഗവും എന്നാണ് എന്റെ അനുഭവം. നല്ല പരിശീലനംകൊണ്ട് ഈ അവസാന കടമ്പയും നിഷ്പ്രയാസം കടക്കാനാകും. എങ്ങനെയാണ് ഒരു ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കുന്നത്? 15 മുതല്‍ 20 വര്‍ഷം വരെയുള്ള പഠിത്തത്തിനുശേഷം മല്‍സര പരീക്ഷ ഉണ്ടെങ്കില്‍ അതിനും ഒന്നും രണ്ടും (ചിലപ്പോള്‍ അതിലും കൂടുതലും) വര്‍ഷങ്ങള്‍ കുത്തിയിരുന്ന് പഠിച്ച് ജയിക്കുമ്പോഴാണ് ഒരിന്റര്‍വ്യൂ കാര്‍ഡ് മുന്നില്‍ വന്നുപെടുന്നത്. എന്നാല്‍ ഈ അധ്വാനം ഇന്റര്‍വ്യൂവില്‍ 30 മിനിറ്റുകൊണ്ട് കൊഴിഞ്ഞുപോകുന്നു.
ഒരുദ്യോഗാര്‍ത്ഥി ആ ജോലിക്ക് പ്രാപ്തനാണോ എന്ന് പരിശോധിക്കാനാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ജോലിക്കുളള പ്രാപ്തിയെ അയാളുടെ എംപ്ലോയ്ബിലിറ്റി സ്‌കില്‍ എന്നു പറയും. ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളില്‍പ്പോലും 85 ശതമാനവും എംപ്ലോയ്ബിലിറ്റി സ്‌കില്‍ ഉള്ളവരാണെങ്കില്‍ ഇന്ത്യയില്‍ അത് 10 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്റര്‍വ്യൂവില്‍ ജയിക്കാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.
1. ഇന്റര്‍വ്യൂവിന്റെ പ്രാധാന്യത്തെപ്പറ്റി അറിയുക
ഇന്റര്‍വ്യൂവിന് പ്രത്യേകം തയാറാകാതെ റെക്കമെന്റേഷന്‍ കൊണ്ടും, പണംകൊടുത്തും കാര്യങ്ങള്‍ സാധിക്കുമെന്നുള്ള മിഥ്യാധാരണയാണ് ആദ്യം മാറ്റണ്ടത്. ഒരാള്‍ പണം കൊടുത്തു എന്നതുകൊണ്ട് സ്‌കില്‍ഡ് ആയിട്ടുള്ള ഒരാള്‍ക്ക് ലഭിക്കാനുള്ള മാര്‍ക്കില്‍ അല്‍പ്പംപോലും ഒരു ഇന്റര്‍വ്യൂബോര്‍ഡും കുറയ്ക്കുകയില്ല. നിങ്ങള്‍ ശോഭിച്ചാല്‍ നിങ്ങള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കാരണം എത്ര ശുപാര്‍ശ ഉണ്ടെങ്കിലും കഴിവില്ലാത്ത ഒരാളെ ജോലിക്കെടുത്ത് സ്ഥാപനം നശിപ്പിക്കാന്‍ ഒരുദ്യോഗദാതാവും ആഗ്രഹിക്കില്ല.
2 . പുഞ്ചിരിക്കൂ
ഇന്റര്‍വ്യൂവിന് മുറിയിലേക്കു കയറുമ്പോള്‍ ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെ കയറുക. പരിഭ്രമവും പരാജയഭീതിയുംകൊണ്ട് പേടിച്ചുവിരണ്ട മുഖവുമായാണ് മിക്കവാറും പേര്‍ ഇന്റര്‍വ്യൂവിന് കയറുന്നത്. പുഞ്ചിരിയോടെ കയറിയാല്‍ നിങ്ങള്‍ക്ക് 25 ശതമാനം മാര്‍ക്ക് കിട്ടുമെന്ന് എന്റെ ഗാരണ്ടി. പരിചയമില്ലാത്ത ആള്‍ക്കാരെ നേരെ നോക്കി പുഞ്ചിരിച്ച് ശീലിച്ചാല്‍ ഇത് മാറ്റാന്‍ പറ്റും. ഒന്നു ശ്രമിച്ചു നോക്കൂ, ഇനി മുതല്‍ അപരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുക.
3. തന്നെത്തന്നെ അറിയുക
സ്വയം പരിചയപ്പെടുത്താന്‍ 10 വാക്കുകളെങ്കിലും പഠിച്ചിരിക്കുക. മിക്കവാറും ഇന്റര്‍വ്യൂകളില്‍ ഒന്നാമത്തെ ചോദ്യം 'നിങ്ങള്‍ നിങ്ങളെത്തന്നെ പരിചയപ്പെടുത്തൂ' എന്നാകും. ഇതിന് മറുപടിയായി പല ഉദ്യോഗാര്‍ത്ഥികളും സ്വന്തം പേരു പറഞ്ഞ് അവസാനിപ്പിക്കലാണ് പതിവ്. പോര, നിങ്ങളെപ്പറ്റി 10 വാക്യങ്ങളെങ്കിലും കാണാതെ പഠിച്ച് പറയാന്‍ ശീലിക്കുക.
4. അറിയാത്തത് അറിയില്ലെന്ന് പറയുക
ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നിങ്ങള്‍ക്ക് അറിയണമെന്നില്ല. ലോകത്തില്‍ ഒരാളും ഒരു എന്‍സൈക്ലോപീഡിയ (ഇപ്പോഴത്തെ ഭാഷയില്‍ ഗൂഗിള്‍) അല്ലല്ലോ ഒരു ചോദ്യത്തിന് രണ്ടുത്തരമുണ്ട്. ഒന്ന് കൃത്യമായ വിവരം മറ്റേത് 'ക്ഷമിക്കണം, എനിക്കറിയില്ല സര്‍' എന്നത്. ഒരുപക്ഷേ ഒരു ഇന്റര്‍വ്യൂവില്‍ അനേകം ചോദ്യങ്ങള്‍ക്ക് 'ക്ഷമിക്കണം സര്‍, അതിന്റെ ഉത്തരം എനിക്കറിയില്ല' എന്നു പറയേണ്ടിവന്നാലും ഊഹാപോഹങ്ങളായ ഉത്തരങ്ങള്‍ നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിനെ പറ്റിക്കാന്‍ ശ്രമിക്കുന്ന ആള്‍ എന്നതിനേക്കാള്‍ നല്ല മാര്‍ക്കാകും 'എനിക്കറിയില്ല' എന്ന ഉത്തരത്തിന് കിട്ടുന്നത്.
5 . കമ്പനിയെക്കുറിച്ചും ജോലിയെക്കുറിച്ചും പഠിക്കുക
ഇന്റര്‍നെറ്റിന്റെ ഈ യുഗത്തില്‍ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നെറ്റില്‍ ധാരാളമായി കിട്ടുമെങ്കിലും ഇതൊന്നും നോക്കാതെയും പഠിക്കാതെയുമാണ് പലരും ഇന്റര്‍വ്യൂവിന് വരുന്നത്. പരസ്യപ്പെടുത്തിയിരിക്കുന്ന ജോലിക്ക് താന്‍ എത്രമാത്രം യോഗ്യനാണ് എന്നു പറഞ്ഞു മനസിലാക്കേണ്ട ചുമതല ഉദ്യോഗാര്‍ത്ഥിക്കാണ്. അതുകൊണ്ട് ആ കമ്പനിയെക്കുറിച്ചും ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ച് ശേഖരിക്കാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചു പഠിച്ച് അവതരിപ്പിക്കുക.
6. പഠിച്ച വിഷയം നല്ലതുപോലെ മനസിലാക്കുക
ഒരാള്‍ ഒരു വിഷയത്തില്‍ വിദഗ്ധനാണോ എന്നറിയാനുള്ള ടെസ്റ്റ് അയാള്‍ക്ക് ആ വിഷയം ഒരു സാധാരണക്കാരനെ പറഞ്ഞത് മനസിലാക്കിക്കാന്‍ കഴിയുമോ എന്നതാണ്' എന്നൊരു ചൊല്ലുണ്ട്. ഒരനുഭവം പറയാം. കേരളത്തിലെ ഒരു പ്രമുഖ കമ്പനിക്ക് സിസ്റ്റം അനലിസ്റ്റിനെ നിയമിക്കാനുള്ള ഇന്റര്‍വ്യൂവില്‍ കംപ്യൂട്ടര്‍ വൈറസ് എന്താണെന്ന് വിശദീകരിക്കാനാണ് ഇന്റര്‍വ്യൂവില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എം.സി.എ/ബിടെക് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്കൊന്നും അതിനായില്ല. ആരെയും തെരഞ്ഞെടുത്തുമില്ല.പഠിക്കുന്ന വിഷയങ്ങളുടെ പ്രായോഗികത അത് കവിതയായാലും സ്പേസ് സയന്‍സ് ആയാലും സാധാരണക്കാരന് മനസിലാകുന്നവിധം അവതരിപ്പിക്കാനുള്ള കല ഉദ്യോഗാര്‍ത്ഥി വശമാക്കണം.
7. നിങ്ങള്‍ നിങ്ങളാകാന്‍ പഠിക്കുക
നിങ്ങളുടെ ഉത്തരം സത്യസന്ധമായിരിക്കണം, ജാഡകളെക്കാളും കെട്ടുകാഴ്ചകളെക്കാളും സത്യസന്ധതയും, എളിമയും കൂടുതല്‍ മാര്‍ക്ക് നേടാന്‍ സഹായിക്കും. മേല്‍പ്പറഞ്ഞ ഏഴ് മന്ത്രങ്ങളും ശ്രദ്ധിച്ച് പരിശീലിച്ചാല്‍ ഏത് ഇന്റര്‍വ്യൂവിലും വിജയിക്കാനുള്ള സാധ്യത വളരെ കൂടും എന്നോര്‍ക്കുക.
ലേഖകന്‍: കെ.പി ഔസേപ്പ് IFS (Rtd) - (വനം വകുപ്പില്‍ ചീഫ് കണ്‍സര്‍വേറ്ററായി വിരമിച്ചു, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിലും സിവില്‍ സര്‍വീസ്, മറ്റ് മല്‍സരപരീക്ഷകള്‍ എന്നിവയിലും മെന്ററിംഗ് നടത്തുന്ന എറണാകുളത്തെ 'ഔസേപ്പ്സ് അക്കാഡമി'യുടെ സ്ഥാപകനുമാണ്.)