ആദ്യ ജോലി തെരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലിലേക്കുള്ള ചുവടുവെപ്പാണ് ആദ്യ ജോലി. നിങ്ങളുടെ കരിയറിന്റെ ആദ്യ ഘട്ടം. എത്രവലിയ സ്ഥാനത്ത് നിങ്ങള്‍ എത്തിയെന്നിരിക്കട്ടെ, അപ്പോഴൊക്കെ എവിടെ നിന്ന് നിങ്ങള്‍ കരിയര്‍ തുടങ്ങിയെന്ന് എല്ലാ തൊഴില്‍ ദാതാക്കളും ശ്രദ്ധിക്കും. ആദ്യ ജോലി തെരഞ്ഞെടുക്കുമ്പോള്‍ വേതനത്തിനല്ല നിങ്ങളുടെ പാഷനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യ ജോലി തെരഞ്ഞെടുക്കുമ്പോള്‍ സഹായകമാകുന്ന ചില മാര്‍ഗനിര്‍ദേശങ്ങളിതാ.

നിങ്ങളുടെ മേഖലയാണോ?

ഭാവിയില്‍ നിങ്ങള്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്ന മേഖലയിലാണോ നിങ്ങള്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുക. ഉദാഹരണത്തിന് എം.എസ് ഡബ്ല്യു പഠിച്ച വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് രംഗത്താണ് കഴിവും താല്‍പര്യവും എന്നിരിക്കട്ടെ, അതിനനുസരിച്ചുള്ള ജോലിയാണ് തെരഞ്ഞെടുക്കേണ്ടത്.

കൂടുതല്‍ പഠിക്കാനുള്ള സാഹചര്യമുണ്ടോ?

തിയറിയിലുള്ള നിങ്ങളുടെ അറിവിനേക്കാളും കരിയറില്‍ ആവശ്യം, ചെയ്യുന്ന തൊഴിലിലുള്ള അറിവാണ്. അതിനാല്‍ പുതിയ കാര്യങ്ങള്‍പഠിച്ചെടുക്കാനും സ്വയം വളരാനുമുള്ള അവസരം പുതിയ തൊഴിലിടത്തില്‍ ഉണ്ടോ എന്നു നോക്കേണ്ടതാണ്.

അവിടെ നിങ്ങള്‍ക്കായി ചെയ്യാന്‍ എന്തെങ്കിലുമുണ്ടോ ?

വന്‍ കമ്പനികളില്‍ ആദ്യ ജോലി ലഭിക്കുന്ന പല പ്രൊഫഷണലുകളും അവിടത്തെ ബഹളങ്ങളില്‍ മുങ്ങിപ്പോകാറുണ്ട്. സ്വന്തമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് ജോലി വിട്ടു പോകുമ്പോള്‍ സ്വന്തമായി നേട്ടമൊന്നും എടുത്ത് കാണിക്കാനില്ലാതെയാകരുത്.

കമ്പനിയുടെ പ്രൊമോഷന്‍ പോളിസി എന്താണ്?

പ്രൊമോഷനുള്ള കാലാവധി എത്ര കാലമാണ് തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കുക.

ഈ ജോലിയില്‍ തിളങ്ങാന്‍ കഴിയുമോ?

ആ ജോലിയില്‍ നിങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയുമോ എന്നുള്ള ആത്മവിശ്വാസം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ജോലി തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് ' മാര്‍ക്കറ്റിങ് എനിക്ക് കഴിയില്ല'' എന്നു തോന്നുന്നവര്‍ ഒരിക്കലും ഒരു ജോലിക്കു വേണ്ടി മാത്രം ആ വഴി തെരഞ്ഞെടുക്കരുത്.

കമ്പനിയെ വിലയിരുത്തുക

ആദ്യജോലി വന്‍കിട കമ്പനികളിലാണ് നല്ലതെന്ന് വിചാരിക്കരുത്. ഒരുപക്ഷെ നിങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് ചെറിയ സ്ഥാപനങ്ങളിലാകാം. എന്നാല്‍ അവിടുത്തെ വളര്‍ച്ചാ സാധ്യത, പ്രൊഫഷണലിസം എന്നിവ പ്രധാനമാണ്. സമൂഹത്തില്‍ പോസിറ്റീവ് ഇമേജ് ഉള്ള സ്ഥാപനമാണോ എന്ന് കൃത്യമായി മനസ്സിലാക്കണം.

പ്രതിഫലം പ്രധാനമാണോ?

മികച്ച പ്രതിഫലം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശമ്പളം മാത്രമല്ല അതിനുള്ള മാനദണ്ഡം. ചില കമ്പനികളില്‍ ശമ്പളം കുറവായിരിക്കും. എന്നാല്‍ കമ്പനിയുടെ ഓഹരി പങ്കാളിത്തം നിങ്ങള്‍ക്കു ലഭിക്കും. മാത്രമല്ല ശമ്പളം കൂടാതെയുള്ള അലവന്‍സ്, പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍ പരിശോധിക്കണം.

എല്ലാം ശരിയാകാന്‍ കാത്തിരിക്കരുത്

എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ജോലിക്കായി കാത്തിരിക്കുന്നത് അബദ്ധമാണ്. പ്രത്യേകിച്ച് തുടക്കത്തില്‍. നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഫറുകളില്‍ വച്ച് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം.

ലേഖനം 2010 നവംബറില്‍ 15 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. അവലംബം(ഫിസാറ്റ് ബിസിനസ് സ്‌കൂള്‍ പ്ലേസ്‌മെന്റ് സലവനും അസി.പ്രൊഫസറുമായ സാബു മംഗലശ്ശേരി, എക്‌സാലിബര്‍ ദ പ്ലേസ്‌മെന്റ് പീപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സിന്ധു രവി എന്നിവരില്‍ നിന്ന് അന്ന് ശേഖരിച്ച വിവരങ്ങള്‍)

Related Articles
Next Story
Videos
Share it