കോവിഡ് അനിശ്ചിതത്വത്തില്‍ ഉലഞ്ഞ് ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

ഇക്കൊല്ലം പ്രൊഫഷണല്‍ കോളജ് പഠനം കഴിഞ്ഞിറങ്ങുന്ന ബഹുഭൂരിപക്ഷം കുട്ടികളുടെയും കാര്യത്തില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഫലശൂന്യമായി മാറുന്നു.മുഖ്യമായും കോവിഡ് അനിശ്ചിതത്വം മൂലം 66 % പേരും ഒരു ഓഫറിനുമുള്ള സാധ്യത കാണാതെയാണ് ക്യാമ്പസിനോടു വിട പറയുന്നതെന്ന് ജോബ് പോര്‍ട്ടല്‍ നൗകരി ഡോട്‌കോം നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 82 ശതമാനം കോളേജുകളിലും 2020 ബാച്ചിന്റെ പ്ലേസ്മെന്റ് സാധ്യതയെ കോവിഡ്് ബാധിച്ചു.74 ശതമാനം പ്രീ-ഫൈനല്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് ഓഫറുകളും ഫലശൂന്യമായ സ്ഥിതിയിലാണ്.

ജോബ് പോര്‍ട്ടല്‍ സര്‍വേ നടത്തിയത് 1,300 പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്.മൂന്നിലൊരാള്‍ക്ക് വീതമാണ് ഓഫര്‍ ലെറ്റര്‍ ലഭിച്ചത്.പക്ഷേ, അതില്‍ 44% പേരും ചേരേണ്ട തീയതി വൈകുന്നതായി സ്ഥിരീകരിച്ചു. 9 % പേര്‍ തങ്ങളുടെ ഓഫറുകള്‍ പിന്‍വലിക്കപ്പെട്ടതായി പരിതപിക്കുന്നു. അനിശ്ചിതത്വം തീവ്രമായതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളിലേക്ക് തൊഴിലന്വേഷണം മാറ്റി. 17% പേര്‍ റഫറല്‍ റൂട്ട് എടുക്കാന്‍ ശ്രമിക്കുന്നു.അതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായാണ് മുഖ്യമായും ബന്ധപ്പെടുന്നത്. മുമ്പത്തേതിലുമധികം പേര്‍ ഫ്രീലാന്‍സിംഗും ഭാവിയിലെ ഒരു കരിയര്‍ ഓപ്ഷനായി പരിഗണിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 80% ബിരുദധാരികളുടെ ഉന്നത വിദ്യാഭ്യാസ പദ്ധതികളെ കോവിഡ് സാഹചര്യം ബാധിച്ചിട്ടില്ല.അനിശ്ചിതത്വത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മനോവീര്യം നഷ്ടപ്പെടുന്നില്ലെന്ന് നൗകരി ഡോട്‌കോമിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ശരദ് സിന്ധ്വാനി പറഞ്ഞു.പഠനത്തിനും തൊഴില്‍ അഭിമുഖങ്ങള്‍ക്കും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിനെ അവര്‍ ആശ്രയിക്കുന്നുണ്ട്. മിക്ക കമ്പനികളും റിക്രൂട്ട്‌മെന്റ നടത്താന്‍ നവയുഗ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വീഡിയോ അഭിമുഖങ്ങളും ഓണ്‍ലൈന്‍ വിലയിരുത്തലുകളും പുരോഗമിച്ചുവരുന്നുണ്ടെന്നും സിന്ധ്വാനി ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it