
യുഎസിലേക്ക് കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിർബന്ധമാക്കാനുള്ള ചട്ടങ്ങളുടെ പണിപ്പുരയിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ട്രംപ് കുടിയേറ്റം സംബന്ധിച്ച രാജ്യത്തിൻറെ പുതിയ നിലപാട് വ്യക്തമാക്കും.
രാജ്യത്തെ ഇമിഗ്രേഷൻ പോളിസി അപ്പാടെ ഉടച്ചുവാർക്കാനാണ് പുതിയ നിർദേശം. ഇതുവരെ വിദേശീയർക്ക് ഗ്രീൻ കാർഡ് നൽകിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അനുവദിക്കുക. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കാൻ എളുപ്പമായിരുന്നു ഇതുവരെ.
അതിനുപകരം, ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള, യുഎസിൽ തൊഴിലുള്ള വിദേശീയർക്കാണ് ഇനി ഗ്രീൻ കാർഡിന് മുൻഗണന.
എച്ച് 1 ബി വിസയിൽ യുഎസിൽ തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ തീരുമാനം അനുഗ്രഹമാകും.
അമേരിക്കൻ ഗ്രീൻ കാർഡ് അനുമതിയിൽ 66 ശതമാനവും കുടുംബങ്ങൾക്കാണ് ഇപ്പോൾ നൽകി വരുന്നത്. വെറും 12 ശതമാനം മാത്രമാണ് നൈപുണ്യത്തിന്റെയും പ്രൊഫഷണൽ മികവിന്റേയും അടിസ്ഥാനത്തിൽ നൽകുന്നുള്ളൂ. കാനഡ പോലുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളരെ കുറവാണ്.
ഒരു വർഷം 1.1 ദശലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് നൽകുന്നത്. ഇതിൽ പകുതിയിൽ കൂടുതലും മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്നതാണ് ഇപ്പോഴത്തെ നിർദേശം.
Read DhanamOnline in English
Subscribe to Dhanam Magazine