ഇറക്കുമതി താരിഫുകള്‍ കുറയ്ക്കണമെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്സ്, സ്റ്റീല്‍ വ്യവസായ മേഖല; യു.എസില്‍ നിന്നുളള കാറുകള്‍ അടക്കമുളള ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞേക്കും

താരിഫ് ഒഴിവാക്കിയാല്‍ നേട്ടം ഇന്ത്യക്കാകുകമെന്നും ഇവര്‍ പറയുന്നു
trump, Auto sector
Image courtesy: Canva
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക ഭീഷണികള്‍ വലിയ ആശയക്കുഴപ്പവും ആശങ്കയുമാണ് ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഓട്ടോ, ഇലക്ട്രോണിക്സ്, സ്റ്റീല്‍ മേഖലകളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇന്ത്യ യു.എസില്‍ നിന്നുളള വാഹനങ്ങള്‍ക്ക് വലിയ ചുങ്കമാണ് ചുമത്തുന്നതെന്ന വിമര്‍ശനമാണ് ട്രംപിനുളളത്.

നേട്ടം ഇന്ത്യക്ക്

ട്രംപിന്റെ ചുങ്ക ഭീഷണികളെ നേരിടാന്‍ ഇലക്ട്രോണിക്സ് മേഖല പുതിയ നിര്‍ദേശം വെച്ചിരിക്കുകയാണ്. യു.എസില്‍ നിന്നുളള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, സ്മാർട്ട്ഫോണുകൾ, ടെലികോം ഉപകരണങ്ങൾ, വെയറബിൾസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഐടി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ, സെർവറുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയ്ക്ക് ഇറക്കുമതി താരിഫ് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഈ മേഖലയിലുളളവര്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ താരിഫ് ഒഴിവാക്കിയാല്‍ നേട്ടം ഇന്ത്യക്കാകുകമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി രാജ്യമാണ് ഇന്ത്യ. അമേരിക്കയില്‍ നിന്ന് ഇലക്ട്രോണിക്സ് കയറ്റുമതി കാര്യമായി ഉണ്ടാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആപ്പിൾ, ഫോക്‌സ്‌കോൺ, ഡിക്‌സൺ തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ICEA) മാർച്ച് 1 ന് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയതായി മണ്‍കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെയും ഇലക്ട്രോണിക്‌സിന്റെയും ഇറക്കുമതിക്ക് ഇന്ത്യ നിലവിൽ 16.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും (ബി.സി.ഡി) സർചാർജുമാണ് ചുമത്തുന്നത്.

അന്താരാഷ്ട്ര വിപണികളിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കയറ്റുമതിക്കാരിൽ ഒന്നായ ആപ്പിൾ ഐഫോണുകൾ വലിയ തോതില്‍ കയറ്റി അയയ്ക്കുന്നുണ്ട്. അതിൽ ഏറിയ പങ്കും പോകുന്നത് യു.എസിലേക്കാണ്.

സ്റ്റീൽ, അലുമിനിയം

യുഎസില്‍ നിന്നുളള തിരഞ്ഞെടുത്ത സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യയിലെ എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് യു.എസ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് തടയിടാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. 750 കോടി ഡോളറിന്റെ കയറ്റുമതിയെ ട്രംപിന്റെ ഈ മേഖലയിലെ തീരുവ ഭീഷിണി ബാധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കാർ ഇറക്കുമതിയുടെ തീരുവ ഇന്ത്യ കുറയ്ക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് യു.എസില്‍ നിന്നുളള കാറുകള്‍ കുറഞ്ഞ വിലയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഷോറൂം തുറക്കാനുളള പദ്ധതികളുടെ സജീവ പ്രവര്‍ത്തനങ്ങളിലാണ് ടെസ്‌ല.

എന്നാല്‍ പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ഇന്ത്യന്‍ കാര്‍ വിപണി സുസ്ഥിരമാണെന്നും അതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി താരിഫ് കുറയ്ക്കേണ്ടതിലെന്നുമുളള നിലപാടിലാണ് ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com