ട്വിറ്റര്‍ 2.0; കഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍ മാത്രം മതി, പിരിഞ്ഞു പോവാന്‍ സമയം നല്‍കി മസ്‌ക്
കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ട്വിറ്ററില്‍ (Twitter) തുടര്‍ന്നാല്‍ മതിയെന്ന് ഇലോണ്‍ മസ്‌ക് (Elon Musk). അല്ലാത്തവര്‍ക്ക് കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോവാന്‍ വ്യാഴാഴ്ച വൈകിട്ട് വരെയാണ് സമയം (new york time) അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ അവശേഷിക്കുന്ന ജീവനക്കാരോട് ഇ-മെയിലിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.
ട്വിറ്റര്‍ 2.0 സൃഷ്ടിക്കാന്‍ കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ വേണമെന്നാണ് മസ്‌കിന്റെ നിലപാട്. തന്റെ നേതൃത്വത്തില്‍ ട്വിറ്റര്‍ എഞ്ചിനീയറിംഗിന് പ്രാധാന്യമുള്ള കമ്പനി ആയിരിക്കുമെന്നും മികച്ച കോഡുകള്‍ എഴുതുന്നവരായിരിക്കും ടീമിലെ ഭൂരിഭാഗം അംഗങ്ങളെന്നും മസ്‌ക് വ്യക്തമാക്കി.
താമസിയാതെ നേതൃത്വം ഏറ്റെടുക്കാന്‍ പുതിയൊരാള്‍ എത്തുമെന്നും അദ്ദേഹം അറിയിട്ടുണ്ട്. ഇപ്പോള്‍ കമ്പനിയില്‍ നടന്നുകൊണ്ടിരിക്കുന്ന പുനക്രമീകരണങ്ങള്‍ അവസാനിച്ച ശേഷമാവും പുതിയ സിഇഒയ്ക്ക് ചുമതലകള്‍ കൈമാറുക.
അതേ സമയം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്ലൂ സബ്‌സ്‌കിപ്ക്ഷന്‍ നവംബര്‍ 29 മുതല്‍ പുനരാരംഭിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ 3700ഓളം ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു. പിന്നാലെ ഈ ആഴ്ച 4,400 കോണ്‍ട്രാക്ട് ജീവനക്കാരെയും ട്വിറ്റര്‍ പറഞ്ഞുവിട്ടു. പ്രതിദിനം 4 മില്യണ്‍ ഡോളറോളം നഷ്ടമാണ് ട്വിറ്റര്‍ നേരിടുന്നതെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു.