ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് കമ്പനി സ്‌പേസ് എക്‌സിനു കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഡിവിഷനായ സ്റ്റാര്‍ ലിങ്കിന്റെ സേവനം ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനി അറിയിച്ചു.

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതോടെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ യോഗ്യതയായി. അപേക്ഷ നല്‍കുന്നതിനായുള്ള ശ്രമം തുടങ്ങിയെന്ന് സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്റ്റര്‍ സഞ്ജയ് ഭാര്‍ഗവയുടെ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ സേവനം ഇന്ത്യയില്‍ വിലക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയില്‍ സേവനം നല്‍കുന്നതിന് മുമ്പ് രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും ലൈസന്‍സും മറ്റ് അംഗീകാരങ്ങളും നേടുകയും വേണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളുപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ കമ്പനി രൂപീകരിച്ച് അതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതോടെ വൈകാതെ ഇന്ത്യയിലും സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്റ്റാര്‍ ലിങ്കിനെതിരെ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും ട്രായ്, ഇസ്രോ എന്നിവയ്ക്ക് കത്തെഴുതിയിരുന്നു.
ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്‌പേസ്എക്‌സ് 1800 ഉപഗ്രഹങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ഇതുവഴി വിദൂര ഗ്രാമങ്ങളിലേക്ക് പോലും എളുപ്പത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയും.
ആമസോണ്‍ ഡോട്ട് കോമിന്റെ കൈപ്പര്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന്റെയും ഉടമസ്ഥതയിലുള്ള വണ്‍വെബ് എന്നിവയുമായാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കേണ്ടത്.
ഇന്ത്യയില്‍ സേവനം നല്‍കാനുള്ള അനുമതി ലഭിച്ചാല്‍ ഡല്‍ഹിയിലെയും സമീപത്തെ ഗ്രാമപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനു പിന്നാലെ 12 ഗ്രാമീണ ജില്ലകള്‍ ലക്ഷ്യം വെക്കും.
ഡിസംബര്‍ 2022 ഓടെ രണ്ടു ലക്ഷം ഡിവൈസുകള്‍ ഇന്ത്യയില്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതില്‍ കൂടുതലും ഗ്രാമീണ മേഖലകളിലായിരിക്കും. ഇന്ത്യയില്‍ നിന്ന് ഇതിനകം 5000 ഡിവൈസുകള്‍ക്കായുള്ള പ്രീ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it