ആദ്യം നിക്ഷേപ പദ്ധതികളെക്കുറിച്ച് സംസാരിക്കു...ബജറ്റില്‍ പ്രതീക്ഷ വെച്ച് ഇലോണ്‍ മസ്‌ക്

ഇലക്ട്രിക് വാഹന രംഗത്തെ ആഗോള മുഖം ടെസ്‌ല ഇന്ത്യയിലെത്താന്‍ ശ്രമം തുടങ്ങിയിട്ട് കുറച്ചധികമായി. പ്രശ്‌നം രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതിയാണെന്ന് എല്ലാവര്‍ക്കുമറിയാം. നികുതി കുറയ്ക്കുന്നത് പരിഗണിക്കുന്നതിന് മുന്നോടിയായി നിക്ഷേപ പദ്ധതികളെക്കുറിച്ച് കേന്ദ്രം, ടെസ്‌ലയോട് ആരാഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് കേന്ദ്രം നേരത്തെ തന്നെ ടെസ്‌ലയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആദ്യം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ ഡിമാന്‍ഡ് പരിഗണിച്ച് മാത്രമെ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കു എന്നാണ് കമ്പനിയുടെ നിലപാട്. നിക്ഷേപ പദ്ധതികളെക്കൂടാതെ വാഹനങ്ങള്‍ നിര്‍മിക്കാന്‍ പ്രാദേശികമായി പാര്‍ട്ട്‌സുകള്‍ കണ്ടെത്തുന്ന കാര്യം കൂടി പരിഗണിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നികുതി ഇളവിനായി രാജ്യത്തെ നിക്ഷേപ പദ്ധതികള്‍ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിക്കേണ്ട സാഹചര്യം കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇനിയും വൈകിപ്പിച്ചേക്കും.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വെല്ലുവിളി നിറഞ്ഞതാണെന്ന് ഉടമ ഇലോണ്‍ മസ്‌ക് തന്നെ ട്വീറ്റിറിലൂടെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ടെസ്‌ലയെ തങ്ങളുടെ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്രം നിരസിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കി കമ്പനിയെ ആകര്‍ഷിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തെലുങ്കാന അറിയിച്ചിരുന്നു. അതേ സമയം ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇറക്കുമതി നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ടെസ്‌ല.
ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്ള വാഹനമാണോ എന്ന് പരിശോധിക്കുന്ന ഹോമോലഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ടെസ്‌ലയുടെ മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ ടെസ്‌ലയ്ക്ക് സാധിക്കും. 2021ല്‍ ബെംഗളൂരു ആസ്ഥാനമായി ടെസ്‌ലയുടെ ഇന്ത്യന്‍ കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഇറക്കുമതി നികുതി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്നതാണെന്ന നിലപാടിലാണ് മസ്‌ക്. നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിന് മുകളില്‍ വിലയുള്ള ഇ-വാഹനങ്ങള്‍ക്ക് 100 ശതമാനവും അതിന് താഴെ വിലയുള്ളവയ്ക്ക് 60 ശതമാനവും ആണ് നികുതി. ടെസ്ലയുടെ മോഡല്‍ വൈ,3 എന്നിവയ്ക്ക് 38700- 41200 ഡോളറാണ് വില. പ്രീമിയം വാഹനങ്ങളായ മോഡല്‍ എസ്, എക്‌സ് എന്നിവയ്ക്ക് 81200-91200 ഡോളറും വിലവരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it