Begin typing your search above and press return to search.
ചൈനക്കാര്‍ക്ക് തൊഴില്‍ നല്‍കി ഇന്ത്യയിലെ കച്ചവടം വേണ്ട, ടെസ്‌ലയ്ക്ക് ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്രം
ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനി ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ഇറക്കുമതി ഇളവുകള്‍ ലഭിക്കില്ല. രാജ്യത്ത് നിര്‍മാണ പ്ലാന്റ് ആരംഭിക്കാതെ ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്ര മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിക്കായി ചൈനയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 70 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഇപ്പോള്‍ ചൈനയിലാണ് നിര്‍മിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നയമനുസരിച്ച് ഒരു പദ്ധതിക്കായും ടെസ്‌ല അപേക്ഷിച്ചിട്ടില്ലെന്നും ഘനവ്യവസായ സഹമന്ത്രിയായ കൃഷന്‍ പാല്‍ ലോക്‌സഭയില്‍ അറിയിച്ചു. എസിസി ബാറ്ററി നിര്‍മാണത്തിനുള്‍പ്പടെ ഇവി മേഖലയ്ക്ക് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ടെസ്‌ല കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. അന്ന് മുതല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
ടെസ്‌ലയുടെ ഇന്ത്യന്‍ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ഈ വര്‍ഷം ആദ്യം ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. ഇന്ത്യയില്‍ കാറുകളുടെ വില്‍പ്പന ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികളുണ്ടെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ടെസ്‌ല ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ നികുതി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്നതാണെന്ന നിലപാടിലാണ് മസ്‌ക്.
ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്ള വാഹനമാണോ എന്ന് പരിശോധിക്കുന്ന ഹോമോലഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ടെസ്ലയുടെ മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ ടെസ്ലയ്ക്ക് സാധിക്കും. 2021ല്‍ ബെംഗളൂരു ആസ്ഥാനമായി ടെസ്ലയുടെ ഇന്ത്യന്‍ കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിജയ സാധ്യത പരിഗണിച്ചാവും ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിനെക്കുറിച്ച് ആലോചിക്കുകയെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിര്‍മാണ പ്ലാന്റ് ആരംഭിക്കാതെ ടെസ്ലയ്ക്ക് മറ്റുവഴികളില്ല. നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിന് മുകളില്‍ വിലയുള്ള ഇ-വാഹനങ്ങള്‍ക്ക് 100 ശതമാനവും അതിന് താഴെ വിലയുള്ളവയ്ക്ക് 60 ശതമാനവും ആണ് ഇറക്കുമതി നികുതി. ടെസ്ലയുടെ മോഡല്‍ വൈ,3 എന്നിവയ്ക്ക് 38700- 41200 ഡോളറാണ് വില. പ്രീമിയം വാഹനങ്ങളായ മോഡല്‍ എസ്, എക്‌സ് എന്നിവയ്ക്ക് 81200-91200 ഡോളറും വിലവരും.
Next Story
Videos