ദുബായ് സന്ദർശകർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം ഒരുക്കി എമിറേറ്റ്സ്

ലോകമൊട്ടുക്കും കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഒരു പ്രധാന മേഖല ടൂറിസമാണ്. രോഗാതുരമായ ഒരു സാഹചര്യത്തിൽ ആരും ആദ്യം ഒഴിവാക്കുക ഉല്ലാസ യാത്രകൾ ആയിരിക്കുമല്ലോ, പ്രത്യേകിച്ച് വിമാന യാത്ര പോലും സുരക്ഷിതമല്ലാത്ത സമയത്ത്. ഇക്കാര്യത്തിൽ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ദുബായ്. ഏറെ നാളായി പ്ലാൻ ചെയ്തു കൊണ്ടിരുന്ന വേൾഡ് എക്സ്പോ 2020 ഈ വര്‍ഷം ഒക്ടോബറിൽ നടക്കേണ്ടതായിരുന്നു. അത് അടുത്ത വർഷത്തേക്ക് മാറ്റി വച്ചു. ഇനി എക്സ്പോ 2021 ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് നടക്കുക.

കോവിഡ് -19 എന്ന മഹാമാരിയെ വലിയൊരളവ് വരെ പിടിച്ചു നിർത്താൻ ദുബായ്ക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ കര്‍ശനമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് ബിസിനസ്സെല്ലാം പഴയ രൂപത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ദുബായിൽ. ഉല്ലാസ കേന്ദ്രങ്ങളെല്ലാം തുറന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മാളുകളിൽ പഴയ പോലെ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ആളുകൾ മാസ്ക് വച്ചിട്ടുണ്ടെന്ന വ്യത്യാസം ഒഴിച്ചാൽ എല്ലാം പഴയ പടി.

പുറത്തു നിന്നുള്ള വിനോദ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഡിസംബർ മുതൽ മാർച്ച് വരെ സാധാരണ നല്ല തിരക്കുള്ള സീസൺ ആയിരിക്കും. ഈ സമയത്താണ് പ്രസിദ്ധമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.

കോവിഡ് കാലത്ത് വരുന്ന ഈ ടൂറിസ്റ്റ് സീസണിൽ വിനോദ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടാൻ പുതിയ ഓഫറുകളുമായി ദുബായിയുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻ രംഗത്ത് വന്നിരിക്കുകയാണ്. ഡിസംബർ ആറ് മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ദുബായ് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് ജെ ഡബ്ള്യു മാരിയറ്റ് ഹോട്ടലിൽ ഒരു രാത്രി സൗജന്യ താമസം. ഇക്കോണമി ക്ലാസ്സ് യാത്രക്കാർക്ക് ഒരു രാത്രിയാണ് സൗജന്യമെങ്കിൽ ബിസിനസ് ക്ലാസ്സുകാർക്ക് രണ്ട് രാത്രിയാണ്. ദുബായ് ടൂറിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഷോപ്പിംഗ്‌ ഫെസ്റ്റിവൽ കാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു.

ടൂറിസം ഡിപ്പാർട്മെന്റ് തലവൻ ഹിലാൽ സഈദ് അൽ മർറി പറയുന്നത് ഈ ഓഫറുകൾ ധാരാളം ബിസിനസ്സുകാരെയും ആകർഷിക്കുമെന്നാണ്, കാരണം നിർത്തി വയ്ക്കപ്പെട്ടിരുന്ന പല കോൺഫറൻസുകളും എക്സിബിഷനുകളും ദുബായ് പുനരാരംഭിച്ചു കഴിഞ്ഞു. ടെക്നോളജി രംഗത്തെ ഏറ്റവും വലിയ എക്സിബിഷനായ ജൈറ്റെക്‌സ് നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. എല്ലാ ടൂറിസം കേന്ദ്രങ്ങളും തുറന്നു കഴിഞ്ഞു. ദുബായ് ഫ്രെയിം, ഗ്ലോബൽ വില്ലേജ്, ബുർജ് ഖലീഫ, പാർക്കുകൾ തുടങ്ങി എല്ലാം പഴയത് പോലെ പ്രവർത്തിക്കുന്നു. അടുത്ത ഒക്ടോബറിൽ വേൾഡ് എക്സ്പോ വരാനിരിക്കുന്നു. അത് കൊണ്ടുതന്നെ എമിറേറ്റ്സുമായി ചേർന്ന് ഇത്തരം ഒരു ഓഫർ മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞത് ധാരാളം അന്താരാഷ്ട്ര സഞ്ചാരികളെ ഈ ശിശിര കാലത്ത് വീണ്ടും ദുബായിലേക്ക് കൊണ്ടു വരാൻ കാരണമാകുമെന്ന് ഹിലാൽ കരുതുന്നു.

എമിറേറ്റ്സ് എയർലൈനിനെ സംബന്ധിച്ചേടത്തോളം അവരുടെ ആസ്ഥാനമായ ദുബായിലേക്ക് ലോകമെമ്പാടുനിന്നും ടൂറിസ്റ്റുകൾ വരിക എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ലോകത്തെ പ്രമുഖ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായ ദുബായിലേക്ക് വീണ്ടും ധാരാളം ബുക്കിംഗ് വന്നു തുടങ്ങി എന്നാണ് എമിറേറ്റ്സ് സി സി ഓ അദ്നാൻകാസിം പറയുന്നത്, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്. ശിശിര കാലത്ത് താരതമ്യേന തണുപ്പ് കുറഞ്ഞ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ. അത്കൊണ്ട് തന്നെ പുതിയ ഓഫറുകൾ അവരെയായിരിക്കും ഹഠാദാകർഷിക്കുക. കോവിഡൊക്കെ യൂറോപ്യൻ രാജ്യങ്ങളെക്കാൾ കൂടുതൽ നിയന്ത്രണ വിധേയമാക്കിയ രാജ്യമാണ് യു എ ഇ എന്നുള്ളത് കൊണ്ട് കൂടുതൽ സഞ്ചാരികൾ വരും എന്ന് തന്നെയാണ് എമിറേറ്റ്സ് കരുതുന്നത്.

Related Articles
Next Story
Videos
Share it