ഇനി സൂപ്പര്‍ ആപ്പുകളുടെ കാലം, കളം പിടിക്കാന്‍ വമ്പന്മാര്‍

ടാറ്റാ, റിലയന്‍സ് എന്നിവരാണ് സൂപ്പര്‍ ആപ്പിനായുള്ള ഏറ്റെടുക്കലുകളില്‍ മുന്‍പന്തിയില്‍
ഇനി സൂപ്പര്‍ ആപ്പുകളുടെ കാലം, കളം പിടിക്കാന്‍ വമ്പന്മാര്‍
Published on

ലോകം സ്മാര്‍ട്ട് ഫോണുകളിലേക്ക് ചുരുങ്ങിയപ്പോള്‍ എന്തിനും ഏതിനും സഹായത്തിന് ആപ്പുകള്‍ എന്ന് വിളിക്കുന്ന ആപ്ലിക്കേഷനുകള്‍ എത്തി. ചാറ്റ് ചെയ്യാന്‍, സാധനങ്ങള്‍ മേടിക്കാന്‍, പണം അടയ്ക്കാന്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ആപ്പുകള്‍ വേണം. പല ആവശ്യങ്ങള്‍ക്കുമായി വിവിധ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എല്ലാ സേവനങ്ങള്‍ക്കുമായി ഒരൊറ്റ ആപ്പ് ഉണ്ടെങ്കിലോ.

ഇത്തരത്തില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നവരെ സൂപ്പര്‍ ആപ്പുകള്‍ എന്ന് വിളിക്കാം. രാജ്യത്തെ വമ്പന്മാരെല്ലാം തങ്ങളുടെ സൂപ്പര്‍ ആപ്പുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടാറ്റ, റിലയന്‍സ് തുടങ്ങി അദാനി ഗ്രൂപ്പ് വരെ സൂപ്പര്‍ ആപ്പിനുള്ള ഏറ്റെടുക്കലുകളുമായി സജീവമാണ്.

മുന്നില്‍ ടാറ്റ

സൂപ്പര്‍ ആപ്പിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ടാറ്റാ തന്നെയാണ് മുന്നില്‍. ടാറ്റാ ന്യൂ( tata neu) എന്നാണ് സൂപ്പര്‍ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ സാധന- സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബിഗ് ബാസ്‌കറ്റ്, മരുന്നുകള്‍ വില്‍ക്കുന്ന 1 എംജി തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങലെ ടാറ്റ എറ്റെടുത്തിരുന്നു.

അതുല്യ ഹെല്‍ത്ത് കെയര്‍, ലിനക്‌സ് ലബോററ്ററീസ് എന്നീ സ്ഥാപനങ്ങളിലും ടാറ്റ നിക്ഷേപം നടത്തി. നിലവില്‍ പരീക്ഷണാര്‍ത്ഥം ടാറ്റയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ആപ്പിന്റെ ബീറ്റ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

സൂപ്പര്‍ ആപ്പിനായുള്ള ഏറ്റെടുക്കലുകളില്‍ മുന്‍പന്തിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ്. നിലവില്‍ അജിയോ, ജിയോ മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ് റിലയന്‍സിന് കീഴിലുള്ളത്.

സൂപ്പര്‍ ആപ്പിന്റെ ഭാഗമായി 5 സ്ഥാപനങ്ങളെയാണ് റിലയന്‍സ് ഏറ്റെടുത്തത്. ലോക്കല്‍ സേര്‍ച്ച് എഞ്ചിന്‍ ജസ്റ്റ് ഡയല്‍, ബ്രിട്ടീഷ് ഡെനിം ബ്രാന്റ് ലീ കൂപ്പറിന്റെ ഇന്ത്യയിലെ ഉത്പാദനം, എംഎം സ്റ്റൈല്‍, റിതിക, ഡോര്‍ സ്‌റ്റെപ്പ് റീറ്റെയില്‍ സോല്യൂഷന്‍സ് തുടങ്ങിയവയിലാണ് റിലയന്‍സ് നിക്ഷേപം നടത്തിയിരിക്കുന്നത്.

ചെറു സംരംഭങ്ങളെ ബന്ധിപ്പിക്കാന്‍ ജസ്റ്റ് ഡയലിന്റെ ഡാറ്റാ ബേസ് ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ്. 2024-25 ഓടെ ഓണ്‍ലൈന്‍ ഗ്രോസറി മാര്‍ക്കറ്റിലെ 50 ശതമാനം വിപണിയും റിലയന്‍സിന്റേതാകും എന്നാണ് വിലയിരുത്തല്‍. ഇക്കാലയളവില്‍ ആകെ ഇ-കൊമേഴ്‌സ് വിപണിയുടെ 30 ശതമാനവും റിലയന്‍സ് സ്വന്തമാക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ കണക്കുകൂട്ടല്‍. 2030 ഓടെ ഇ-കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള റിലയന്‍സിന്റെ വരുമാനം 10 ഇരട്ടിയാകും എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ടാറ്റയ്ക്കും റിലയന്‍സിനും ഒപ്പം കളംപിടിക്കാന്‍ ഏറ്റവും ഒടുവില്‍ എത്തിയത് അദാനി ഗ്രൂപ്പ് ആണ്. ഓണ്‍ലൈന്‍ യാത്രാ സേവനങ്ങള്‍ നല്‍കുന്ന ഫ്ലിപ്കാർട്ടിന്റെ ക്ലിയര്‍ ട്രിപ്പിലും മുംബൈ ട്രാവല്‍ റീട്ടെയില്‍സിലുമാണ് അദാനി നിക്ഷേപം നടത്തിയത്. സൂപ്പര്‍ ആപ്പ് എന്ന ലക്ഷ്യത്തിന് ക്ലിയര്‍ ട്രിപ്പിലെ നിക്ഷേപം അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം അദാനി പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സിഎസ് സി ഗ്രാമീണ്‍ ഇ-സ്റ്റോറിലും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.

വമ്പന്‍ ഗ്രൂപ്പുകള്‍ സൂപ്പര്‍ ആപ്പുകളുമായി എത്തുമ്പോള്‍ അധികം ബാധിക്കുക പേടിഎം, ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ സൂപ്പര്‍ ആപ്പുകളുടെ ചെറുപതിപ്പുകളെയാണ്. സിനിമ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, നിക്ഷേപം, യുപിഐ പേയ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന പേടിഎം ആണ് ഇക്കൂട്ടത്തിലെ പ്രമുഖന്‍.

ഇവരെ കൂടാതെ നിരവിധി ഓണ്‍ലൈന്‍ സേവനങ്ങളുമായി പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പടെ പല സംരംഭകരും ആപ്പുകള്‍ അവതരിപ്പിക്കുന്നുണ്ട്. സൂപ്പര്‍ ആപ്പുകളും ഒരു സേവനം മാത്രം നല്‍കുന്ന ആപ്പുകളും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യക്കാര്‍ ആരെ തെരഞ്ഞെടുക്കും എന്ന് കാത്തിരുന്ന് അറിയാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com