ഇനി കളി മാറും, പുതിയ ഏറ്റെടുക്കലുമായി ഈറിസ് ലൈഫ് സയന്‍സസ്

മുംബൈ ആസ്ഥാനമായുള്ള ആഭ്യന്തര ഫോര്‍മുലേഷന്‍സ് കമ്പനിയായ ഓക്നെറ്റ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (Oaknet Healthcare Pvt Ltd) 100 ശതമാനം ഓഹരികളും ഏറ്റെടുക്കാനൊരുങ്ങി ബ്രാന്‍ഡഡ് ഫോര്‍മുലേഷന്‍സ് പ്രമുഖരായ ഈറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് (Eris Lifesciences). 650 കോടി രൂപയ്ക്കാണ് പുതിയ ഏറ്റെടുക്കലെന്ന് ഈറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് അറിയിച്ചു.

ഓഹരി വാങ്ങല്‍ കരാര്‍ വഴിയാണ് ഏറ്റെടുക്കല്‍. ഇതിന്റെ ഫലമായി ഓക്‌നെറ്റ് എറിസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. ഓക്നെറ്റിന്റെ ഏറ്റെടുക്കലിലൂടെ കോസ്വേറ്റ്, കോസ്മലൈറ്റ് തുടങ്ങിയ മാര്‍ക്വീ ബ്രാന്‍ഡുകളെ ഈറിസ് പോര്‍ട്ട്ഫോളിയോയിലേക്ക് കൊണ്ടുവരുമെന്ന് എറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കൃഷ്ണകുമാര്‍ വി പറഞ്ഞു. കാര്‍ഡിയോളജി, ഓറല്‍ ഡയബറ്റിസ് കെയര്‍, ഇന്‍സുലിന്‍, ന്യൂറോ/സിഎന്‍എസ്, ഡെര്‍മറ്റോളജി എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലെ പ്രധാന ക്രോണിക് തെറാപ്പികളില്‍ എറിസിന് ഇപ്പോള്‍ മുന്‍നിര സാന്നിധ്യമുണ്ട്.
ഓക്നെറ്റ് ഏറ്റെടുക്കല്‍ ഓഹരി ഉടമകള്‍ക്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഏറ്റെടുക്കലിനെക്കുറിച്ച് അഭിപ്രായപ്പെട്ട എറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമിത് ബക്ഷി പറഞ്ഞു. 'ഓക്‌നെറ്റ് എറിസ് ഗ്രൂപ്പിന്റെ ഭാഗമാകുമ്പോള്‍, ഡെര്‍മറ്റോളജി (Dermatology), കോസ്‌മെറ്റോളജി (Cosmetology) എന്നീ മേഖലകളില്‍ ഇത് ഞങ്ങള്‍ക്ക് ശക്തമായ വളര്‍ച്ചാ പ്ലാറ്റ്‌ഫോം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ മികച്ച ത്രൈമാസ ഫലമാണ് ഈറിസ് ലൈഫ് സയന്‍സസ് ലിമിറ്റഡ് രേഖപ്പെടുത്തിയത്. നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 17 ശതമാനം വര്‍ധനവ് നേടി 80 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 14 ശതമാനം വര്‍ധിച്ച് 405.8 കോടിയായി.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it