

ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംവാദ പരിപാടിയായ ടൈംസ് ഗ്രൂപ്പിന്റെ ET NOW ഗ്ലോബൽ ബിസിനസ് ഉച്ചകോടി (Global Business Summit) ഫെബ്രുവരി 13, 14 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. സ്പാർക്ക് ക്യാപിറ്റലും ബെനറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘വിപ്ലവകരമായ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്’ (A Decade of Disruption, A Century of Change) എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭൗമരാഷ്ട്രീയം, കാലാവസ്ഥ, മൂലധനം, സാങ്കേതികവിദ്യ എന്നിവയിൽ ഉണ്ടായ അഭൂതപൂർവമായ മാറ്റങ്ങളെക്കുറിച്ച് ഉച്ചകോടി ഗൗരവകരമായി ചർച്ച ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തെയും ജോലിയെയും എങ്ങനെ മാറ്റിമറിച്ചുവെന്നും, കോവിഡ് 19 മഹാമാരിയും സാമ്പത്തിക പുനക്രമീകരണങ്ങളും പഴയ ബിസിനസ് രീതികളെ എങ്ങനെ ബാധിച്ചുവെന്നും ഇവിടെ വിശകലനം ചെയ്യപ്പെടും.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ആഗോളതലത്തിലെ നയരൂപീകരണക്കാരെയും രാഷ്ട്രത്തലവന്മാരെയും സ്വീകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ്. കഴിഞ്ഞ പത്തുവർഷമായി നോബൽ സമ്മാന ജേതാക്കൾ, നയരൂപീകരണ പ്രമുഖര്‍, ആഗോള ബിസിനസ് പ്രമുഖർ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരാൻ ഉച്ചകോടിക്ക് സാധിച്ചു. മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സ്, ആപ്പിളിന്റെ സ്റ്റീവ് വോസ്നിയാക്, നെറ്റ്ഫ്ലിക്സിന്റെ റീഡ് ഹാസ്റ്റിംഗ്സ് തുടങ്ങിയ പ്രമുഖർ മുൻ പതിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.
2026 ലെ എഡിഷനിൽ ഇൻഡസ്ട്രി 5.0, ആഗോളവൽക്കരണം, തൊഴിൽശക്തിയിലെ മാറ്റങ്ങൾ, ഊർജ സുരക്ഷ, ബിസിനസ് വൈവിധ്യവൽക്കരണം തുടങ്ങിയ സമകാലിക വെല്ലുവിളികളും അവസരങ്ങളും ചർച്ചാവിഷയമാകും. രണ്ടായിരത്തിലധികം പ്രത്യേക പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ആശയവിനിമയത്തിനും ആഗോള സഹകരണത്തിനുമുള്ള ഒരു സവിശേഷ വേദിയായിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ പുതിയ പാതകൾ കണ്ടെത്താനുള്ള ആഗോള പ്ലാറ്റ്‌ഫോമായാണ് ഉച്ചകോടിയെ അവതരിപ്പിക്കുന്നത്.
ET NOW Global Business Summit 2026 to spotlight AI, geopolitics, and business transformation in New Delhi.
Read DhanamOnline in English
Subscribe to Dhanam Magazine