Explained; ക്രിപ്‌റ്റോ ലോകം കാത്തിരിക്കുന്ന എഥറിയം മെര്‍ജ്
ഒരു വികേന്ദ്രീകൃത, ഓപ്പണ്‍-സോഴ്‌സ് ബ്ലോക്ക് ചെയിന്‍ നെറ്റ്‌വര്‍ക്ക് ആണ് എഥറിയം. ഈ ഡീസെന്‍ട്രലൈസ്ഡ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്ന എഥറിയം (Ether) ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള രണ്ടാമത്തെ ക്രിപ്‌റ്റോ കറന്‍സിയാണ്. ഡീസെന്‍ട്രലൈസ്ഡ് ആപ്ലിക്കേഷന്‍സുകള്‍ക്ക് വേണ്ടിയാണ് എഥറിയം നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. ഈ നെറ്റവര്‍ക്കില്‍ വരുന്ന ഒരു അപ്‌ഡേറ്റ് ആണ് എഥറിയം മെര്‍ജ് (Ethereum Merge) എന്നറിയപ്പെടുന്നത്.
എഥറിയം 2.0 എന്ന് വിളിക്കപ്പെട്ട ഒരു കൂട്ടം അപ്‌ഡേഷനുകളുടെ ഭാഗമാണ് എഥറിയം മെര്‍ജ്. പുതിയ അപ്‌ഡേറ്റിലൂടെ എഥറിയം ബ്ലോക്ക് ചെയിനിലെ മൈനിംഗിന്റെ രീതിയാണ് മാറുന്നത്. മൈനിംഗിലൂടെയാണ് ബ്ലോക്ക്‌ചെയിന്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. നിലവില്‍ പ്രൂഫ് ഓഫ് വര്‍ക്ക് (Proof of Work) രീതിയിലാണ് എഥറിയം ബ്ലോക്ക്‌ചെയിനില്‍ മൈനിംഗ് നടക്കുന്നത്. ഈ പ്രൂഫ് ഓഫ് വര്‍ക്കിന് പകരം പ്രൂഫ് ഓഫ് സ്റ്റേക്ക് (proof of Stake) എന്ന രീതിയിലേക്ക് മൈനിംഗ് മാറും.
പ്രൂഫ് ഓഫ് വര്‍ക്കില്‍, ആവശ്യമായ കംപ്യൂട്ടറും സജ്ജീരണങ്ങളും ഉള്ള ആര്‍ക്കും മൈനിംഗില്‍ ഏര്‍പ്പെടാം. കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈനിംഗിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാനും സാധിക്കും. എന്നാല്‍ പ്രൂഫ് ഓഫ് സ്റ്റേക്കില്‍ ഇങ്ങനെ അല്ല കാര്യങ്ങള്‍. സ്റ്റേക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൈനിംഗ് ചെയ്യാനായി നിക്ഷേപിക്കേണ്ട എഥറിയം ആണ്. അതായത് കുറഞ്ഞത് 32 എഥറിയം എങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് പ്രൂഫ് ഓഫ് സ്റ്റേക്കില്‍ മൈനിംഗ് സാധ്യമാവുക. ഇവിടെ നേട്ടമുണ്ടാക്കുക, കൂടുതല്‍ എഥറിയം സ്റ്റേക്ക് ചെയ്യുന്ന മൈനര്‍മാര്‍ ആയിരിക്കും. കാര്‍ഡാനോ പ്രൂഫ് ഓഫ് സ്റ്റേക്ക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന് ഉദാഹരണമാണ്.
എന്തുകൊണ്ട് മെര്‍ജ് എന്ന് വിളിക്കുന്നു
എഥറിയം കോ-ക്രിയേറ്റര്‍ വിറ്റാലിക് ബുറ്റെറിക് മാര്‍ച്ചില്‍ നടന്ന ഈഥ് ഷാന്‍ഹായി കോണ്‍ഫറന്‍സില്‍ പറഞ്ഞത് കഴിഞ്ഞ ഏഴുവര്‍ഷമായി പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നാണ്. എഥറിയം ബ്ലോക്ക്‌ചെയിനിലെ പ്രധാന നെറ്റ്‌വര്‍ക്ക് അറിയപ്പെടുന്നത് mainnet എന്നാണ്. നെറ്റ്‌വര്‍ക്കിലെ പരീക്ഷണങ്ങള്‍ക്കായി ഡെവലപ്പര്‍മാര്‍ testnet എന്ന പേരില്‍ ഉപ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള എഥറിയത്തിലെ ഒരു ടെസ്റ്റ്‌നെറ്റ് ആണ് beacon chain.2020 ഡിസംബര്‍ മുതല്‍ ഈ നെറ്റ്‌വര്‍ക്കില്‍ പ്രൂഫ് ഓഫ് സ്റ്റേക്ക് രീതി പരീക്ഷിച്ച് വരുകയാണ്. ഈ beacon ചെയിനിനെ പ്രധാന നെറ്റ്‌വര്‍ക്കുമായി ലയിപ്പിക്കുകയാണ് മെര്‍ജിംഗിലൂടെ ചെയ്യുന്നത്.
നേട്ടങ്ങള്‍ ഇവയാണ്
ക്രിപ്‌റ്റോ/ബ്ലോക്ക്‌ചെയിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം മൈനിംഗിന് ചെലവാകുന്ന വൈദ്യുതിയാണ്. മെര്‍ജിലൂടെ എഥറിയം ബ്ലോക്ക്‌ചെയിന്റെ ഊര്‍ജ്ജ ഉപഭോഗം 99 ശതമാനത്തോളം കുറയ്ക്കാനാവും എന്നാണ് വിലയിരുത്തല്‍. എഥറിയം മൈനിംഗിന് ഒരു വര്‍ഷം ഏകദേശം 62 മില്യണ്‍ terawatt hour ഊര്‍ജ്ജമാണ് ചെലവാകുന്നത്. എഥറിയം നെറ്റ്‌വര്‍ക്കിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം ഡെന്മാര്‍ക്ക് എന്ന രാജ്യം പുറന്തള്ളുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.
പ്രൂഫ് ഓഫ് സ്റ്റേക്കില്‍ മൈനര്‍മാര്‍ക്ക് ക്രിപ്‌റ്റോ ഗ്രാഫിക് പസിലുകള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കേണ്ടതില്ല. സ്റ്റേക്ക് ചെയ്തിരിക്കുന്നവര്‍ ഇവിടെ വാലിഡേറ്റര്‍മാര്‍ (നിര്‍ണയം നടത്തുന്നവര്‍) ആണ്. ബ്ലോക്ക്‌ചെയിനിലെ ഇടപാടുകല്‍ വാലിഡേറ്റ് ചെയ്യാനും അതിലൂടെ റീവാര്‍ഡുകള്‍ സമ്പാദിക്കാനുമുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വാലിഡേഷനില്‍ കൃത്രിമത്വം കാണിക്കുന്നവരുടെ സ്റ്റേക്ക് നീക്കം ചെയ്യുന്നതിനുള്ള (slashing) സംവിധാനവും ഉണ്ടാവും.
നിലവില്‍ എഥറിയം നെറ്റ്‌വര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മൈനിംഗ് നെറ്റ്‌വര്‍ക്കിന്റെ 51 ശതമാനവും നിയന്ത്രണത്തിലാക്കണം. തട്ടിപ്പുകളും ഹാക്കിംഗും ക്രിപ്‌റ്റോയില്‍ സാധാരണമാണെങ്കിലും നെറ്റ് വര്‍ക്കിന്റെ നിയന്ത്രണം മുഴുവനായി ഏറ്റെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധ്യമല്ല. പ്രൂഫ് ഓഫ് സ്റ്റേക്കില്‍ എത്തുമ്പോള്‍ ഇത്തരക്കാര്‍ക്ക് നിയന്ത്രണം ഏറ്റെടുക്കാന്‍ സ്‌റ്റേക്ക് ചെയ്ത എഥറിയത്തിന്റെ 51 ശതമാനവും സ്വന്തമാക്കേണ്ടിവരും.
എഥറിയത്തിന്റെ വില ഉയരുമോ ?
മെര്‍ജിന് ശേഷം എഥറിയത്തിന്റെ വില ഉയരുമോ എന്നതാണ് നിക്ഷേപകരുടെ ചോദ്യം. ഈ വര്‍ഷം ജനുവരി മുതല്‍ എഥറിയത്തിന്റെ മൂല്യത്തില്‍ 53 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറുന്നതോടെ എഥറിയത്തിന്റെ വില കൂടുമെന്ന് തന്നൊണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. അതിന് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ പലതാണ്. ഊര്‍ജ്ജം ഉപഭോഗം/ കാര്‍ബണ്‍ നിര്‍ഗമനം കുറയുന്നത് വന്‍കിട കമ്പനികളെ എഥറിയം ബ്ലോക്ക്‌ചെയിനില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചേക്കും.
ക്രിപ്‌റ്റോ വില ഇടിഞ്ഞപ്പോള്‍ മൈനിംഗ് ലാഭകരമാക്കാന്‍ ഭൂരിഭാഗം പേരും കൈവശമുണ്ടായിരുന്ന എഥറിയം വിറ്റഴിച്ചിരുന്നു. പ്രൂഫ് ഓഫ് സ്റ്റേക്കിലൂടെ വൈദ്യുതി ഉപഭോഗം കുറയുമ്പോള്‍ വാലിഡേഷന്‍ ലാഭകരം ആവുകയും വില്‍പ്പന കുറയുകയും ചെയ്യും. ഈ രണ്ട് കാരണങ്ങള്‍ എഥറിയത്തിന്റെ വില ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. എഥറിയം മെര്‍ജിന് ശേഷം 2023ല്‍ ആയിരിക്കും sharding എന്ന അപ്‌ഡേറ്റ് വരുക. ഒന്നിലധികം ബ്ലോക്കുകല്‍ നെറ്റ്‌വര്‍ക്കില്‍ സമാന്തരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഷാര്‍ഡിംഗിലൂടെ കഴിയും. ഇത് ഒരു സെക്കന്‍ഡില് എഥറിയം ബ്ലോക്ക് ചെയിനില്‍ നടക്കുന്ന ഇടപാടുകളുടെ എണ്ണം ഒരു ലക്ഷമായി ഉയരും. sharding നെറ്റ്‌വര്‍ക്കിന്റെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കും.