കടക്കെണി: ഇത്തിഹാദ് 38 വിമാനങ്ങള്‍ വിറ്റു

കടക്കെണി: ഇത്തിഹാദ് 38 വിമാനങ്ങള്‍ വിറ്റു
Published on

കടക്കെണിയില്‍ നട്ടം തിരിയുന്ന അബുദബിയുടെ ദേശീയ വിമാനകമ്പനി ഇത്തിഹാദ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ 38 വിമാനങ്ങള്‍ വിറ്റു. ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ കെകെആറിനും ഏവിയേഷന്‍ ഫിനാന്‍സ് കമ്പനിയായ അല്‍തവെയറിനുമാണ്  ഒരു ബില്യണ്‍ ഡോളറിന് ഇത്തിഹാദ് വിമാനങ്ങള്‍ വിറ്റത്. വിറ്റ വിമാനങ്ങളില്‍ ചിലത് തിരികെ പാട്ടത്തിനെടുത്തു സര്‍വീസു നടത്താനും പദ്ധതിയുണ്ട്.

പതിനാറ് ബോയിങ് 777-300 ഇആര്‍എസ് വിമാനങ്ങളും 22 എയര്‍ബസ് എ330 വിമാനങ്ങളും ആണ് വിറ്റത്. എ330 വിമാനങ്ങളടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന എയര്‍ബസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രമേണ ഈ വിമാനങ്ങള്‍ കമ്പനിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഇത്തിഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി 2016 മുതല്‍ വ്യാപകമായ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി കടന്നിരുന്നു.

ഭാവിയിലെ വളര്‍ച്ചാ ആവശ്യകതകളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കമ്പനി സജ്ജമാവുകയാണ് പുതിയ ഇടപാടിലൂടെയെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.നിലനില്‍പ്പിന് ഇത്തിഹാദിനെ സഹായിക്കും ഈ നടപടിയെന്ന് സ്ട്രാറ്റജിക് എയറോ റിസര്‍ച്ചിലെ ചീഫ് അനലിസ്റ്റ് സാജ് അഹ്മദ് അഭിപ്രായപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രദ്ധ ഗുണകരമാകും. 2018 ല്‍ 1.28 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് എയര്‍ലൈന്‍ രേഖപ്പെടുത്തിയത് - തുടര്‍ച്ചയായ മൂന്നാം വര്‍ഷവും.2016ന് ശേഷം ഇതുവരെ 4.75 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഇത്തിഹാദ് ഏറ്റുവാങ്ങി.

പശ്ചിമേഷ്യയില്‍ കമ്പനിയുടെ എതിരാളികളായ എമിറേറ്റ്സുമായും ഖത്തര്‍ എയര്‍വേസുമായും ശക്തമായ മത്സരം കാഴ്ചവെക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും വിമാനക്കമ്പനികളുടെ ഓഹരികള്‍ വാങ്ങിയതിലൂടെ വന്‍ബാധ്യത കമ്പനി വരുത്തിവെച്ചു. 2016ല്‍ 1.95 ബില്യണ്‍ ഡോളറും 2017 ല്‍ 1.52 ബില്യണ്‍ ഡോളറുമായിരുന്നു ഇത്തിഹാദിലെ നഷ്ടം.

വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളും ഇന്ധന വില വര്‍ധിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളുമാണ് നഷ്ടത്തിന് കാരണമായി 2018ല്‍ കമ്പനി വിലയിരുത്തിയത്. ഇക്കാലയളവില്‍ സാരമായ വരുമാനക്കുറവ് കമ്പനിയിലുണ്ടായി. 2017ല്‍ ആറ് ബില്യണ്‍ ഡോളറായിരുന്ന വരുമാനം 2018ല്‍ 5.86 ബില്യണ്‍ ഡോളറായി കുറഞ്ഞു. യാത്രികരുടെ എണ്ണത്തിലുണ്ടായ ഇടിവും കമ്പനിയുടെ വരുമാനത്തെ ബാധിച്ചു.

ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സിന് വെല്ലുവിളി ഉയര്‍ത്തി 2003ലാണ് അബുദാബി ഭരണാധികാരികള്‍ ഇത്തിഹാദിന് തുടക്കം കുറിച്ചത്. എന്നാല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പരാജയപ്പെട്ട കമ്പനി പിന്നീട് എമിറേറ്റ്സുമായി സഹകരിക്കേണ്ട സ്ഥിതിയും വന്നുചേര്‍ന്നിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com