

ഇന്ത്യ താരിഫ് കുറയ്ക്കണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തത്തുല്യ ഇറക്കുമതി ചുങ്കം രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നിലവില്‍ രാജ്യങ്ങള്‍ ഉയര്‍ന്ന താരിഫാണ് ചുമത്തുന്നത് എന്നാണ് ഇതിന് കാരണമായി ട്രംപ് പറഞ്ഞത്.
സമാനമായി ഇന്ത്യ വളരെ ഉയര്‍ന്ന താരിഫാണ് ചുമത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കരുതുന്നു. കാറുകൾ, വൈന്‍, വിസ്കി തുടങ്ങിയവയാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്.ടി.എ) പ്രധാന ഇനങ്ങളുടെ താരിഫ് കുറയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.
ഈ ആഴ്ച അവസാനം യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിന്റെ ഇന്ത്യ സന്ദര്‍ശനം നാളെ തുടങ്ങുകയാണ്. ഫെബ്രുവരി 27-28 തീയതികളിലായി നടക്കുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉർസുല കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യ കാറുകൾക്ക് ഏകദേശം 70 മുതല്‍ 100 ശതമാനം വരെ അടിസ്ഥാന കസ്റ്റംസ് തീരുവയാണ് (BCD) ചുമത്തുന്നത്. അതേസമയം വൈനിനും വിസ്‌കിക്കും കസ്റ്റംസ് തീരുവ 150 ശതമാനം വരെയാണ് ഈടാക്കുന്നത്. ഇതില്‍ ഗണ്യമായ കുറവ് വരുത്തണമെന്നാണ് ഇ.യു ആവശ്യപ്പെടുന്നത്. തീരുവയില്‍ കുറവ് വരുത്തിയാല്‍ ഈ ഇനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്താനുളള സാഹചര്യം ലഭിക്കും. ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിൽ പത്താം റൗണ്ട് ചർച്ചകൾ മാർച്ച് 10 മുതൽ 14 വരെ ബ്രസൽസിലാണ് നടക്കുക.
ഇന്ത്യ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനുളളത്. വ്യാപാരം, സാമ്പത്തിക സുരക്ഷ, പ്രതിരോധം, കൃഷി, ടെക്നോളജി തുടങ്ങിയ മേഖലകളായിരിക്കും പ്രധാനമായും ചര്‍ച്ചയാകുക. ട്രംപിന്റെ താരിഫ് ഭീഷണികളും ചൈനയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിച്ചു വരുന്ന ആഗോള സാഹചര്യത്തില്‍ ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാരം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കൂടുതല്‍ സഹകരണം ഉറപ്പാക്കാണമെന്ന നിലപാടാണ് ഇ.യു വിനുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine