

ഇന്ത്യയിലെ 102 മത്സ്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് കയറ്റുമതിക്ക് അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്‍. ഉയര്‍ന്ന തീരുവമൂലം യുഎസ് വിപണിയിലേക്കുള്ള പ്രവേശനം മുടങ്ങിയ സമുദ്രോത്പന്ന കമ്പനികള്‍ക്കു വലിയ നേട്ടമാകും ഇത്. ഇന്ത്യന്‍ കയറ്റുമതിയുടെ 16 ശതമാനം സമുദ്രോല്‍പന്നങ്ങള്‍ ഈ 102 സ്ഥാപനങ്ങളിലാണു സംസ്‌കരിക്കുന്നത്.
ഈ യൂണിറ്റുകള്‍ യൂറോപ്യന്‍ യൂണിയന്‍ ലിസ്റ്റ് ചെയ്യണമെന്നത് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.
വാര്‍ത്തകള്‍ക്ക് പിന്നാലെ സമുദ്രോത്പന്ന മേഖലയിലുള്ള കമ്പനികളുടെ ഓഹരി വിലകള്‍ 15 ശതമാനം വരെ ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള കിംഗ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ഓഹരി വില 5 ശതമാനത്തിനടുത്ത് ഉയര്‍ന്നു.
ഇന്ത്യയില്‍ നിന്ന് 102 അധിക സമുദ്രോത്പന്ന സംസ്‌കരണ, കയറ്റുമതി യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തെ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ലിമിറ്റഡ് സ്വാഗതം ചെയ്യുന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ആഗോള വിപണികളില്‍ വിശ്വസനീയമായ ഒരു വിതരണക്കാരന്‍ എന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് കിംഗ്‌സ് ഇന്‍ഫ്ര ചെയര്‍മാനും മാനേജിംഗ് ഡയറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ നിര്‍ണായക പ്രവേശന കേന്ദ്രമായ സ്‌പെയിനില്‍ ശക്തമായ സാന്നിധ്യവും പ്രാതിനിധ്യവും ഉള്ളതിനാല്‍, കിംഗ്‌സ് ഇന്‍ഫ്രയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനും യൂറോപ്പിലുടനീളം പങ്കാളിത്തം ശക്തിപ്പെടുത്താനും ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ മറ്റൊരു പ്രമുഖ കമ്പനിയായ അവന്തി ഫീഡ്‌സ് ഓഹരി വില എട്ട് ശതമാനം ഉയര്‍ന്നപ്പോള്‍ അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ് 11 ശതമാനം വാട്ടര്‍ബേസ് കോസ്റ്റല്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ 7 ശതമാനവും ഉയര്‍ന്നു.
അവന്തി ഫുഡ്‌സിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ 17.4 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നായിരുന്നു. അമേരിക്കന്‍ ഇതര വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിച്ചു വരികയാണ് കമ്പനി.
അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സും വരുമാനത്തിന്റെ 39 ശതമാനം യൂറോപ്യന്‍ യൂണിയനില്‍ നിന്നാണ് നേടുന്നത്. യൂറോപ്യന്‍ വിപണിയില്‍ മികച്ച സാന്നിധ്യമുള്ള കോസ്റ്റല്‍ കോര്‍പ്പറേഷന്‍, ഐഎഫ്ബി ആഗ്രോ, വാട്ടര്‍ബേസ് എന്നിവയുടെ ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്.
ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ 20 ശതമാനം വര്‍ധനയ്ക്ക് യൂറോപ്യന്‍ യൂണിയനിന്റെ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നു വരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ചര്‍ച്ചകളിലും ഇത് ഗുണകരമായി ഭവിക്കുമെന്ന് കരുതുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപ് യു.എസിലേക്കുള്ള മത്സ്യകയറ്റുമതിയ്ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചത് ഇന്ത്യന്‍ സമുദ്രോത്പന്നമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യന്‍ കയറ്റുമതിയില്‍ മുഖ്യ പങ്കു വഹിക്കുന്നത് അമേരിക്കന്‍ വിപണിയാണ്.
ഇതിനിടെ, ഇന്ത്യയും യുഎസും വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്നും തന്റെ 'നല്ല സുഹൃത്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയതും ഈ മേഖലയില്‍ ആശ്വാസം പകരുന്നുണ്ട്.
2024-25 ല്‍ ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ആകെ 4.88 ബില്യണ്‍ ഡോളറായിരുന്നു, ഇത് മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ 66% വരും.
EU Nod for 102 Indian Seafood Units Sends Avanti Feeds, Apex Frozen Foods Soaring up to 15%
Read DhanamOnline in English
Subscribe to Dhanam Magazine