Begin typing your search above and press return to search.
കടബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് എവര്‍ഗ്രാന്‍ഡെ
ബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലെന്ന് ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെ. കമ്പനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എവര്‍ഗ്രാന്‍ഡെയുടെ ഓഹരികള്‍ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. നിലവില്‍ 12 ശതമാനത്തോളം ഇടിഞ്ഞ് 1.9 ഹോങ്ക്‌കോംഗ് ഡോളറിലാണ്( 9.65 രൂപ) എവര്‍ഗ്രാന്‍ഡെയുടെ ഓഹരികള്‍( 11.22 AM).
കടപത്രങ്ങള്‍ക്കുമേല്‍ കഴിഞ്ഞ നവംബര്‍ ആറിന് നല്‍കേണ്ടിയിരുന്ന 82.5 മില്യണ്‍ ഡോളര്‍ ഡിസംബര്‍ ഇന്ന് നല്‍കാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഈ തുകയുടെ കാര്യത്തിലാണ് എവര്‍ഗ്രാന്‍ഡെ വിശദീകരണം നല്‍കിയത്. കൂടാതെ കടം നല്‍കിയവര്‍ 250 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
പറഞ്ഞ സമയത്തിനുള്ളില്‍ ബാധ്യതകള്‍ തീര്‍ക്കാനായില്ലെങ്കില്‍ അത് എവര്‍ഗ്രാന്‍ഡെയെ മാത്രമല്ല, കടക്കെണിയിലുള്ള മറ്റ് കമ്പനികളെയും ബാധിക്കുമെന്ന് വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. എവര്‍ഗ്രാന്‍ഡെ ഓഹരികളില്‍ നിക്ഷേപിച്ചവരെയാണ് പ്രതിസന്ധി ഗുരുതരമായി ബാധിക്കുകയെന്നും, ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ പണം നല്‍കിയവര്‍ക്ക് നഷ്ടമുണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. ഇത് ചൈനീസ് വിപണിയില്‍ മൂലധന നിക്ഷേപം നടത്താനുള്ള വിദേശികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.
നിലവിലെ സാഹചര്യത്തില്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ സര്‍ക്കാര്‍ ഒരു സംഘത്തെ എവര്‍ഗ്രാന്‍ഡെയിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എവര്‍ഗ്രാന്‍ഡെയുടെ ആസ്ഥാനം ഗ്വാങ്‌ഡോംഗിലാണ്. അതേ സമയം ഏതെങ്കിലും ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ പ്രതിസന്ധികള്‍ വിപണിയെ ബാധിക്കില്ലെന്നും ഭവന വില്‍പ്പന, ഭൂമി വാങ്ങള്‍ തുടങ്ങിയ രാജ്യത്ത് സാധരണ നിലയിലായെന്നും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അറിയിച്ചു. 300 ബില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എവര്‍ഗ്രാന്‍ഡെയ്ക്ക് ഉള്ളത്.
Next Story
Videos