വിമാന കമ്പനികളുടെ അമിത നിരക്ക്: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി തേടി കേരളം

വിമാനയാത്രാ നിരക്ക് മൂന്നിരട്ടിയും അതിലധികവും വര്‍ധിച്ചതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

അനുമതി വേഗത്തില്‍ വേണം

ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരള സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡിഷണല്‍/ചാര്‍ട്ടര്‍ ഫ്ളൈറ്റ് ഓപറേഷനുകള്‍ക്ക് അനുമതി വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മൂന്നിരട്ടിയിലധികം വര്‍ധന

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഫെസ്റ്റിവല്‍ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യര്‍ഥനകളോട് എയര്‍ലൈന്‍ ഓപറേറ്റര്‍മാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അനുമതി നേടിയാല്‍ മാത്രം

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ, വിദേശ/ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപറേറ്റര്‍മാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡിഷണല്‍/ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ. ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കില്‍ അധിക/ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ സര്‍വിസ് നടത്താന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it