കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ചരക്ക് വിമാനം നാളെ

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ എയര്‍ കാര്‍ഗോ സര്‍വീസ് നാളെ വൈകുന്നേരം ഷാര്‍ജയ്ക്ക് പുറപ്പെടും. 18 ടണ്‍ ചരക്ക് വഹിക്കാവുന്ന ബോയിംഗ് 737-700 വിമാനത്തില്‍ പഴം, പച്ചക്കറി, വാഴയില, പൂക്കള്‍ എന്നിവയാണ് കന്നി യാത്രയില്‍ കടല്‍ കടക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ദ്രാവിന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ണൂര്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസാണ് നടത്തുന്നത്. രണ്ടാമത്തെ സര്‍വീസ് ഓഗസ്റ്റ് 18 ന് രാത്രി ഒന്‍പതിന് ദോഹയിലേക്ക് പുറപ്പെടും. ഓണം പ്രമാണിച്ച് ഓഗസ്റ്റ് 23 മുതല്‍ 27 വരെ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും.

നിലവില്‍ യാത്രാവിമാനങ്ങളില്‍ ചരക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പരിമിതി നിലനില്‍ക്കുന്നുണ്ട്. ഈ അവസരം മുന്നില്‍ കണ്ടാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് ദ്രാവിഡന്‍ ഏവിയേഷന്‍ കമ്പനി മാനേജിംഗ് ഡയറക്ട്ര്‍ ഉമേഷ് കാമത്ത് പറഞ്ഞു. ഉത്തര മലബാറിന്റെ ബിസിനസ് വളര്‍ച്ച ലക്ഷ്യം വെച്ചാണ് പുതിയ സേവനം ആരംഭിച്ചത്. കാര്‍ഷിക, വ്യാവസായിക, വാണിജ്യ, മത്സ്യ-ക്ഷീര, പരമ്പരാഗത ഉത്പന്നങ്ങള്‍ കേട് കൂടാതെയും, താമസം വരുത്താതെയും എയര്‍ ഫ്രെയ്റ്റ് സര്‍വീസ് വഴി എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

പാസഞ്ചര്‍ വിമാനങ്ങളില്‍ പരമാവധി 2 ടണ്‍ ചരക്കാണ് കയറ്റാന്‍ സാധിക്കുന്നത്. സാധാരണ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്ക് കയറ്റാന്‍ അനുവദിക്കുന്നത്. ഭാരം വര്‍ധിച്ചാല്‍ ആദ്യം എടുത്ത് മാറ്റുന്നത് കയറ്റുമതി ചെയ്യുന്ന ചരക്ക് ഉത്പന്നങ്ങളാണ്. ഇങ്ങനെ ചരക്ക് നീക്കം അപ്രതീക്ഷിതമായി തടസപ്പെടുന്നതാണ് ലോജിസ്റ്റിക്‌സ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് കാരണം ഫോര്‍വേഡ് ലോജിസ്റ്റിക്‌സ് വഴി സാധനം കയറ്റി വിടാന്‍ ഉത്പാദകര്‍ക്കും, കാര്‍ഗോ ഏജന്റുമാര്‍ക്കും ഭയമാണെന് ഉമേഷ് കാമത്ത് അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it