കളിച്ചാലും ഇല്ലെങ്കിലും കോടികള്‍, ഐപിഎല്ലില്‍ താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഇങ്ങനെയാണ്

ഈ വര്‍ഷത്തെ ഐപിഎല്‍ മാമാങ്കത്തിന് ഏപ്രിലില്‍ കൊടികയറും. ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നതിലുപരി ഒരു നിമിഷം കൊണ്ട് ഒരാളെ കോടീശ്വരനാക്കുന്ന മാജിക്ക് ഇന്ത്യക്കാര്‍ കണ്ടുതുടങ്ങിയത് ഐപിഎല്‍ ലേലങ്ങളിലൂടെയാണ്. ഇത്തവണത്തെ ലേലവും മറിച്ചായില്ല. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 10 കോടിക്ക് സ്വന്തമാക്കിയ ആവേശ് ഖാന്‍ ഉള്‍പ്പടെ പലരും വിസ്മയിപ്പിച്ചു. എംസ് ധോണിയെ 12 കോടിക്ക് നിലനിര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദീപക് ചാഹറിനെ 14 കോടിക്കാണ് ടീമിലെടുത്തത്. ഈ വാര്‍ത്തകളൊക്കെ കേള്‍ക്കുമ്പോള്‍ ഐപിഎല്ലില്‍ ടീമുകള്‍ എങ്ങനെയാണ് താരങ്ങള്‍ക്ക് പണം നല്‍കുക, ഒറ്റയടിക്ക് ഈ തുക മുഴുവന്‍ ലഭിക്കുമോ അങ്ങനെ നിരവധി സംശയങ്ങള്‍ നിങ്ങളുടെ മനസിലുണ്ടാകും.

ഐപിഎല്ലില്‍ എങ്ങനെയാണ് പ്രതിഫലം നല്‍കുന്നത്
എല്ലാ ടീമുകളും അവരുടെ താരങ്ങള്‍ക്ക് പണം ഒരുമിച്ച് നല്‍കുന്ന പതിവ് ഇല്ല. ടീമുകളുടെ സാമ്പത്തിക അടിത്തറയും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമൊക്കെ ആശ്രയിച്ചായിരിക്കും ശമ്പളം നല്‍കുന്നത്. ആദ്യം തന്നെ പകുതി തുക ലഭിക്കുന്നവര്‍ ഉണ്ട്. അതേ പോലെ 15%-65%-20% രീതിയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന ടീമുകളുമുണ്ട്. ഏതായാലും ടൂര്‍ണമെന്റെ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ആദ്യ ഗഡു ലഭിക്കുകയാണ് പതിവ്.
തുടക്ക കാലത്ത് ഐപിഎല്‍ ലേലം യുഎസ് ഡോളറിലായിരുന്നു നടന്നിരുന്നത്. 2012 മുതലാണ് ലേലം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയത്. ലേലത്തില്‍ ഓരോ താരങ്ങള്‍ക്കും ലഭിക്കുന്ന തുക ആ സീസണിലേക്ക് മാത്രമുള്ളതാണ്. ഉദാഹരണത്തിന് ഇത്തവണത്തെ ലേലത്തില്‍ 15.25 കോടിക്കാണ് മൂംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷനെ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തെ കരാര്‍ ആണെങ്കില്‍ താരത്തിന് ആകെ 45.75 കോടി രൂപയാണ് ലഭിക്കുക.
ഒരു സീസണ്‍ മുഴുവനായും ടീമിനൊപ്പം ഉണ്ടെങ്കില്‍, ഒരു കളിപോലും കളിച്ചില്ലെങ്കിലും താരങ്ങള്‍ക്ക് ശമ്പളം പൂര്‍ണമായും ലഭിക്കും. അതേ സമയം പരിക്ക് മൂലം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായില്ലെങ്കില്‍ ടീം മനേജ്‌മെന്റ് താരത്തിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷമാണ് പിന്‍മാറ്റമെങ്കില്‍ പങ്കെടുത്ത മാച്ചുകളുടെ അടിസ്ഥാനത്തിലാകും ശമ്പളം ലഭിക്കുക. പ്രോ-റാറ്റ അടിസ്ഥാനത്തിലാണ് ഈ തുക തീരുമാനിക്കുക. കളിക്കാര്‍ ആവശ്യപ്പെട്ടാല്‍ കോണ്‍ട്രോക്ട് തീരുന്നതിന് മുമ്പ് ടീമില്‍ നിന്ന് മാറാവുന്നതാണ്. അത്തരം സാഹചര്യത്തില്‍ കോണ്‍ട്രോക്ടില്‍ പറയുന്ന മുഴുവന്‍ തുകയും ലഭിക്കും.
വിദേശ താരമാണെങ്കില്‍ ലഭിക്കുന്ന തുകയുടെ 20 ശതമാനം അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കണം. ഏതെങ്കിലും കാരണം കൊണ്ട് ഐപിഎല്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ ഉപേക്ഷിച്ചാലും താരങ്ങള്‍ക്ക് ശമ്പളം പൂര്‍ണമായും ലഭിക്കും. ഐപിഎല്‍ ടീമും ബിസിസിഐയും കളിക്കാരും അടങ്ങിയ ത്രികക്ഷി സംഘമാണ് കരാറുകള്‍ ഒപ്പുവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ടീമുകളില്‍ നിന്ന് കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെങ്കില്‍ പകരം ബിസിസിഐ തുക നല്‍കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ ടീമുകളുടെ സെന്‍ട്രല്‍ റെവന്യൂ പൂളില്‍ നിന്ന് ബിസിസിഐ പണം കണ്ടെത്തുകയാണ് ചെയ്യുക. ടീമുകള്‍ നല്‍കുന്ന പ്രതിഫലം കൂടാതെ ഓരോ കളികളിലെയും പ്രകടനം അനുസരിച്ച് മാന്‍ ഓഫ് ദി മാച്ച് ഉള്‍പ്പടെയുള്ളവയ്ക്ക് ക്യാഷ് പ്രൈസുകളും താരങ്ങള്‍ക്ക് ലഭിക്കും.



Related Articles
Next Story
Videos
Share it