കയറ്റുമതിയില്‍ കുതിപ്പില്ലാതെ കേരളം; ഒഴുക്കിനെതിരെ നീന്തി എറണാകുളം, ഏറ്റവും പിന്നില്‍ കാസര്‍ഗോഡ്

കൊല്ലത്തെ കടത്തിവെട്ടി തിരുവനന്തപുരം; രണ്ടാംസ്ഥാനത്ത് ആലപ്പുഴ
Fishers from Kerala
Image : Canva
Published on

ഇന്ത്യയില്‍ നിന്നുള്ള മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതിയില്‍ ഉണര്‍വ് കൈവരിക്കാനാവാതെ കേരളത്തിന്റെ പങ്കാളിത്തം. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കേരളം സ്വന്തമാക്കിയ കയറ്റുമതി വരുമാനം 20,795.33 കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ (2022-23) സമാനകാലയളവിലെ 20,914.81 കോടി രൂപയേക്കാള്‍ അരശതമാനത്തോളം കുറവാണിത്.

ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതത്തില്‍ വലിയ കുതിപ്പുണ്ടായിട്ടില്ല. 2021-22ല്‍ 1.09 ശതമാനമായിരുന്നു കയറ്റുമതിയില്‍ കേരളത്തിന്റെ പങ്ക്. 2022-23ല്‍ ഇത് 0.97 ശതമാനത്തിലേക്ക് താഴ്ന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ വിഹിതം 1.03 ശതമാനം മാത്രമാണ്.

കിതയ്ക്കുമോ കുതിക്കുമോ?

മെയ്ക്ക് ഇന്‍ കേരള ഉത്പന്നങ്ങളുടെ നിര്‍മ്മാണവും അവയുടെ ആഗോളതല വിപണനവും പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പ് കയറ്റുമതി നയം ആവിഷ്‌കരിക്കുന്നുണ്ട്.

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐ.ടി സേവനങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

2021-22ല്‍ 34,158.08 കോടി രൂപയായിരുന്നു കേരളത്തിന്റെ കയറ്റുമതി വരുമാനം. 2022-23ല്‍ ഇത് 35,116.09 കോടി രൂപയായി. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറിലെ കണക്കെടുത്താല്‍ ശരാശരി പ്രതിമാസ വരുമാനം 2,970.76 കോടി രൂപയാണ്.

ഇതുപ്രകാരമാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നടപ്പുവര്‍ഷവും 35,000 കോടി നിലവാരത്തിലായിരിക്കും കയറ്റുമതി വരുമാനം. മെയ്ക്ക് ഇന്‍ കേരള ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള പുതിയനയം അടുത്ത സാമ്പത്തിക വര്‍ഷത്തോടെയേ കേരളത്തിന് പുത്തനുണര്‍വ് ലഭ്യമാക്കാന്‍ സാധ്യതയുള്ളൂ.

എറണാകുളം കുതിക്കുന്നു

കേരളത്തില്‍ നിന്നുള്ള മൊത്തം കയറ്റുമതിയില്‍ പാതിയിലേറെയും വാണിജ്യതലസ്ഥാനമായ എറണാകുളത്ത് നിന്നാണ്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ 10,924.16 കോടി രൂപയാണ് എറണാകുളത്ത് നിന്നുള്ള കയറ്റുമതി.

3,105.19 കോടി രൂപയുമായി ഏറ്റവും കുഞ്ഞന്‍ ജില്ലയായ ആലപ്പുഴ രണ്ടാംസ്ഥാനം നിലനിറുത്തി. മൂന്നാംസ്ഥാനം 1,222.36 കോടി രൂപയുടെ വരുമാനവുമായി തിരുവനന്തപുരം നേടി.

നടപ്പുവര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ മൂന്നാമതായിരുന്ന കൊല്ലം 1,164.74 കോടി രൂപ വരുമാനവുമായി നാലാമതായി. പാലക്കാട് 972.13 കോടി രൂപ, തൃശൂര്‍ 854.36 കോടി രൂപ, കോഴിക്കോട് 608.20 കോടി രൂപ, കോട്ടയം 542.47 കോടി രൂപ എന്നിങ്ങനെയും വരുമാനം നേടി.

427.47 കോടി രൂപയാണ് വയനാട് കീശയിലാക്കിയത്. 391.78 കോടി രൂപയുമായി മലപ്പുറമാണ് പത്താംസ്ഥാനത്ത്. 324.95 കോടി രൂപയാണ് കണ്ണൂരിന്റെ വരുമാനം. ഇടുക്കി 181.74 കോടി രൂപയും പത്തനംതിട്ട 45.92 കോടി രൂപയും നേടി. കാസര്‍ഗോഡ് ആണ് ഏറ്റവും പിന്നില്‍; വരുമാനം 30.12 കോടി രൂപ മാത്രം.

കേരളത്തിന്റെ ഉത്പന്നങ്ങള്‍

നാഫ്ത, പെട്രോളിയം ഉത്പന്നങ്ങള്‍, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് എറണാകുളം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. വനാമി ചെമ്മീനും സമുദ്രോത്പന്നങ്ങളും കയര്‍-കയറുത്പന്നങ്ങളുമാണ് ആലപ്പുഴയുടെ സംഭാവന. മൂല്യവര്‍ദ്ധിത സ്വര്‍ണം, കോട്ടണ്‍, അരി എന്നിവയാണ് മലപ്പുറത്ത് നിന്നുള്ളത്.

ഇടുക്കിയില്‍ നിന്ന് തേയില, ഏലം, കുരുമുളക് എന്നിവയും കണ്ണൂരില്‍ നിന്ന് കോട്ടണും ലിനനും കശുവണ്ടിയും മൂല്യവര്‍ദ്ധിത സ്വര്‍ണവും കാസര്‍ഗോഡ് നിന്ന് കശുവണ്ടിയും മാമ്പഴവും എ.സി ജനറേറ്ററുകളും കയറ്റി അയക്കുന്നു. ചെമ്മീനും മത്സ്യങ്ങളും കശുവണ്ടിയും ടൈറ്റാനിയം ഡയോക്സൈഡുമാണ് കൊല്ലത്തിന്റെ ഉത്പന്നങ്ങള്‍.

കാപ്പി, മാറ്റുകള്‍, റബറുത്പന്നങ്ങള്‍ എന്നിവ കോട്ടയത്ത് നിന്ന് കയറ്റുമതി ചെയ്യുന്നു. മൂല്യവര്‍ദ്ധിത സ്വര്‍ണം, വാഴപ്പഴം, കോട്ടണ്‍, സ്റ്റീല്‍ എന്നിവയാണ് കോഴിക്കോട്ട് നിന്നുള്ളത്. പാലക്കാട്ട് നിന്ന് അരിയും വനാമി ചെമ്മീനും നാളികേരവും പത്തനംതിട്ടയില്‍ നിന്ന് പച്ചക്കറികളും മെഡിക്കല്‍ ഉപകരണങ്ങളും തിരുവനന്തപുരത്ത് നിന്ന് വാഴപ്പഴവും കരകൗശല വസ്തുക്കളും ഗര്‍ഭനിരോധന ഉറകളും കയറ്റുമതി ചെയ്യുന്നു. മത്സ്യം, അരി, സ്വര്‍ണാഭരണങ്ങള്‍, ടയര്‍ എന്നിവയാണ് തൃശൂരിന്റെ പങ്ക്. വയനാട്ടില്‍ നിന്നുള്ളത് കാപ്പിയും തേയിലയും ബസ്മതി അരിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com