കയറ്റുമതി കുതിക്കുന്നു, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടക്കും

ഇന്ത്യയുടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡില്‍. നടപ്പുസാമ്പത്തിക വര്‍ഷം കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 390 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്നും വാഹന ഘടകങ്ങളുടെ വ്യവസായം (auto components industry) ആദ്യമായി 600 മില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപ വര്‍ഷങ്ങളിലായി ഇന്ത്യയുടെ കയറ്റുമതി രംഗത്ത് വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏതാണ്ട് ഒരു ദശാബ്ദക്കാലമായുള്ള വാര്‍ഷിക ചരക്ക് കയറ്റുമതിയുടെ 250 - 330 ബില്യണ്‍ ഡോളര്‍ എന്ന പരിധിയെയാണ് ഇത് മറികടന്നിരിക്കുന്നത്. അതുപോലെ തന്നെ കയറ്റുമതി രംഗത്തെ നമ്മുടെ ആഗോളതലത്തിലെ വിഹിതവും സര്‍വ്വകാല ഉയരത്തിലെത്തി, രണ്ടുശതമാനം കടന്നു.

നേരത്തെ, ഇന്ത്യക്ക് പങ്കാളിത്തം കുറഞ്ഞ പല മേഖലകളിലെയും കയറ്റുമതിയില്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ് സെക്ടര്‍. ആഗോള ചരക്ക് വ്യാപാരത്തില്‍ മൂല്യം കണക്കാക്കുമ്പോള്‍ ഏറ്റവും വലിയ മേഖലയാണിത്. ഇതുവരെ ഇന്ത്യ ആ രംഗത്ത് ഒന്നുമല്ലായിരുന്നു. എന്നാല്‍ 2021 ല്‍, 16 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഈ രംഗത്ത് നടത്തി. 2018 ലേതിന്റെ ഇരട്ടി. അടുത്ത നാലുവര്‍ഷത്തില്‍ വളരെ ആവേശോജ്ജ്വലമായ ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് രംഗത്തെ കയറ്റുമതി നാലുവര്‍ഷത്തിനുള്ളില്‍ 110 ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം.

ടെക്സ്‌റ്റൈല്‍സ് & അപ്പാരല്‍സ് കയറ്റുമതിയും 2021ല്‍ റെക്കോര്‍ഡ് തലമായ 38 ബില്യണ്‍ ഡോളറില്‍ തൊട്ടു. ഫൈന്‍ കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, സ്പെഷ്യാലിറ്റി കെമിക്കല്‍സ് രംഗങ്ങളിലും കയറ്റുമതി നല്ല രീതിയില്‍ പുരോഗമിക്കുന്നു. പല മേഖലകളിലും, ചൈനയില്‍ നിന്ന് മാനുഫാക്ചറിംഗ് പുറത്തേക്ക് പോവുകയും ഇന്ത്യ ആ രംഗങ്ങളില്‍ വിശ്വസ്തനായ ഒരു ബദല്‍ രാജ്യമായി ഉയര്‍ന്നുവരികയും ചെയ്യുന്നു. പിഎല്‍ഐ പോലുള്ള പദ്ധതികള്‍ കൂടി ഇതിനൊപ്പം ചേരുമ്പോള്‍ നാളുകള്‍ കഴിയുന്തോറും കയറ്റുമതിയില്‍ ഗണ്യമായ സംഭാവന ഇവരില്‍ നിന്നുണ്ടാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it