കയറ്റുമതിയില്‍ കുതിപ്പ്: ഏഴ് ദിവസത്തിനിടെ 52.39 ശതമാനം വളര്‍ച്ച

ജൂണ്‍ മാസത്തെ ആദ്യ ആഴ്ചയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ധന. എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ചയുണ്ടായതിന്റെ ഫലമായാണ് ഇന്ത്യന്‍ കയറ്റുമതി കുത്തനെ ഉയര്‍ന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കയറ്റുമതി ഈ മാസം ആദ്യ ആഴ്ചയില്‍ 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1-7 കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി.

എഞ്ചിനീയറിംഗ് മേഖലയിലെ കയറ്റുമതി 51.7 ശതമാനവും (741.18 മില്യണ്‍ ഡോളര്‍), ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും (297.82 മില്യണ്‍ ഡോളര്‍) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവുമാണ് (530.62 മില്യണ്‍ ഡോളര്‍) ഉയര്‍ന്നത്. അതേസമയം ഇരുമ്പ് അയിര്, എണ്ണ വിത്ത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി ജൂണ്‍ 1-7 കാലയളവില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പെട്രോളിയം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് വസ്തുക്കളുടെയും മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറുമായി.
യുഎസ്, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി ഉയര്‍ന്നു.
കൂടാതെ, ചൈന, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി യഥാക്രമം 90.94 ശതമാനം ഉയര്‍ന്ന് 809.53 മില്യണ്‍ ഡോളറിലും 89.45 ശതമാനം ഉയര്‍ന്ന് 410.65 മില്യണ്‍ ഡോളറിലും 164.55 ശതമാനം ഉയര്‍ന്ന് 400 മില്യണ്‍ ഡോളറിലുമെത്തി. മെയ് മാസത്തില്‍ എഞ്ചിനീയറിംഗ്, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഫലമായി ഇന്ത്യയുടെ കയറ്റുമതി 67.39 ശതമാനം ഉയര്‍ന്ന് 32.21 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.


Related Articles
Next Story
Videos
Share it