മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ഗള്‍ഫ് ബിസിനസിലെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റല്‍. ഭൂരിഭാഗം ഓഹരികളും ദുബായ് ആസ്ഥാനമായ ഫജര്‍ സ്വന്തമാക്കിയേക്കുമെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
യു.എ.ഇ ആസ്ഥാനമായുള്ള ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ മുംബൈയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ്. ഗള്‍ഫ് ബിസിനസിലെ 50 ശതമാനത്തിലേറെ ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രൂപ്പ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇരു സ്ഥാപനങ്ങളും പുതിയ നീക്കത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മറ്റ് നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തിനും ഫജര്‍ രൂപം കൊടുത്തിട്ടുണ്ട്.
ഗള്‍ഫ് ബിസിനസ്
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ നിലവിലെ വിപണി മൂല്യം 15,000 കോടിരൂപയാണ്. കമ്പനിയുടെ വരുമാനത്തിന്റെ 75 ശതമാനവും ഗള്‍ഫ് ബിസിനസില്‍ നിന്നാണ്. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ വരുമാനം 11,933 കോടി രൂപയാണ്. ഇതില്‍ 8,950 കോടി രൂപയും ഗള്‍ഫ് ബിസിനസില്‍ നിന്നുള്ളതാണ്.
യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റിന്‍, ജോര്‍ദാന്‍ എന്നിങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലുടനീളമായി 15 ആശുപത്രികളും 115 ക്ലിനിക്കുകളും 264 ഫാര്‍മസികളും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിനുണ്ട്.
ഈ വര്‍ഷം ഓഹരിയില്‍ 38% ഉയര്‍ച്ച
നിലവില്‍ 41.88 ശതമാനം ഓഹരികളാണ് ഡോ.ആസാദ് മൂപ്പന്റെ കുടുംബത്തിന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിലുള്ളത്. ഇന്നലത്തെ ഓഹരി ക്ലോസിംഗ് അനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 15,737 കോടി രൂപയാണ്. ആസ്റ്ററിന്റെ ഓഹരി വില ഈ വര്‍ഷം ഇതു വരെ 38.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ന് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 314 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ഓഹരി വില 16 ശതമാനം ഉയര്‍ന്നിരുന്നു.
ആസ്റ്ററിന്റെ ഇന്ത്യന്‍ ബിസിനസിലെ 30 ശതമാനം ഓഹരികള്‍ 30 കോടി ഡോളറിന് (ഏകദേശം 2,400 കോടി രൂപ)വില്‍ക്കാന്‍ ശ്രമം നടക്കുന്നതായും റോയിട്ടേഴ്‌സ് ഇക്കഴിഞ്ഞ മേയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.