ഓണാഘോഷം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റിന് പൊന്നും വില
ഓണമെത്തിയതോടെ പതിവ് പോലെ യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍. ഓണാഘോഷം കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശങ്കയായിരിക്കുകയാണ് അമിതമായ വിമാന ടിക്കറ്റ് നിരക്ക്. പല ഗള്‍ഫ് രാജ്യങ്ങളിലും സ്‌കൂളുകള്‍ അടുത്ത മാസം പുനരാരംഭിക്കാനിരിക്കേ ഓണാഘോഷം കഴിഞ്ഞ് ലക്ഷക്കണക്കിന് രൂപ നല്‍കി മടങ്ങിപ്പോകേണ്ട സ്ഥിതിയാണ് പ്രവാസി കുടുംബങ്ങള്‍ക്കുള്ളത്.
42,000 മുതല്‍ 75,000 രൂപ വരെ
കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓണമെത്തിയതോടെ ഒരാള്‍ക്ക് 42,000 (നോൺ സ്റ്റോപ്പ് ഫ്ലൈറ്റ്) മുതല്‍ 75,000 രൂപ വരെയാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാ ചെലവ് മുംബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ രണ്ടിരട്ടിയാണ്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് ഇങ്ങനെ ഉയര്‍ന്ന നില്‍ക്കുമ്പേഴും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്ര 10,000 രൂപയ്ക്ക് വിമാന കമ്പനികള്‍ ലഭ്യമാക്കുന്നുണ്ട്.
മടങ്ങി പോകുന്നവര്‍ക്ക് ആശങ്ക
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധി മുതല്‍ ഓണം വരെയുള്ള സമയം. ഇതെല്ലാം കഴിഞ്ഞ് സെപ്തംബറോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ ഉയര്‍ന്ന വിമാന നിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
പല അന്താരാഷ്ട്ര സര്‍വകലാശാലകളിലും ക്ലാസുകള്‍ തുടങ്ങുന്ന സമയം കൂടിയാണ് ഓഗസ്റ്റ്- സെപ്തംബര്‍ മാസങ്ങള്‍. ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന്‍ ഫ്‌ലൈറ്റ് എടുക്കുന്ന നിരവധി വിദ്യാര്‍ത്ഥികളിലും അമിതമായ വിമാന ടിക്കറ്റ് നിരക്ക് ആശങ്കയുണ്ടാക്കുന്നതായി കൊച്ചിയിലെ റിയാ ട്രാവലിന്റെ സീനിയര്‍ മാനേജറായ വിജിത ഗ്രാന്‍ഡ്‌സണ്‍ പറഞ്ഞു.