ഐഐറ്റി പ്ലേസ്‌മെന്റുകളില്‍ ഇത്തവണ കോടികളുടെ കിലുക്കമുണ്ടായേക്കില്ല
കോവിഡ് വ്യാപനം ഐഐറ്റി വിദ്യാര്‍ത്ഥികളുടെ മികച്ച ജോലിയെന്ന പ്രതീക്ഷകള്‍ക്കും വിഘാതമാകുന്നു. കഴിഞ്ഞ തവണ വമ്പന്‍ പാക്കേജുകളുമായി ഇന്ത്യന്‍ ഐഐറ്റി കാമ്പസുകളിലെത്തിയ മൈക്രോസോഫ്റ്റും ഊബറും സെയ്ല്‍സ്‌ഫോഴ്‌സുമൊന്നും ഇതു വരെയും പ്ലേസ്‌മെന്റിന് എത്തുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഐഐറ്റികളിലെ അന്തിമ പ്ലേസ്‌മെന്റ് അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുകയാണ്. ഇതാദ്യമായി ഇതു സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും വെര്‍ച്വലായാണ് നടക്കുക. ഖരക്പൂര്‍, കാണ്‍പൂര്‍, റൂര്‍ക്കീ, മദ്രാസ്, ബോംബെ, ബിഎച്ച്‌യു ഐഐറ്റികളിലൊന്നും യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിലവസരങ്ങളൊന്നും ഇതു വരെയും എത്തിയിട്ടില്ലെന്നാണ് അതാത് പ്ലേസ്‌മെന്റ് വിഭാഗങ്ങള്‍ വെളിപ്പെടുത്തുന്നത്. ചിലപ്പോള്‍ പ്ലേസ്‌മെന്റിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ പരിശീലനം നല്‍കുകയും കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് വിദേശത്തേക്ക് കൊണ്ടു പോകുകയും ചെയ്‌തേക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രകളടക്കം പ്രതിസന്ധിയിലായതാണ് കമ്പനികളെ പിന്നോട്ട് വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തേക്കുള്ള ജോലിക്കായി നിലവില്‍ ആരെയും പരിഗണിക്കില്ലെങ്കിലും മൈക്രോസോഫ്റ്റ്, ഊബര്‍, ബിഎന്‍വൈ മെലണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ കാംപസ് പ്ലേസ്‌മെന്റ് പ്രക്രിയയുടെ ഭാഗമാകുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം വന്‍കിട കമ്പനികള്‍ പ്ലേസ്‌മെന്റില്‍ പങ്കെടുക്കുകയും കോടികളുടെ പാക്കേജ് നല്‍കുകയും ചെയ്തിരുന്നു. പ്ലേസ്‌മെന്റ് സീസണിന്റെ ആദ്യഘട്ടത്തില്‍ തന്നെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും രാജ്യാന്തരതലത്തിലേക്കുള്ള ഓഫറുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
അതേസമയം ചില കമ്പനികള്‍ രാജ്യാന്തരതലത്തിലേക്ക് ഇത്തവണയും ആളുകളെ തേടിയെത്തുമെന്ന പ്രതീക്ഷയും ഐഐറ്റികള്‍ പുലര്‍ത്തുന്നുണ്ട്. കൊഹിസിറ്റി, ആക്‌സഞ്ചര്‍ ജപ്പാന്‍, തായ്‌വാന്‍ സെമി കണ്ടക്ടര്‍ കമ്പനി, ഡൈനാമിക് ടെക്‌നോളജീസ് ലാബ് തുടങ്ങിയ കമ്പനികളിലാണ് ഇവരുടെ പ്രതീക്ഷ.