ഇന്ത്യന്‍ ഐടി രംഗത്ത് തളര്‍ച്ച, കാരണങ്ങള്‍ ഇവയാണ്, ഇടപെടല്‍ അനിവാര്യം

2027 വരെയെങ്കിലും ഐടി രംഗത്തിന്റെ മോശം കാലം തുടര്‍ന്നേക്കും
it industry
Image courtesy: Canva
Published on

ഇന്ത്യന്‍ ഐടി കമ്പനികള്‍ തളര്‍ച്ചയില്‍ നിന്ന് അതിവേഗം കരകയറുമോ? സാധ്യത കുറവാണെന്നാണ് ഈ രംഗത്തെ വക്താക്കളുടെ നിഗമനം. 2026 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇടപാടുകാരില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയേക്കുമെങ്കിലും വരും വര്‍ഷങ്ങളിലെ വളര്‍ച്ചാ സാധ്യതയില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചുങ്കപ്പോരും നാണ്യപ്പെരുപ്പവുമാണ് ഇതിന് പ്രധാന കാരണം. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകളും ഇന്ത്യന്‍ ഐടി ബിസിനസുകളെ സ്വാധീനിക്കുന്നുണ്ടെന്ന് ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ചെയര്‍മാന്‍ അശോക് സൂത്ത അഭിപ്രായപ്പെടുന്നു. ''യുഎസില്‍ മാന്ദ്യമോ, സാമ്പത്തിക തളര്‍ച്ചയോ വിപണി പ്രവചിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ ഐടി വ്യവസായ മേഖലയില്‍ ആശങ്കയുടെ കാര്‍മേഘമായി നിലനില്‍ക്കുന്നു,'' അദ്ദേഹം പറയുന്നു.

പൂര്‍ണവളര്‍ച്ച പ്രതീക്ഷിക്കുന്നില്ല

ഐടി ഇടപാടുകാരുടെ ബജറ്റുകള്‍ അധികം വൈകാതെ തീരുമാനിക്കപ്പെടുന്ന സമയത്ത്, എന്ത് തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് അനാവരണം ചെയ്യപ്പെടുകയെന്ന ആശങ്കയും കമ്പനികള്‍ക്കുണ്ട്. മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായാല്‍ ഐടി മേഖലയിലെ ഇടപാടുകാര്‍ ചെലവുകള്‍ വീണ്ടും കുറച്ചേക്കും. അത് തീര്‍ച്ചയായും ഐടി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. 2027 സാമ്പത്തിക വര്‍ഷം വരെ പൂര്‍ണതോതിലുള്ള വളര്‍ച്ച പല നിരീക്ഷകരും പ്രതീക്ഷിക്കുന്നില്ല.

അടുത്തിടെ ഐടി സേവനരംഗത്തെ ലോകത്തിലെ വലിയ കമ്പനികളിലൊന്നായ ആക്സഞ്ചര്‍ ചെലവുകളില്‍ കുറവും മരവിച്ച് നില്‍ക്കുന്ന ഐടി ബജറ്റും വരാനിടയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. യുഎസ് സാമ്പത്തിക മാന്ദ്യ ഭീഷണിയും ഈ രംഗത്ത് അസ്ഥിരത വളര്‍ത്തിയിട്ടുണ്ട്. ഐടി രംഗത്തെ വമ്പന്മാര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും പുതിയ ഐടി ബിരുദധാരികള്‍ക്കും ഇതൊരു നല്ല വാര്‍ത്തയല്ല.

ഇടപെടല്‍ അനിവാര്യം

ഇന്ത്യയിലെ പുതിയ ഐടി കമ്പനികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ഇതില്‍ ഏതാണ്ട് 90 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 16,388 ഐടി കമ്പനികള്‍ പുതുതായി ആരംഭിച്ചെങ്കില്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി തുടങ്ങിയിരിക്കുന്നത് വെറും 2,419 കമ്പനികള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഒരിക്കല്‍ കുതിച്ചുപാഞ്ഞ ഐടി രംഗം നിലനില്‍ക്കാനും വളരാനും അടിയന്തിരമായ ഇടപെടല്‍ അനിവാര്യമാണ്.

(Originally published in Dhanam Magazine 1 april 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com