എങ്ങോട്ടാണ് പൊന്നേ... ഇടി‌ഞ്ഞിടിഞ്ഞ് സ്വർണ വില എങ്ങോട്ട്?​

ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. കേരളത്തില്‍ ഇന്നും പവന് 320 രൂപ താഴ്ന്ന് 43,280 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 40 രൂപ ഇടിഞ്ഞ് വില 5,410 രൂപ. തുടര്‍ച്ചയായ നാലാംദിവസമാണ് വിലയിടിഞ്ഞത്. നാല് ദിവസത്തിനിടെ പവന് 800 രൂപ കുറഞ്ഞു; ഗ്രാമിന് 100 രൂപയും.

കഴിഞ്ഞ മാര്‍ച്ച് 9ലെ പവന്‍ വിലയായ 40,720 രൂപയാണ് ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന വില. അന്ന് ഗ്രാമിന് 5,090 രൂപയായിരുന്നു. കഴിഞ്ഞമാസം (മേയ്) അഞ്ചിനാണ് സ്വര്‍ണ വില എക്കാലത്തെയും ഉയരം തൊട്ടത്. അന്ന് പവന്‍വില 45,760 രൂപയിലേക്കും ഗ്രാം വില 5,720 രൂപയിലേക്കും കുതിച്ചുകയറുകയായിരുന്നു.
ആഗോള ഓഹരി വിപണികളിലെ തളര്‍ച്ച, പണപ്പെരുപ്പം, ഉയര്‍ന്ന പലിശഭാരം തുടങ്ങിയ പ്രതിസന്ധികള്‍ മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കിയതാണ് വിലക്കുതിപ്പുണ്ടാക്കിയത്. റെക്കോഡില്‍ നിന്ന് ഇതിനകം പവന്‍ വിലയിലുണ്ടായ ഇടിവ് 2,480 രൂപയാണ്. ഗ്രാമിന് 310 രൂപയും കുറഞ്ഞു.
എന്തുകൊണ്ട് ഇപ്പോള്‍ വിലകുറഞ്ഞു?
മേയില്‍ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,052.36 ഡോളറിലേക്ക് കുതിച്ചുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വിലയും മുന്നേറിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമൂലം ഇറക്കുമതിച്ചെലവ് ഏറിയതും വില വര്‍ദ്ധനയ്ക്ക് വഴിയൊരുക്കി.
നിലവില്‍, ആഗോളതലത്തില്‍ ഓഹരി വിപണികള്‍ തളര്‍ന്നിട്ടും എന്തുകൊണ്ടാണ് സ്വര്‍ണ വില കയറാത്തത്? അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഇനിയും പലിശ നിരക്ക് കുറഞ്ഞത് രണ്ട് തവണയെങ്കിലും കൂട്ടിയേക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതാണ് പ്രധാനമായും സ്വര്‍ണവിലയെ തളര്‍ത്തുന്നത്.
ഡോളറിന്റെ മൂല്യമേറുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള ചെലവേറും. ഫലത്തില്‍ ഡിമാന്‍ഡ് കുറയും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ (ഗോള്‍ഡ് ഇ.ടി.എഫ്) എസ്.പി.ഡി.ആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം കഴിഞ്ഞവാരം 2.6 ടണ്ണിടിഞ്ഞ് 929.7 ടണ്ണായത് ഇതിനുദാഹരണമാണ്. ചൈനയടക്കം ഒട്ടേറെ മുന്‍നിര രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നതും ഡിമാന്‍ഡിനെ ബാധിച്ചു. പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകളും സാമ്പത്തികഞെരുക്കം നേരിടുന്നുണ്ടെന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നു.
വില ഇനിയെങ്ങോട്ട്?
സ്വര്‍ണ വില ഇനിയും തുടര്‍ച്ചയായി ഇടിയാനുള്ള സാദ്ധ്യത നിരീക്ഷകരോ സാമ്പത്തിക വിദഗ്ദ്ധരോ കല്‍പ്പിക്കുന്നില്ല. ഏതാനും ദിവസങ്ങള്‍ കൂടി കയറ്റിറക്കം ഉണ്ടായേക്കും. സാങ്കേതികമായ തിരുത്തലിനാണ് സ്വര്‍ണവില ഇപ്പോള്‍ സാക്ഷിയാകുന്നതെന്നും വൈകാതെ പടിപടിയായി വില ഉയര്‍ന്നേക്കുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറയുന്നു.
സ്വര്‍ണവില കേവലം വില മാത്രം!
പവന് ഇന്ന് (ജൂണ്‍ 23) വില 43,280 രൂപയാണ്. ഇത് വിപണി വില മാത്രമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ വില പോര. വിപണി വിലയുടെ മൂന്ന് ശതമാനം ജി.എസ്.ടി., ആഭരണ ഹോള്‍മാര്‍ക്കിംഗിന്റെ ഫീസായ 45 രൂപ, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോഴേ വാങ്ങല്‍ വിലയാകൂ.
അതായത്, ഇന്നത്തെ വില പരിഗണിച്ചാല്‍ കുറഞ്ഞത് 46,850 രൂപയെങ്കിലും നല്‍കിയാലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. മേയ് അഞ്ചിന് പവന് 45,760 രൂപയായിരുന്നപ്പോള്‍, ഒരു പവന്‍ ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ വാങ്ങല്‍വില 49,540 രൂപയായിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it