രാസവള വ്യവസായം പ്രതിസന്ധിയിലേക്ക്, ജി എസ് എഫ് സി 3 യൂണിറ്റുകൾ അടച്ചു

അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം മൂലം ഇന്ത്യയിലെ രാസ വള നിർമാതാക്കൾ പ്രതിസന്ധിയിലേക്ക് കടക്കുന്നു. റഷ്യ-യു ക്രയ്ൻ യുദ്ധം തുടരുന്നതിനാൽ ഫോസ്ഫോറിക്ക് ആസിഡ്, റോക്ക് ഫോസ്‌ഫേറ്റ്, അമോണിയ എന്നിവയുടെ ലഭ്യത കുറഞ്ഞത് യൂറിയ അല്ലാത്ത വളങ്ങളുടെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പൊതുമേഖല സ്ഥാപനമായ ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻറ് കെമിക്കൽസ് പ്രധാനപ്പെട്ട വളമായി ഡൈ അമോണിയം ഫോസ്‌ഫേറ്റ് ഉൽപാദിപ്പിക്കുന്ന മൂന്ന് യൂണിറ്റുകൾ കഴിഞ്ഞ 3 മാസമായി അടച്ചിട്ടിരിക്കുക യാണ്. രാസവളങ്ങൾ നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും റഷ്യ, യുക്രയ്ൻ, ബെലാറൂസ് എന്നി രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ 100 ശതമാനത്തിൽ അധികം വർധനവാണ് കഴിഞ്ഞ ഒരു വർഷത്തിൽ ഉണ്ടായത് നമ്മുടെ രാജ്യത്ത് ഒരു വര്ഷം ഡി എ പി 10 ദശലക്ഷം ടൺ വരെ ആവശ്യമുണ്ട്. ഒരു ലക്ഷം ടൺ വരെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, സൾഫർ എന്നിവയും ചെലവാകുന്നുണ്ട്.
കൃഷിക്കായി ഒരു വർഷം വേണ്ടത് 35 ദശലക്ഷം ടണ്ണാണ് അതിൽ 25 ടൺ വരെ ആഭ്യന്തര ഉൽപാദനം വഴി കണ്ടെത്താൻ കഴിയുന്നുണ്ട്. എന്നാൽ മറ്റ് വളങ്ങളൾ ഇറക്കുമതി ചെയ്യുകയോ, അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. വർദ്ധിച്ച ഉൽപാദന ചെലവും, രാസ വളങ്ങളുടെ ഇറക്കുമതി വിലയും കേന്ദ്ര സർക്കാരിന്റെ രാസ വള സബ്‌സിഡി 2022 -23 ൽ കുത്തനെ ഉയർത്തുമെന്ന്, ക്രിസിൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. ബജറ്റിൽ നീക്കിവച്ചിരിക്കുന്ന 1.05 ലക്ഷം കോടി രൂപയിൽ നിന്ന് യഥാർത്ഥ ചെലവ് 1.65 ലക്ഷം കോടിയാകുമെന്ന് കരുതുന്നു. രാസ വളങ്ങളുടെ ഡിമാൻഡ് 3 ശതമാനം വർധിക്കുകയും അസംസ്‌കൃത വസ്തുക്കളുടെ വില താഴാതെയും വന്നാൽ സബ്‌സിഡി ചെലവ് 1.9 ലക്ഷം കോടി രൂപയായി ഉയരും.
രാസവള ഉൽപാദകർ വിലകൾ വർധിപ്പിച്ചെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്ന പശ്ചാത്തലത്തിൽ പിടിച്ച് നിൽക്കാൻ പ്രയാസപ്പെടുന്നതായി, ക്രിസിൽ റേറ്റിംഗ്‌സ് റിപ്പോർട്ടിൽ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it