സ്വര്‍ണ ഇറക്കുമതിക്ക് തടയിടാന്‍ വീണ്ടും കേന്ദ്രം? ബാങ്കുകളിലെ ഗോള്‍ഡ് ലോണ്‍ കണക്കുകള്‍ ധനമന്ത്രാലയം പരിശോധിക്കും, കര്‍ശന നിയന്ത്രണത്തിലേക്ക്‌ വിരല്‍ ചൂണ്ടി പുതിയ നീക്കങ്ങള്‍

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാന്‍ കര്‍ശന നടപടികളിലേക്ക് ധനമന്ത്രാലയവും റവന്യൂ ഇന്റലിജന്‍സും നീങ്ങുന്നതായി സൂചന
gold bar
Image courtesy: Canva
Published on

രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളോട് ഗോള്‍ഡ് മെറ്റല്‍ ലോണുകളുടെ (GML) വിശദമായ വിവരങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം. ജുവലറികള്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും ബാങ്കുകള്‍ നല്‍കുന്ന ഈ വായ്പ സംവിധാനത്തില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വരും ദിവസങ്ങളില്‍ സ്വര്‍ണ വിപണിയില്‍ വലിയ തോതിലുള്ള നിയന്ത്രണങ്ങളും നയപരമായ മാറ്റങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

2023 മുതലുള്ള സ്വര്‍ണവുമായി ബന്ധപ്പെട്ട വായ്പാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാങ്കുകള്‍ ജുവല്‍റികള്‍ക്ക് അനുവദിച്ച ഗോള്‍ഡ് മെറ്റല്‍ ലോണുകളുടെ അളവ്, വായ്പ കാലാവധി, പലിശ നിരക്കുകള്‍, നിലവില്‍ ഈ ഇനത്തിലുള്ള കുടിശിക എന്നിവയുടെ കൃത്യമായ കണക്കുകളാണ് ധനമന്ത്രാലയം തേടിയത്. തിങ്കളാഴ്ചയ്ക്കകം വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നത്.

സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നതിലും കറന്റ് അക്കൗണ്ട് കമ്മിയിലെ സമ്മര്‍ദ്ദത്തിലും ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍ ഇറക്കുമതി തീരുവ 15% ആയി ഉയര്‍ത്തുകയും വെള്ളി ഇറക്കുമതിയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ഈ നീക്കം. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ പരിശോധിച്ച ശേഷം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI), കസ്റ്റംസ് എന്നിവരുമായി ചേര്‍ന്ന് പുതിയ മാര്‍ഗരേഖ മന്ത്രാലയം പുറത്തിറക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ്‌ ഗോള്‍ഡ് മെറ്റല്‍ ലോണുകള്‍?

അന്താരാഷ്ട്ര ബുള്ളിയന്‍ ബാങ്കുകളില്‍ നിന്ന് സ്വര്‍ണം വായ്പയായി വാങ്ങാനും അത് ജുവല്‍റികള്‍ക്കും കയറ്റുമതിക്കാര്‍ക്കും വായ്പയായി നല്‍കാനും ഗോള്‍ഡ് മെറ്റല്‍ ലോണുകള്‍ ബാങ്കുകളെ അനുവദിക്കുന്നു. 1998-ല്‍ അവതരിപ്പിച്ച ഈ സംവിധാനം, ഉടനടി പണം നല്‍കി വാങ്ങാതെ തന്നെ സ്വര്‍ണം കൈക്കലാക്കാന്‍ ജുവല്‍റികളെ പ്രാപ്തമാക്കുകയും അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ (working capital requirements) കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് തൊട്ടുമുമ്പ് തന്നെ, നടപ്പ് വര്‍ഷത്തെ ജി.എം.എല്‍ ബാധ്യതകള്‍ എത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറയാത്ത സ്വര്‍ണക്കമ്പം

മേയ് മാസത്തില്‍ ഭൗതിക സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും, തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ (FY26) ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് തുകയായ 71.9 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഉയര്‍ന്ന വില കാരണം ഇറക്കുമതി ചെയ്ത അളവ് 721 ടണ്ണായി കുറഞ്ഞിരുന്നു.

അടുത്ത കാലത്തായി രാജ്യത്തേക്ക്, പ്രത്യേകിച്ച് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കള്ളക്കടത്ത് വലിയ തോതില്‍ വര്‍ധിച്ചതായി റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഔദ്യോഗികമായി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ നികുതി വെട്ടിപ്പും നടക്കുന്നുണ്ട്. ഗോള്‍ഡ് മെറ്റല്‍ ലോണ്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. വരും ബജറ്റിന് മുന്നോടിയായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്.

സ്വര്‍ണം പണമായി വാങ്ങുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഗാര്‍ഹിക സ്വര്‍ണ ശേഖരം റീസൈക്ലിംഗ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ ഒരു നിശ്ചിത ശതമാനം കയറ്റുമതിക്കാര്‍ക്കായി നിര്‍ബന്ധമായും മാറ്റിവെക്കുക എന്നിവയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് വ്യവസായ മേഖല

ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച സ്വര്‍ണത്തിന്മേലുള്ള അമിത ആശ്രയം കുറയ്ക്കാന്‍ വ്യവസായ ലോകം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ശുദ്ധീകരിച്ച സ്വര്‍ണ്ണം നല്‍കുന്നതിന് പകരം, അശുദ്ധമായ രൂപത്തില്‍ ഇറക്കുമതി ചെയ്യുന്ന 'ഡോര്‍ ഗോള്‍ഡ്' (Dore Gold) ആഭ്യന്തര റിഫൈനറികളില്‍ ശുദ്ധീകരിച്ച് വായ്പയായി നല്‍കാന്‍ ബാങ്കുകളെ അനുവദിക്കുകയാണ് ഇതിലൊന്ന്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ETFs) ഇറക്കുമതി ചെയ്യുന്ന ബുള്ളിയനുകള്‍ക്ക് പകരം ആഭ്യന്തരമായി ശുദ്ധീകരിച്ച ഡോര്‍ ബാറുകള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുറയുമ്പോള്‍ അധികമുള്ള സ്വര്‍ണ സ്റ്റോക്ക് ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത് വഴി രൂപയുടെ മൂല്യമിടിവ് തടയാന്‍ സാധിക്കുമെന്നും വ്യവസായ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com