ബിനാന്‍സ് അടക്കം 9 ക്രിപ്‌റ്റോകമ്പനികളുടെ വെബ്‌സൈറ്റ് പൂട്ടാന്‍ കേന്ദ്രം; നോട്ടീസ് അയച്ചു
ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് ഉള്‍പ്പെടെ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോര്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വി.ഡി.എ) സേവന ദാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ധനമന്ത്രാലയം. ബിനാന്‍സിനൊപ്പം കുക്കോയിന്‍, ഹുവോബി, ക്രാകെന്‍, ഗേറ്റ്.ഐ.ഒ, ബിറ്റ്റെക്സ്, ബിറ്റ്സ്റ്റാമ്പ്, എം.ഇ.എക്സ്.സി ഗ്ലോബല്‍, ബിറ്റ്ഫിനെക്സ് എന്നീ ക്രിപ്റ്റോ കമ്പനികളും ധനമന്ത്രാലയത്തിന്റെ പട്ടികയിലുണ്ട്.
വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും
പണം തിരിമറി തടയല്‍ നിയമ (PMLA) വ്യവസ്ഥകള്‍ പാലിക്കാതെ നിയമവിരുദ്ധമായാണ് ഈ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഈ കമ്പനികളുടെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ധനമന്ത്രാലയം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോട് (Meity) അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥാപനങ്ങളുടെ യു.ആര്‍.എല്ലുകള്‍ (URL) ബ്ലോക്ക് ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യയുടെ (FIU IND) ഡയറക്ടര്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തി പ്രോസസ്സ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും അവ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും വിദേശ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റുകള്‍ക്കും കൈമാറുന്നതിനും ഉത്തരവാദിത്തമുള്ള ദേശീയ ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ. 2002ലെ പണം തിരിമറി തടയല്‍ നിയമത്തിന് കീഴിലെ ആന്റി മണി ലോണ്ടറിംഗ്/കൗണ്ടർ ഫിനാന്‍സിംഗ് ഓഫ് ടെററിസം (AML-CFT) ചട്ടക്കൂടില്‍ 2023 മാര്‍ച്ചില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് സേവന ദാതാക്കളെ ഉള്‍പ്പെടുത്തിയിരുന്നു.